ചാമ്പ്യൻസ് ലീഗും യൂറോപ്പ ലീഗും എന്ന് പൂർത്തിയാവും? യുവേഫ പ്രസിഡന്റ്‌ പറയുന്നു

കോവിഡ് പ്രതിസന്ധി മൂലം മുടങ്ങികിടക്കുന്ന ചാമ്പ്യൻസ് ലീഗും യൂറോപ്പലീഗും ഓഗസ്റ്റ് മാസത്തിന്റെ അവസാനത്തോടെ പൂർത്തീകരിക്കുമെന്ന് യുവേഫ പ്രസിഡന്റ്‌ അലക്‌സാണ്ടർ സെഫെറിൻ. കഴിഞ്ഞ ദിവസം ബീയിങ് സ്പോർട്സിന് നൽകിയ അഭിമുഖത്തിലാണ് ഈ സീസൺ ഓഗസ്റ്റോടെ പൂർത്തീകരിക്കുമെന്ന് ഉറപ്പ് നൽകിയത്. വൈകാതെ തന്നെ ഔദ്യോഗികസ്ഥിരീകരണമുണ്ടാവുമെന്നും ഉദ്ദേശിച്ച രീതിയിൽ തന്നെ മത്സരങ്ങൾ പൂർത്തിയാക്കാനാവുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പിഎസ്ജിക്കും ലിയോണിനും ചാമ്പ്യൻസ് ലീഗ് കളിക്കാമെന്നും സ്വന്തം മൈതാനത്ത് കളിക്കാൻ കഴിയുന്നില്ലെങ്കിൽ നിക്ഷ്പക്ഷഗ്രൗണ്ടുകൾ ഇവർ കണ്ടത്തേണ്ടി വരുമെന്നും അലെക്‌സാണ്ടർ കൂട്ടിച്ചേർത്തു.

” യുവേഫയുടെ കോംപിറ്റീഷനുകളെ കുറിച്ച് പൂർണമായ പദ്ധതി ഇപ്പോൾ ഞങ്ങളുടെ പക്കലുണ്ട്. വൈകാതെ തന്നെ ഔദ്യോഗികസ്ഥിരീകരണമുണ്ടാവും. ചാമ്പ്യൻസ് ലീഗും യൂറോപ്പ ലീഗും പൂർത്തിയാക്കുമെന്ന് ഞാൻ ഉറപ്പ് തരുന്നു. ഓഗസ്റ്റ് അവസാനിക്കും മുമ്പ് തന്നെ ഈ സീസൺ നമ്മൾ ഫിനിഷ് ചെയ്യും. ഒട്ടുമിക്ക ലീഗുകളും പൂർത്തിയാക്കും എന്ന് തന്നെയാണ് ഞാൻ കരുതുന്നത്. പൂർത്തിയാക്കാത്തവ, അത് അവരുടെ തീരുമാനം മാത്രമാണ്. പക്ഷെ ആ ടീമുകൾക്ക് യുവേഫ കോംപിറ്റീഷനുകളിൽ പങ്കെടുക്കണമെങ്കിൽ യോഗ്യത മത്സരങ്ങൾ കളിക്കേണ്ടി വരും. പിഎസ്ജിക്കും ലിയോണിനും ഫ്രാൻസിൽ വെച്ച് തന്നെ മത്സരങ്ങൾ നടത്താം. പക്ഷെ ഫ്രഞ്ച് ഗവണ്മെന്റ് അനുവദിച്ചില്ലെങ്കിൽ അവർ നിക്ഷ്പക്ഷവേദികൾ തിരഞ്ഞെടുക്കേണ്ടി വരും. ഫ്രഞ്ച് ഗവണ്മെന്റിന്റെ തീരുമാനങ്ങളെ തടയാൻ എനിക്കോ യുവേഫക്കോ സാധ്യമല്ല. അത് ഞങ്ങളുടെ അധികാരപരിധിക്ക് പുറത്താണ് ” അലക്‌സാണ്ടർ അഭിമുഖത്തിൽ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *