പ്ലയെർ ഓഫ് ദി വീക്ക് : നെയ്മറിന് വെല്ലുവിളിയായി ഈ മൂന്ന് താരങ്ങൾ !

അങ്ങനെ ഈ ചാമ്പ്യൻസ് ലീഗിലെ ക്വാർട്ടർ ഫൈനൽ മത്സരങ്ങൾക്ക് ഇന്നലത്തെ മത്സരത്തോട് കൂടി വിരാമമായി ആവേശത്തിന്റെയും അട്ടിമറിയുടെയും നാണംകെടലിന്റെയും ക്വാർട്ടർ ഫൈനലുകളാണ് ഈ ആഴ്ച്ച കടന്നു പോയത്. ആദ്യമത്സരത്തിൽ അറ്റലാന്റക്കെതിരെ വീരോചിത തിരിച്ചു വരവായിരുന്നു പിഎസ്ജിയുടെ ഭാഗത്തു നിന്നുണ്ടായത്. രണ്ടാം മത്സരത്തിൽ അത്ലറ്റികോ മാഡ്രിഡ്‌ ലീപ്സിഗിനോട് അട്ടിമറി തോൽവി വാങ്ങി പുറത്തായി. മൂന്നാം മത്സരത്തിൽ 8-2 ന് ബയേണിനോട് അതിദയനീയമായി ബാഴ്സ പരാജയപ്പെട്ടു. ഇന്നലെ നടന്ന മത്സരത്തിൽ സിറ്റി ലിയോണിനോട് അട്ടിമറി ഏറ്റുവാങ്ങുകയും ചെയ്തു. ചുരുക്കത്തിൽ ലാലിഗയിൽ നിന്നോ പ്രീമിയർ ലീഗിൽ നിന്നോ ഒരു ടീമിന് പോലും ചാമ്പ്യൻസ് ലീഗ് സെമി ഫൈനലിൽ ഇടം നേടാൻ കഴിഞ്ഞില്ല.

മികച്ച വ്യക്തിഗതി പ്രകടനങ്ങൾ തന്നെ കണ്ട ഈ ആഴ്ച്ചയിലെ മത്സരങ്ങളിൽ നാലു പേരാണ് പ്ലയെർ ഓഫ് ദി വീക്ക്‌ സ്ഥാനത്തേക്ക് മത്സരിക്കുന്നത്. സൂപ്പർ താരം നെയ്മർ ജൂനിയറാണ് ആദ്യത്തെ ആൾ. അറ്റലാന്റക്കെതിരെ 16 ഡ്രിബിളിംഗുകൾ ഉൾപ്പടെ മിന്നും പ്രകടനമാണ് താരം പുറത്തെടുത്തത്. രണ്ടാമത്തെ താരം ലീപ്സിഗിന്റെ അപമെക്കാനോയാണ്. രണ്ട് ക്ലിയറൻസുകളും 93% പാസിംഗ് കൃത്യതയുമായി മാഡ്രിഡിനെതിരെ മികച്ചു നിന്ന താരമാണ് അപമെക്കാനോ. മൂന്നാമതായി ലിസ്റ്റിൽ ഉള്ളത് ബയേണിന്റെ തോമസ് മുള്ളറാണ്. ഇരട്ടഗോളുകൾ നേടിയ താരം ബയേണിന്റെ കൂറ്റൻ ജയത്തിൽ നിർണായക പങ്ക് വഹിച്ച താരമാണ്. നാലാമത്തെ താരം ലിയോണിന്റെ മൗസ്സേ ഡെംബലെയാണ്. പകരക്കാരനായി ഇറങ്ങി രണ്ടു ഗോളുകൾ നേടി ലിയോണിനെ വിജയത്തിലേക്ക് നയിച്ചത് ഇദ്ദേഹമായിരുന്നു. ഈ നാല് താരങ്ങളാണ് പ്ലയെർ ഓഫ് ദി വീക്ക് പുരസ്‌കാരത്തിന് വേണ്ടി പോരാടുന്നത്. ആരാധകർക്കും യുവേഫയുടെ വെബ്സൈറ്റിൽ വോട്ട് രേഖപ്പെടുത്താം.

Leave a Reply

Your email address will not be published. Required fields are marked *