പിഎസ്ജി, ലിയോൺ എന്നീ ക്ലബുകളുടെ യുസിഎൽ ഭാവിയറിയിച്ച് യുവേഫ
കഴിഞ്ഞ ദിവസം ഫ്രഞ്ച് ലീഗ് ഉപേക്ഷിച്ചു കൊണ്ട് പ്രധാനമന്ത്രിയുടെ ഉത്തരവ് വന്നതോടെ പിഎസ്ജിയും ലിയോണും തങ്ങളുടെ ചാമ്പ്യൻസ് ലീഗ് ഭാവിയെ പറ്റി ആശങ്കാകുലരായിരുന്നു. സെപ്റ്റംബർ ഒന്ന് വരെ രാജ്യത്തെ എല്ലാ സ്പോർട്സ് ഇവെന്റുകളും ഉപേക്ഷിച്ചതോടെ ചാമ്പ്യൻസ് ലീഗ് മത്സരം എവിടെ കളിക്കും എന്ന ആശങ്കയിലായിരുന്നു ഇരുക്ലബുകളും. എന്നാൽ ഭയപ്പെടേണ്ട ആവശ്യകത ഇല്ലെന്നും ഇരുടീമുകൾക്കും ചാമ്പ്യൻസ് ലീഗിൽ കളിക്കാമെന്നും അറിയിച്ച് കൊണ്ട് യുവേഫ രംഗത്ത് വന്നു. യുവേഫയുടെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമായ അർമാണ്ട് ഡുകയാണ് ഇക്കാര്യത്തിൽ യുവേഫയുടെ തീരുമാനം അറിയിച്ചത്. ചാമ്പ്യൻസ് ലീഗിൽ ആരൊക്കെ കളിക്കണം കളിക്കണ്ട എന്നുള്ളത് തങ്ങളുടെ തീരുമാനമാണ് എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന.ഒരു റേഡിയോക്ക് നൽകിയ അഭിമുഖത്തിൽ ആണ് ഇദ്ദേഹം ഇക്കാര്യത്തെ കുറിച്ച് സംസാരിച്ചത്.
” ചാമ്പ്യൻസ് ലീഗ് പൂർത്തിയാക്കുക എന്നുള്ളതാണ് ഇപ്പോൾ ഞങ്ങളുടെ മുൻപിലുള്ള ലക്ഷ്യം. യൂറോപ്പിലുടനീളം അതിനുള്ള മുന്നൊരുക്കങ്ങൾ തുടങ്ങി കഴിഞ്ഞു. പക്ഷെ അത് ഓരോ രാജ്യത്തിന്റെയും സാഹചര്യങ്ങളെ ആശ്രയിച്ചാണിരിക്കുന്നത്. പലരും ലീഗുകൾ ഉപേക്ഷിക്കാൻ തീരുമാനം എടുത്തിട്ടുണ്ട്. എന്നാൽ ചാമ്പ്യൻസ് ലീഗ് എന്ത് ചെയ്യണമെന്നുള്ളത് യുവേഫ തീരുമാനിക്കും. പിഎസ്ജിയും ലിയോണും ചാമ്പ്യൻസ് ലീഗ് കളിക്കും. ഫ്രഞ്ച് ഫെഡറേഷന് അവരുടെ ലീഗിന്റെ കാര്യത്തിൽ മാത്രമേ തീരുമാനമെടുക്കാനുള്ള അധികാരം ഒള്ളൂ. ചാമ്പ്യൻസ് ലീഗിൽ അധികാരമില്ല ” ഡുക പറഞ്ഞു.