മെസ്സിയുടെ പകരക്കാരനെ എത്ര പെട്ടെന്നാണ് ബാഴ്സ കണ്ടെത്തിയത്: പ്രശംസിച്ച് കൊമ്പനി
ഇന്ന് യുവേഫ ചാമ്പ്യൻസ് ലീഗിൽ നടക്കുന്ന മത്സരത്തിൽ കരുത്തരുടെ പോരാട്ടമാണ് ഫുട്ബോൾ ലോകത്തെ കാത്തിരിക്കുന്നത്. ബാഴ്സയും ബയേണും ഒരിക്കൽ കൂടി ഏറ്റുമുട്ടുകയാണ്. ഇന്ന് രാത്രി ഇന്ത്യൻ സമയം 12:30ന് ബാഴ്സയുടെ മൈതാനത്ത് വെച്ചുകൊണ്ടാണ് ഈ മത്സരം നടക്കുക. സമീപകാലത്ത് ബയേണിൽ നിന്നും ഒരുപാട് നാണക്കേടുകൾ ഏറ്റുവാങ്ങേണ്ടി വന്നവരാണ് ബാഴ്സ.അതിന് പ്രതികാരം തീർക്കുക എന്ന ലക്ഷ്യത്തോടുകൂടിയാണ് അവർ ഇന്ന് ഇറങ്ങുന്നത്.
ബാഴ്സക്ക് വേണ്ടി കേവലം 17 വയസ്സ് മാത്രമുള്ള ലാമിൻ യമാൽ ഗംഭീര പ്രകടനമാണ് ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്നത്. 5 ഗോളുകളും ആറ് അസിസ്റ്റുകളും ഈ സീസണിൽ അദ്ദേഹം ബാഴ്സക്ക് വേണ്ടി നേടിക്കഴിഞ്ഞു. ഇപ്പോൾ താരത്തിന്റെ കാര്യത്തിൽ ബാഴ്സയെ പ്രശംസിച്ചിരിക്കുകയാണ് ബയേണിന്റെ പരിശീലകനായ വിൻസെന്റ് കൊമ്പനി. എത്ര പെട്ടെന്നാണ് മെസ്സിയുടെ പകരക്കാരനെ ബാഴ്സ കണ്ടെത്തി കഴിഞ്ഞത് എന്നാണ് അദ്ദേഹം പറഞ്ഞിട്ടുള്ളത്.ബയേൺ പരിശീലകന്റെ വാക്കുകൾ ഇങ്ങനെയാണ്.
” ലയണൽ മെസ്സി പോയതിനുശേഷം അധികം വൈകാതെ തന്നെ ബാഴ്സ യമാലിനെ പോലെയുള്ള ഒരു താരത്തെ കണ്ടെത്തി എന്നത് അസാധാരണമായ കാര്യമാണ്. ഞങ്ങളുടെ ജനറേഷനിലെ ഏറ്റവും പ്രധാനപ്പെട്ട താരങ്ങളിൽ ഒരാളായിരുന്നു മെസ്സി. അദ്ദേഹം ക്ലബ്ബ് വിട്ടതിനുശേഷം അദ്ദേഹത്തിന്റെ പകരക്കാരനാവാൻ കഴിയുന്ന അതുല്യമായ പ്രതിഭയുള്ള ഒരു താരത്തെ കൊണ്ടുവന്നു.ഇതിന്റെ മുഴുവൻ ക്രെഡിറ്റും ലാ മാസിയക്കാണ് നൽകേണ്ടത്. ഈ യുവതാരങ്ങളെ എപ്പോഴും അവർ വിശ്വസിക്കുകയും അവർക്ക് അവസരങ്ങൾ നൽകുകയും ചെയ്യുന്നു.യമാലിനെ തടയുക എന്നതല്ല ഞങ്ങളുടെ ലക്ഷ്യം,മറിച്ച് ബാഴ്സയെ തടയുക എന്നതാണ്. അദ്ദേഹം അസാധാരണമായ ഒരു താരമാണ്. പക്ഷേ ടീമിലാണ് ഞങ്ങൾ ഫോക്കസ് നൽകിയിരിക്കുന്നത് “ഇതാണ് എതിർ പരിശീലകൻ പറഞ്ഞിട്ടുള്ളത്.
ഏതായാലും യമാൽ ഇന്ന് ബയേണിന് വലിയ വെല്ലുവിളി ഉയർത്തും എന്ന കാര്യത്തിൽ സംശയങ്ങൾ ഒന്നുമില്ല.ബാഴ്സയുടെ മുന്നേറ്റ നിര തകർപ്പൻ ഫോമിലാണ് ഇപ്പോൾ കളിച്ചുകൊണ്ടിരിക്കുന്നത്. അതേസമയം ബയേണിന്റെ മുന്നേറ്റ നിരയും നിരവധി ഗോളുകൾ ഈ സീസണിൽ നേടിയിട്ടുണ്ട്.അതുകൊണ്ടുതന്നെ കൂടുതൽ ഗോളുകൾ പിറക്കുന്ന ഒരു മത്സരം കാണാൻ കഴിയും എന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.