ബെർണാബു തയ്യാറായിക്കോളൂ,മറ്റൊരു മാന്ത്രിക രാത്രിക്ക് വേണ്ടി പോരാടാനാണ് റയൽ ഒരുങ്ങുന്നത് : ആഞ്ചലോട്ടി
ഇന്നലെ യുവേഫ ചാമ്പ്യൻസ് ലീഗിൽ നടന്ന ആദ്യ പാദ സെമി ഫൈനൽ പോരാട്ടത്തിൽ റയലിനെ പരാജയപ്പെടുത്താൻ മാഞ്ചസ്റ്റർ സിറ്റിക്ക് സാധിച്ചിരുന്നു. സ്വന്തം മൈതാനമായ ഇത്തിഹാദിൽ വെച്ച് നടന്ന മത്സരത്തിൽ മൂന്നിനെതിരെ നാല് ഗോളുകൾക്കാണ് സിറ്റി വിജയം കരസ്ഥമാക്കിയത്.ഇനി സാന്റിയാഗോ ബെർണാബുവിൽ നടക്കുന്ന രണ്ടാം പാദമാണ് മത്സരത്തിന്റെ വിധി നിർണയിക്കുക.
എന്നാൽ റയലിന്റെ പരിശീലകനായ കാർലോ ആഞ്ചലോട്ടി ആത്മവിശ്വാസത്തിലാണ്.സാന്റിയാഗോ ബെർണാബുവിൽ മറ്റൊരു മാന്ത്രിക രാത്രിക്കായി പോരാടാനാണ് റയൽ ഒരുങ്ങുന്നത് എന്നാണ് ആഞ്ചലോട്ടി പറഞ്ഞിട്ടുള്ളത്. മത്സര ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.റയൽ പരിശീലകന്റെ വാക്കുകൾ ഇങ്ങനെയാണ്.
— Murshid Ramankulam (@Mohamme71783726) April 27, 2022
“ഞങ്ങൾ തയ്യാറാവേണ്ടതുണ്ട്,സാന്റിയാഗോ ബെർണാബുവിൽ മറ്റൊരു മാന്ത്രിക രാത്രിക്ക് വേണ്ടി ഞങ്ങൾ പോരടിക്കുക തന്നെ ചെയ്യും. പക്ഷേ മത്സരഫലത്തിൽ ഞാൻ ഒരൽപം നിരാശനാണ്. ആദ്യപകുതിയിൽ ഒട്ടേറെ പിഴവുകൾ വരുത്തിവെച്ചു. കുറച്ചു കൂടി ശ്രദ്ധ കാണിച്ചിരുന്നുവെങ്കിൽ അവർ നേടിയ രണ്ടുഗോളുകൾ ഒഴിവാക്കാമായിരുന്നു.പക്ഷേ അത് സംഭവിച്ചു പോയി, എന്നിരുന്നാലും ഞങ്ങൾ പ്രതികരിച്ചു.അത്കൊണ്ട് തന്നെ രണ്ടാം പാദത്തിൽ ഞങ്ങൾക്ക് സാധ്യതകളുണ്ട്. വളരെ മോശമായി കൊണ്ടാണ് ഞങ്ങൾ മത്സരം ആരംഭിച്ചത്. ഗോളുകൾ വാങ്ങിയാലും തിരിച്ചടിക്കാൻ കെൽപ്പുണ്ട് എന്നുള്ളത് ഒരിക്കൽ കൂടി ഞങ്ങൾ തെളിയിച്ചു. മത്സരത്തിന്റെ അവസാനം വരെ ഞങ്ങൾ പോരാടി.പക്ഷെ ഞങ്ങൾ നല്ല രൂപത്തിൽ പ്രതിരോധിക്കണമായിരുന്നു.ഒരുപാട് അവസരങ്ങൾ ഞങ്ങൾക്ക് ലഭിച്ചിരുന്നു. ഏതായാലും രണ്ടാംപാദത്തിൽ പ്രതിരോധം കൂടുതൽ ശക്തമാക്കണം. അത് വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ് ” ഇതാണ് ആഞ്ചലോട്ടി പറഞ്ഞത്.
അടുത്ത മാസം നാലാം തിയ്യതിയാണ് ഈ മത്സരത്തിന്റെ രണ്ടാംപാദം അരങ്ങേറുക. അതിനുമുമ്പ് സിറ്റിക്ക് ലീഡ്സിനെയും റയലിന് എസ്പനോളിനെയും നേരിടാനുണ്ട്.