തന്റെ തീരുമാനങ്ങൾ പാളിയോ? പെപ് പറയുന്നു!

കന്നി ചാമ്പ്യൻസ് ലീഗ് കിരീടമെന്നത് ഇപ്പോഴും മാഞ്ചസ്റ്റർ സിറ്റിക്ക് ഒരു സ്വപ്നം മാത്രമാണ്. ഇന്നലെ നടന്ന ഫൈനലിൽ എതിരില്ലാത്ത ഒരു ഗോളിന് ചെൽസിയോട് പരാജയപ്പെട്ടു കൊണ്ടാണ് സിറ്റി വീണ്ടും ചാമ്പ്യൻസ് ലീഗിൽ തലതാഴ്ത്തി മടങ്ങുന്നത്. ഫൈനലിൽ സിറ്റി പരിശീലകൻ പെപ് എടുത്ത ചില തീരുമാനങ്ങൾ ഏറെ വിമർശനങ്ങൾക്ക് വിധേയമാകുന്നുണ്ട്. നിർണായകമത്സരത്തിൽ ഡിഫൻസീവ് മിഡ്‌ഫീൽഡറായ ഫെർണാണ്ടിഞ്ഞോക്ക് അവസരം നൽകാത്തതും റഹീം സ്റ്റെർലിങ്ങിന് അവസരം നൽകിയതുമൊക്കെയാണ് ഇപ്പോൾ ചോദ്യം ചെയ്യപ്പെടുന്നത്. ആക്രമിച്ചു കളിക്കുക എന്നതാണ് പെപ് ഉദ്ദേശിച്ചതെങ്കിലും ചെൽസി അതിനെ ഫലപ്രദമായി പ്രതിരോധിക്കുകയായിരുന്നു. ഏതായാലും തന്റെ തീരുമാനങ്ങളോ തന്ത്രങ്ങളോ പാളിയിട്ടില്ലെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് പെപ് ഗ്വാർഡിയോള.താൻ ചെയ്തത് എല്ലാം ടീമിന്റെ നല്ലതിന് വേണ്ടിയാണ് എന്നാണ് തന്റെ സെലക്ഷനെ കുറിച്ച് പെപ് പ്രതികരിച്ചത്.

” ടീമിന് എന്താണോ നല്ലത് അതാണ് ഞാൻ ചെയ്തത്.പിഎസ്ജിക്കെതിരെയും ഡോർട്ട്മുണ്ടിനെതിരെയും ഞാൻ ഇത്‌ പോലെ തന്നെയായിരുന്നു.മത്സരം വിജയിക്കാൻ വേണ്ടിയുള്ള സെലക്ഷനാണ് ഞാൻ നടത്തിയത്.അത്‌ താരങ്ങൾക്ക് അറിയാം. ഗുണ്ടോഗൻ മികച്ച രൂപത്തിൽ തന്നെയാണ് കളിച്ചിട്ടുള്ളത്.ഒരു ബുദ്ദിമുട്ടേറിയ മത്സരമായിരുന്നു.ചില അവസരങ്ങൾ ഞങ്ങൾക്ക് ലഭിച്ചിരുന്നു.പക്ഷേ ചെൽസിയുടെ ഡിഫൻസ് നല്ല ഘടനയിലായിരുന്നു. അത്തരത്തിലുള്ള ഒരവസരത്തിൽ അത്‌ എളുപ്പമായിരുന്നില്ല.ഞങ്ങൾക്കിത് നല്ല സീസൺ തന്നെയാണ്.നിർഭാഗ്യവശാൽ ചാമ്പ്യൻസ് ലീഗ് നേടാൻ കഴിഞ്ഞില്ല. പക്ഷേ ഞങ്ങൾ ഇനിയും അതിന് വേണ്ടി ശ്രമിക്കും ” പെപ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *