ജേഴ്‌സി ഞങ്ങൾക്ക് നൽകണേ : മെസ്സിയോടും നെയ്മറോടും ഇപ്പോൾ തന്നെ അഭ്യർത്ഥനയുമായി എതിർ താരങ്ങൾ!

ഇന്നലെ യുവേഫ ചാമ്പ്യൻസ് ലീഗിന്റെ ഗ്രൂപ്പുഘട്ട നറുക്കെടുപ്പ് പൂർത്തിയായപ്പോൾ ഫ്രഞ്ച് വമ്പൻമാരായ പിഎസ്ജി ഗ്രൂപ്പ് എച്ചിലാണ് ഇടം നേടിയിട്ടുള്ളത്.പിഎസ്ജിയെ സംബന്ധിച്ചിടത്തോളം ഗ്രൂപ്പ് ഘട്ടം അത്ര എളുപ്പമാവില്ല. എന്തെന്നാൽ ഇറ്റാലിയൻ വമ്പൻമാരായ യുവന്റസ്, പോർച്ചുഗീസ് ശക്തികളായ ബെൻഫിക്ക എന്നിവരെയാണ് പിഎസ്ജിക്ക് നേരിടാനുള്ളത്.

അതേസമയം ഈ ഗ്രൂപ്പിൽ നാലാമതായി ഇടം നേടിയിട്ടുള്ളത് ഇസ്രായേൽ ക്ലബ്ബായ മക്കാബി ഹൈഫയാണ്. യോഗ്യത മത്സരങ്ങൾ കളിച്ചു കൊണ്ടാണ് ഇവർ യുവേഫ ചാമ്പ്യൻസ് ലീഗിന് യോഗ്യത കരസ്ഥമാക്കിയിട്ടുള്ളത്. എന്നാൽ ഫുട്ബോൾ ലോകത്തെ വമ്പൻ ക്ലബ്ബുകളെയാണ് ഇവർക്ക് നേരിടേണ്ടിവരുന്നത്.

ഈ ഗ്രൂപ്പ് ഘട്ട നറുക്കെടുപ്പ് അവസാനിച്ചതിന് പിന്നാലെ മക്കാബി ഹൈഫയുടെ താരമായ ഒമർ അസിലി ഇൻസ്റ്റഗ്രാമിൽ ഒരു സ്റ്റോറി പങ്കുവെച്ചിട്ടുണ്ട്. അതായത് നിങ്ങളുടെ ജേഴ്സികൾ ഞങ്ങൾക്ക് നൽകണേ എന്നാണ് ഇദ്ദേഹത്തിന്റെ അഭ്യർത്ഥന.പിഎസ്ജി സൂപ്പർ താരങ്ങളായ ലയണൽ മെസ്സി, നെയ്മർ ജൂനിയർ എന്നിവരോടാണ് ഇദ്ദേഹം ഈ അഭ്യർത്ഥന നടത്തിയിട്ടുള്ളത്.ഇരു താരങ്ങളെയും അവിടെ മെൻഷൻ ചെയ്യുകയും ചെയ്തിട്ടുണ്ട്. തന്റെ സഹതാരത്തോടൊപ്പമുള്ള ഫോട്ടോയാണ് ഒമർ അസിലി ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിട്ടുള്ളത്.

ഇദ്ദേഹത്തിന്റെ ഈ ഒരു അഭ്യർത്ഥന ഇതിനോടകം തന്നെ സാമൂഹിക മാധ്യമങ്ങളിൽ വലിയ ശ്രദ്ധ പിടിച്ചു പറ്റിയിട്ടുണ്ട്. ഇപ്പോൾതന്നെ മെസ്സിയുടെയും നെയ്മറുടെയും ജേഴ്‌സിക്ക് വേണ്ടി അടിപിടി തുടങ്ങിയെന്നാണ് ചില ആരാധകർ ഇതിനോട് പ്രതികരിച്ചിട്ടുള്ളത്.

2009/2010 സീസണിൽ ആയിരുന്നു അവസാനമായി മക്കാബി ഹൈഫ യുവേഫ ചാമ്പ്യൻസ് ലീഗിന് യോഗ്യത നേടിയിരുന്നത്. പക്ഷേ അന്നത്തെ ആറുമത്സരങ്ങളിലും ഒരു ഗോൾ പോലും നേടാനാവാതെ അവർ പരാജയപ്പെടുകയായിരുന്നു. ഏതായാലും പിഎസ്ജിയുടെ സൂപ്പർ താരനിരക്കെതിരെ കളിക്കുന്നത് മക്കാബിയെ സംബന്ധിച്ചിടത്തോളം പുതിയ അനുഭവം തന്നെയായിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *