പിഎസ്ജി വിടാനുള്ള ഒരു കാരണവും നെയ്മർക്കും എംബപ്പേക്കുമില്ല : ഖലീഫി!

ഇന്നലെ ചാമ്പ്യൻസ് ലീഗിൽ നടന്ന മത്സരത്തിൽ ബയേണിനോട് ഒരു ഗോളിന്റെ പരാജയം രുചിച്ചുവെങ്കിലും പിഎസ്ജി സെമി ഫൈനലിൽ പ്രവേശിച്ചിരുന്നു. ആദ്യപാദത്തിൽ അവരുടെ മൈതാനത്ത് വെച്ച് മൂന്ന് ഗോളുകൾ നേടിയതാണ് പിഎസ്ജിക്ക് തുണയായത്. മത്സരത്തിൽ നെയ്മറും എംബപ്പേയുമൊക്കെ മികച്ച പ്രകടനമാണ് കാഴ്ച്ചവെച്ചതെങ്കിലും ഗോൾ മാത്രം പല കാരണങ്ങളാൽ അകന്നു നിൽക്കുകയായിരുന്നു. ഏതായാലും മത്സരശേഷം തന്റെ ടീമിന്റെ പ്രകടനം സന്തോഷം പ്രകടിപ്പിച്ചിരിക്കുകയാണ് പിഎസ്ജി പ്രസിഡന്റ്‌ നാസർ അൽ ഖലീഫി. തങ്ങളുടെ ലക്ഷ്യം ചാമ്പ്യൻസ് ലീഗ് കിരീടം മാത്രമാണെന്നും ഇദ്ദേഹം പ്രഖ്യാപിച്ചു. കൂടാതെ നെയ്മർ ജൂനിയർ, കിലിയൻ എംബപ്പേ എന്നിവർ ടീം വിടുമെന്ന അഭ്യൂഹങ്ങളോട് പ്രതികരിക്കാനും ഇദ്ദേഹം മറന്നില്ല.നിലവിൽ പിഎസ്ജി വിടാൻ നെയ്മർക്കും എംബപ്പേക്കും ഒരു കാരണവുമില്ല എന്നാണ് ഇദ്ദേഹം പ്രസ്താവിച്ചിട്ടുള്ളത്. അതായത് പിഎസ്ജി തന്നെ ഇപ്പോൾ മികച്ച പ്രകടനമാണ് കാഴ്ച്ചവെക്കുന്നതെന്നും ഇരുവർക്കും ഇനി മറ്റു ക്ലബുകൾ തേടേണ്ട ആവശ്യമില്ല എന്നുമാണ് ഇദ്ദേഹത്തിന്റെ കണ്ടെത്തൽ. ഇന്നലത്തെ മത്സരത്തിന് ശേഷം ആർഎംസി സ്പോർട്ടിനോട് സംസാരിക്കുകയായിരുന്നു ഇദ്ദേഹം.

” ഞങ്ങളുടെ ലക്ഷ്യം എന്നുള്ളത് ഫൈനലിൽ എത്തുകയും കിരീടം നേടുകയുമാണ്.എന്റെ ടീമിൽ എനിക്ക് ആത്മവിശ്വാസമുണ്ട്.ഞങ്ങൾ ബാഴ്‌സയെയും ബയേണിനേയും കീഴടക്കി.അത്‌ തന്നെ വലിയ കാര്യമാണ്. ഈ ടീമിൽ എനിക്ക് അഭിമാനം തോന്നുന്നു.പരിശീലകനും താരങ്ങളും നല്ല രീതിയിൽ കാര്യങ്ങളെ മുന്നോട്ട് കൊണ്ട് പോവുന്നുണ്ട്. ചാമ്പ്യൻസ് ലീഗ് കിരീടവും മറ്റു കിരീടങ്ങളും നേടാൻ ഞങ്ങൾ ഒരുപാട് ഇൻവെസ്റ്റ്‌ ചെയ്തിട്ടുണ്ട്.അതിന്റെ ഫലം ഇപ്പോൾ കാണുന്നുമുണ്ട്. എല്ലാ ടൂർണമെന്റുകളും വിജയിക്കാൻ കെല്പുള്ള ടീമാണ് ഞങ്ങൾ. ചാമ്പ്യൻസ് ലീഗ് ഉൾപ്പടെയുള്ള എല്ലാ കിരീടങ്ങളും നേടാൻ കഴിവുള്ള ഒരു മികച്ച ടീമാണ് ഇന്ന് പിഎസ്ജി. അതിനാൽ തന്നെ നെയ്മർക്കും എംബപ്പേക്കും ഇന്ന് പിഎസ്ജി വിടാനുള്ള ഒരു കാരണവും നിലവിലില്ല ” അൽ ഖലീഫി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *