മെസ്സിയെ കൂടുതൽ പരിശോധനകൾക്ക് വിധേയനാക്കും, പിഎസ്ജിക്ക് ആശങ്ക!

കഴിഞ്ഞ ലില്ലിക്കെതിരെയുള്ള മത്സരത്തിൽ പിഎസ്ജി 2-1 ന് വിജയിച്ചിരുന്നുവെങ്കിലും സൂപ്പർ താരം ലയണൽ മെസ്സിക്ക് മുഴുവൻ സമയവും കളിക്കാൻ സാധിച്ചിരുന്നില്ല. പരിക്കിന്റെ ചില പ്രശ്നങ്ങൾ ഉണ്ടായത് കൊണ്ട് താരത്തെ ആദ്യപകുതിക്ക്‌ ശേഷം പരിശീലകൻ പോച്ചെട്ടിനോ പിൻവലിക്കുകയായിരുന്നു. ലെഫ്റ്റ് ഹാംസ്ട്രിങ്ങിനാണ് മെസ്സി അസ്വസ്ഥതകൾ കാണിച്ചു തുടങ്ങിയത്. അത്കൊണ്ട് തന്നെ ഒരു മുൻകരുതൽ എന്ന രൂപേണയാണ് മെസ്സിയെ പിൻവലിച്ചത് എന്നായിരുന്നു പോച്ചെട്ടിനോയുടെ വിശദീകരണം.

എന്നാൽ മെസ്സിയെ പിഎസ്ജി കൂടുതൽ പരിശോധനകൾക്ക് വിധേയനാക്കിയേക്കും എന്നുള്ള റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തേക്ക് വരുന്നത്. മെസ്സിയെ MRI ടെസ്റ്റിന് വിധേയനാക്കുമെന്നാണ് പ്രമുഖ അർജന്റൈൻ മാധ്യമമായ ടിവൈസി റിപ്പോർട്ട്‌ ചെയ്യുന്നത്. മെസ്സിയുടെ പരിക്കിനെ കുറിച്ചുള്ള കൂടുതൽ വ്യക്തമായ വിവരങ്ങൾ അതുവഴി പിഎസ്ജിക്ക്‌ ലഭിച്ചേക്കും.

ലില്ലിക്കെതിരെയുള്ള മത്സരത്തിന് ശേഷം മെസ്സി അടുത്ത മത്സരത്തിന് ഉണ്ടാവുമെന്ന് തന്നെയായിരുന്നു പോച്ചെട്ടിനോ പറഞ്ഞിരുന്നത്. ഏതായാലും പിഎസ്ജി പുറത്ത് വിടുന്ന മെഡിക്കൽ റിപ്പോർട്ടിലാണ് കാര്യങ്ങൾക്ക്‌ കൂടുതൽ വ്യക്തത കൈവരിക. ഇനി ആർബി ലീപ്സിഗിനെയാണ് പിഎസ്ജി ചാമ്പ്യൻസ് ലീഗിൽ നേരിടുക. ആദ്യമത്സരത്തിൽ 3-2 ന് ലീപ്സിഗിനെ പരാജയപ്പെടുത്താൻ പിഎസ്ജിക്ക് കഴിഞ്ഞിരുന്നു.അന്ന് മെസ്സി ഇരട്ട ഗോളുകൾ സ്വന്തമാക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *