ചാമ്പ്യൻസ് ലീഗ് നടക്കാൻ റയലിന്റെയും ബാഴ്‌സയുടെയും യുവന്റസിന്റെയും ആവിശ്യമൊന്നുമില്ല : ലാലിഗ പ്രസിഡന്റ്‌!

യൂറോപ്യൻ സൂപ്പർ ലീഗുമായി ബന്ധപ്പെട്ട് തുടങ്ങിയ വിവാദങ്ങൾക്ക് ഇതുവരെ വിരാമമായിട്ടില്ല. സൂപ്പർ ലീഗിൽ നിന്നും പിന്മാറാത്ത ക്ലബുകളായ റയൽ, ബാഴ്സ, യുവന്റസ് എന്നിവർക്കെതിരെ തങ്ങൾ നടപടി കൈക്കൊള്ളുകയാണെന്ന് അറിയിച്ച് കൊണ്ട് യുവേഫ കഴിഞ്ഞ ദിവസം ഒരു പ്രസ്താവന ഇറക്കിയിരുന്നു. എന്നാൽ ഈ മൂന്ന് ക്ലബുകളും ഒരുമിച്ചൊരു പ്രസ്താവന ഇറക്കി കൊണ്ടാണ് ഇതിനെ പ്രതിരോധിച്ചത്. ഭീഷണിപ്പെടുത്തൽ ഒന്നും വേണ്ട എന്നാണ് ഈ ക്ലബുകൾ യുവേഫക്ക് മറുപടി നൽകിയത്. ഇതിനിടെ ഈ മൂന്ന് ക്ലബുകൾക്കെതിരെ വിമർശനവുമായി രംഗത്ത് വന്നിരിക്കുകയാണ് ലാലിഗ പ്രസിഡന്റായ ഹവിയർ ടെബാസ്‌. റയലും ബാഴ്‌സയും യുവന്റസുമില്ലെങ്കിലും ചാമ്പ്യൻസ് ലീഗ് മുന്നോട്ട് പോവുമെന്നും പ്രധാനപ്പെട്ട ക്ലബുകൾ ഇല്ലാതെ ചാമ്പ്യൻസ് ലീഗ് നടത്തിയതിന്റെ ഉദാഹരണം നമ്മുടെ മുമ്പിലുണ്ടെന്നുമാണ് ടെബാസ്‌ അറിയിച്ചത്.മാർക്കയാണ് അദ്ദേഹത്തിന്റെ വാക്കുകൾ റിപ്പോർട്ട്‌ ചെയ്തിരിക്കുന്നത്.

” എന്റെ വ്യക്തിപരമായ അഭിപ്രായം എന്തെന്ന് വെച്ചാൽ ചാമ്പ്യൻസ് ലീഗ് നടക്കാൻ റയലിന്റെയും ബാഴ്‌സയുടെയും യുവന്റസിന്റെയും ആവിശ്യമൊന്നുമില്ല. അവർ ഇല്ലാതെയും മുന്നോട്ട് പോവും.മാഞ്ചസ്റ്റർ യുണൈറ്റഡ് ഇല്ലാതെ അഞ്ച് വർഷം ചാമ്പ്യൻസ് ലീഗ് മുന്നോട്ട് പോയിട്ടുണ്ട്.മിലാനെ ഇതിൽ നിന്ന് ബാൻ ചെയ്തിട്ടും ഒരു കുഴപ്പവുമില്ലാതെ ചാമ്പ്യൻസ് ലീഗ് മുന്നോട്ട് പോയിട്ടുണ്ട്.തീർച്ചയായും അവർ ചാമ്പ്യൻസ് ലീഗിൽ ഉണ്ടായിരിക്കുന്നത് ഞാൻ ഇഷ്ടപ്പെടുന്നു. പക്ഷേ ഇവിടെ ചില നിയമങ്ങളൊക്കെയുണ്ട്.ഇവിടുത്തെ യഥാർത്ഥ പ്രശ്നം സൂപ്പർ ലീഗ് ആണ്.ഈ പ്രശ്നം പരിഹരിക്കപ്പെടുമെന്ന് തന്നെയാണ് ഞാൻ വിശ്വസിക്കുന്നത് ” ടെബാസ്‌ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *