ഒരേ കഥ തന്നെ,താനും ചെൽസിയുടെ പ്രശ്‌നങ്ങളുടെ ഭാഗം : അട്ടിമറി തോൽവിയിൽ നിരാശനായി ടുഷേൽ!
ഇന്നലെ യുവേഫ ചാമ്പ്യൻസ് ലീഗ് നടന്ന ഗ്രൂപ്പ് ഘട്ട മത്സരത്തിൽ വമ്പന്മാരായ ചെൽസി അട്ടിമറി തോൽവി ഏറ്റുവാങ്ങിയിരുന്നു. ക്രൊയേഷ്യൻ ക്ലബ്ബായ ഡൈനാമോ സാഗ്രബാണ് ചെൽസിയെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തിയത്. മത്സരത്തിന്റെ പതിമൂന്നാം മിനിറ്റിൽ ഒർസിച്ച് നേടിയ ഗോളാണ് ഡൈനാമോക്ക് ഈ വിജയം സമ്മാനിച്ചിട്ടുള്ളത്.
ഏതായാലും ഈ അട്ടിമറി തോൽവിയിൽ ചെൽസിയുടെ പരിശീലകനായ തോമസ് ടുഷേൽ വളരെയധികം നിരാശനാണ്. പുതുതായി ഒന്നും പറയാനില്ലെന്നും ഒരേ സ്റ്റോറി തന്നെയാണ് തങ്ങൾക്ക് ഇപ്പോഴുമുള്ളത് എന്നാണ് ടുഷേൽ പറഞ്ഞിട്ടുള്ളത്. ചെൽസിയുടെ പ്രശ്നങ്ങളുടെ ഭാഗങ്ങളിൽ ഒരാളാണ് താനെന്നും ടുഷേൽ സമ്മതിച്ചിട്ടുണ്ട്. മത്സരശേഷം മാധ്യമങ്ങളോട് അദ്ദേഹം പറഞ്ഞ വാക്കുകൾ ഇങ്ങനെയാണ്.
— Murshid Ramankulam (@Mohamme71783726) September 7, 2022
” എപ്പോഴുമുള്ള ഒരു സ്റ്റോറി തന്നെയാണ് ഞങ്ങൾക്ക് ഇപ്പോഴും പറയാനുള്ളത്.ഞങ്ങൾക്ക് ഒരു നല്ല തുടക്കം ലഭിച്ചു.പക്ഷേ അർധാവസരങ്ങൾ ഫിനിഷ് ചെയ്യാൻ ഞങ്ങൾക്ക് കഴിഞ്ഞില്ല. പിന്നീട് കൗണ്ടർ അറ്റാക്കിൽ ഞങ്ങൾ ഒരു ഗോൾ വഴങ്ങി.അവിടെ നിന്നാണ് ഞങ്ങൾ ബുദ്ധിമുട്ടാൻ തുടങ്ങിയത്.കൂടുതൽ വിശദീകരിച്ചിട്ടൊന്നും കാര്യമില്ല.ചെൽസിയുടെ ഈ പ്രശ്നങ്ങളുടെ ഭാഗമാണ് ഞാനും.ഇതിനെല്ലാം കാരണക്കാരൻ ഞാനും ഞങ്ങളുമാണ്.ഞങ്ങൾ ചെയ്യേണ്ടത് ഇതിനൊരു പരിഹാരം കണ്ടെത്തുക എന്നുള്ളതാണ്. നിലവിൽ ടീമിൽ എല്ലാം മിസ്സിംഗ് ആണ് ” ഇതാണ് ചെൽസി പരിശീലകൻ പറഞ്ഞിട്ടുള്ളത്.
ഈ സീസണിൽ ഒരു മോശം തുടക്കമാണ് ഇപ്പോൾ ചെൽസിക്ക് ലഭിച്ചിട്ടുള്ളത്. പ്രീമിയർ ലീഗിൽ ആകെ കളിച്ച ആറു മത്സരങ്ങളിൽ നിന്ന് മൂന്ന് വിജയങ്ങൾ മാത്രമാണ് ചെൽസിക്ക് നേടാൻ കഴിഞ്ഞിട്ടുള്ളത്. 10 പോയിന്റ് ഉള്ള ചെൽസി നിലവിൽ പ്രീമിയർ ലീഗിൽ ആറാം സ്ഥാനത്താണ്.