നെയ്മർക്ക് ചാമ്പ്യൻസ് ലീഗും ബാലൺ ഡിയോറും നേടാനാവുമെന്ന് കക്ക

ബ്രസീലിയൻ സൂപ്പർ താരം നെയ്മർ ജൂനിയർക്ക് ഈ വർഷത്തെ ചാമ്പ്യൻസ് ലീഗും അതുവഴി ബാലൺ ഡിയോറും നേടാനാവുമെന്ന് പ്രത്യാശ പ്രകടിപ്പിച്ച് മുൻ ബാലൺ ഡിയോർ ജേതാവും ബ്രസീൽ ഇതിഹാസവുമായിരുന്ന കക്ക. കഴിഞ്ഞ ദിവസം ഗ്ലോബോ എസ്‌പോർട്ടക്ക് അനുവദിച്ച അഭിമുഖത്തിനിടെയാണ് നെയ്മർക്ക് ഈ വരുന്ന ബാലൺ ഡിയോർ കരസ്ഥമാക്കാൻ കഴിയുമെന്ന് വിശ്വസിക്കുന്നതായി അദ്ദേഹം പ്രസ്താവിച്ചത്. പിഎസ്ജിക്ക് വേണ്ടി ആദ്യത്തെ ചാമ്പ്യൻസ് ലീഗ് നേടാൻ ഇപ്രാവശ്യം കഴിയുമെന്നും അക്കാരണത്താൽ നെയ്മർക്ക് ബാലൺ ഡിയോർ നേടാമെന്നുമാണ് താൻ കരുതുന്നതെന്നാണ് കക്ക പറഞ്ഞത്.2018-ൽ മോഡ്രിച് ബാലൺ ഡിയോർ നേടുന്നത് വരെ മെസ്സിയെയും ക്രിസ്റ്റ്യാനോയും പിന്തള്ളി ബാലൺ ഡിയോർ നേടിയ താരമെന്ന ഖ്യാതി കക്കക്കായിരുന്നു.നിലവിലെ ഫുട്ബോൾ ലോകത്തെ മികച്ച താരങ്ങളിലൊരാളാണ് നെയ്മറെന്നും അദ്ദേഹം ബാലൺ ഡിയോർ അർഹിക്കുന്നുണ്ടെന്നും കക്ക കൂട്ടിച്ചേർത്തു.

” തീർച്ചയായും അടുത്ത ബാലൺ ഡിയോർ വിജയി നെയ്മർ ആയിരിക്കുമെന്നാണ് ഞാൻ കരുതുന്നത്. ഇന്നത്തെ ഏറ്റവും മികച്ച താരങ്ങളിലൊരാളാണ് നെയ്മർ എന്നാണ് ഞാൻ വിശ്വസിക്കുന്നത്. എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഒരു താരവും കൂടിയാണ് അദ്ദേഹം. പക്ഷെ ബാലൺ ഡിയോർ, അദ്ദേഹം ടീമിനോടൊപ്പം നേടുന്ന കിരീടങ്ങളെ കൂടി ആശ്രയിക്കുന്ന ഒന്നാണ്. അത്കൊണ്ട് തന്നെ ലിസ്ബണിൽ വെച്ച് നടക്കുന്ന ചാമ്പ്യൻസ് ലീഗ് ഫൈനലാണ് പ്രതീക്ഷ. നെയ്‌മർ കരുത്തനായ ഒരു നായകനാണ്. അത്കൊണ്ട് തന്നെ പിഎസ്ജിക്ക് ഈ ചാമ്പ്യൻസ് ലീഗ് വിജയിക്കാനാവും. ലോകത്തിലെ ഏറ്റവും മികച്ച താരത്തിനുള്ള അവാർഡ് തീർച്ചയായും നെയ്മർ അർഹിക്കുന്നുണ്ട് ” കക്ക പറഞ്ഞു. നിലവിൽ ചാമ്പ്യൻസ് ലീഗിന് വേണ്ടിയുള്ള കഠിനപരിശ്രമത്തിലാണ് നെയ്മറും കൂട്ടരും. ബൊറൂസിയയെ തകർത്തു കൊണ്ട് ക്വാർട്ടറിലേക്ക് മുന്നേറാൻ പിഎസ്ജിക്ക് കഴിഞ്ഞിരുന്നു. ക്വാർട്ടർ മുതൽ ഒരു മിനി ടൂർണമെന്റ് രൂപത്തിലാണ് ചാമ്പ്യൻസ് ലീഗ് നടത്തുകയെന്ന് യുവേഫ ഔദ്യോഗികമായി അറിയിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *