മെസ്സിയും ഗോളടിച്ചു, സിറ്റിയോട് ആദ്യമായി വിജയിച്ച് പിഎസ്ജി!
ഇന്നലെ യുവേഫ ചാമ്പ്യൻസ് ലീഗിൽ നടന്ന വമ്പൻമാരുടെ പോരാട്ടത്തിൽ പിഎസ്ജിക്ക് വിജയം. എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് പിഎസ്ജി മാഞ്ചസ്റ്റർ സിറ്റിയെ പരാജയപ്പെടുത്തിയത്. പിഎസ്ജി ജേഴ്സിയിലുള്ള തന്റെ അരങ്ങേറ്റഗോൾ മെസ്സി സിറ്റിക്കെതിരെ സ്വന്തമാക്കുകയായിരുന്നു. ഇദ്രിസ ഗുയെയാണ് പിഎസ്ജിയുടെ ആദ്യ ഗോൾ സ്വന്തമാക്കിയത്. ഇതോടെ മാഞ്ചസ്റ്റർ സിറ്റിക്കെതിരെ ആദ്യമായി വിജയിക്കാൻ പിഎസ്ജിക്ക് സാധിച്ചു. നിലവിൽ നാല് പോയിന്റുള്ള പിഎസ്ജി ഗ്രൂപ്പിൽ ഒന്നാമതും മൂന്ന് പോയിന്റുള്ള സിറ്റി മൂന്നാമതുമാണ്.
And that's the goal we were waiting for… 🤩🤩#LeoMessi scores his first goal for #PSG. How wonderful the goal is! Only #GOAT things. 😎#PSGMCI #Messi pic.twitter.com/5hxJrYXt4c
— Subhrajit Ghosh (@imsubhrajit08) September 29, 2021
മെസ്സി, നെയ്മർ, എംബപ്പേ എന്നിവർ പിഎസ്ജിയുടെ മുന്നേറ്റനിരയിൽ അണിനിരന്നപ്പോൾ ഗ്രീലിഷ്, സ്റ്റെർലിംഗ്, മഹ്റസ് എന്നിവരായിരുന്നു സിറ്റിയുടെ മുന്നേറ്റത്തിൽ. മത്സരത്തിന്റെ എട്ടാം മിനുട്ടിൽ തന്നെ ഗുയെ ഗോൾ കണ്ടെത്തി. ബോക്സിൽ തനിക്ക് ലഭിച്ച പന്ത് ഒരു തകർപ്പൻ ഷോട്ടിലൂടെ താരം വലയിൽ എത്തിക്കുകയായിരുന്നു.പിന്നീട് സിറ്റി സമനില ഗോളിന് വേണ്ടി ശ്രമിച്ചു. എന്നാൽ പിഎസ്ജി ഗോൾ കീപ്പർ ഡോണ്ണാരുമ ഒരു വൻമതിൽ പോലെ ഉറച്ചു നിൽക്കുകയായിരുന്നു. രണ്ടാം പകുതിയിലും സിറ്റി നടത്തിയ ശ്രമങ്ങൾ ഒന്നൊന്നായി ഡോണ്ണാരുമ വിഫലമാക്കി.മത്സരത്തിന്റെ 74-ആം മിനുട്ടിലാണ് മെസ്സി തന്റെ ഗോൾ നേടുന്നത്. മെസ്സി തന്നെ തുടങ്ങി വെച്ച മുന്നേറ്റം എംബപ്പേ മെസ്സിക്ക് തന്നെ നീട്ടുകയായിരുന്നു. മികച്ച രൂപത്തിൽ മെസ്സി അത് ഫിനിഷ് ചെയ്തതോടെ മത്സരത്തിൽ പിഎസ്ജി വിജയം ഉറപ്പിക്കുകയായിരുന്നു.