ഫിയോറെന്റിന ക്യാപ്റ്റന്റെ തല എറിഞ്ഞു പൊട്ടിച്ചു,ഫൈനലിനിടെ നാടകീയ സംഭവങ്ങൾ!
ഇന്നലെ യുവേഫ യൂറോപ കോൺഫറൻസ് ലീഗിൽ നടന്ന ഫൈനൽ മത്സരത്തിൽ പ്രീമിയർ ലീഗ് ക്ലബ് ആയ വെസ്റ്റ് ഹാം യുണൈറ്റഡും ഫിയോറെന്റിനയും തമ്മിലായിരുന്നു ഏറ്റുമുട്ടിയിരുന്നത്.ഒന്നിനെതിരെ 2 ഗോളുകൾക്ക് ഈ മത്സരത്തിൽ വിജയിക്കാൻ വെസ്റ്റ് ഹാം യുണൈറ്റഡിന് സാധിച്ചിട്ടുണ്ട്. ഒരുപാട് വർഷങ്ങൾക്ക് ശേഷമാണ് ഇപ്പോൾ വെസ്റ്റ് ഹാം ഒരു മേജർ ട്രോഫി സ്വന്തമാക്കുന്നത്. മത്സരത്തിന്റെ രണ്ടാം പകുതിയിലായിരുന്നു ഈ മൂന്നു ഗോളുകളും പിറന്നിരുന്നത്.
എന്നാൽ ഈ മത്സരത്തിനിടെ നാടകീയ സംഭവങ്ങൾ അരങ്ങേറിയിട്ടുണ്ട്. ഇരു ടീമിന്റെയും ആരാധകർ മത്സരത്തിനിടയിൽ വളരെയധികം അക്രമാസക്തരായിരുന്നു. ഇതിന്റെ ഫലമായിക്കൊണ്ട് വെസ്റ്റ് ഹാം ആരാധകർ ഫിയോറെന്റിന ക്യാപ്റ്റന് നേരെ സാധന സാമഗ്രികൾ വലിച്ചെറിഞ്ഞിരുന്നു.ഫിയോറെന്റിന നായകനായ ക്രിസ്റ്റ്യാനോ ബിറാഗി കോർണർ കിക്ക് എടുക്കാൻ വന്ന സമയത്തായിരുന്നു അദ്ദേഹത്തിന് നേരെ വെസ്റ്റ് ഹാം ആരാധകർ കപ്പുകൾ എറിയുകയായിരുന്നു. ഇത് അദ്ദേഹത്തിന്റെ തലയിൽ പതിക്കുകയും തലക്ക് മുറിവേൽക്കുകയും ചെയ്തിട്ടുണ്ട്.
Declan Rice handing the trophy to Mark Noble… 🥺❤️⚒️ pic.twitter.com/1lGYjsQXl7
— Uber West Ham (@UberWestHam) June 7, 2023
പിന്നീട് ചോര ഒലിപ്പിച്ചു കൊണ്ടാണ് അദ്ദേഹത്തിന് കളം വിടേണ്ടി വന്നത്. വെസ്റ്റ് ഹാം യുണൈറ്റഡ് സൂപ്പർതാരങ്ങളായ പക്കേറ്റ,അഗ്വേഡ് എന്നിവരൊക്കെ ഇടപെട്ടുകൊണ്ടാണ് ആരാധകരെ ശാന്തരാക്കിയത്. കൂടാതെ ഇത്തരത്തിലുള്ള സംഭവവികാസങ്ങൾ ആവർത്തിക്കാതിരിക്കാൻ സ്റ്റേഡിയത്തിൽ അനൗൺസ്മെന്റ് നടത്തുകയും ചെയ്തിരുന്നു.തുടർന്നാണ് മത്സരം പുനരാരംഭിച്ചത്.
സ്റ്റേഡിയത്തിന് പുറത്തും ഫിയോറെന്റിന ആരാധകരും വെസ്റ്റ് ഹാം ആരാധകരും തമ്മിൽ ഏറ്റുമുട്ടിയിട്ടുണ്ട്. ബാറിൽ വച്ച് നടന്ന ഏറ്റുമുട്ടലിൽ മൂന്ന് ആരാധകർക്ക് പരിക്കേറ്റ വിവരവും പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ചെക്ക് റിപ്പബ്ലിക്കിലെ പ്രാഗിൽ വച്ചായിരുന്നു ഈ ഫൈനൽ മത്സരം നടന്നിരുന്നത്. കിരീടം നേടാനായത് വെസ്റ്റ് ഹാം യുണൈറ്റഡിന് സന്തോഷം നൽകുന്ന ഒരു കാര്യമാണ്.