ഒഫീഷ്യൽ : ചാമ്പ്യൻസ് ലീഗ് പുനരാരംഭിക്കുന്ന തിയ്യതി പുറത്തു വിട്ടു

കോവിഡ് പ്രതിസന്ധി മൂലം പാതിവഴിയിൽ നിർത്തിവെച്ച ചാമ്പ്യൻസ് ലീഗ് പുനരാരംഭിക്കാൻ ഔദ്യോഗികതീരുമാനമായി. യുവേഫയാണ് തിയ്യതികൾ ഒഫീഷ്യൽ ആയി പുറത്തു വിട്ടത്. ഓഗസ്റ്റ് ഏഴ് മുതൽ ഇരുപത്തിമൂന്ന് വരെയുള്ള തിയ്യതികളിൽ ബാക്കിയുള്ള ചാമ്പ്യൻസ് ലീഗ് മത്സരങ്ങൾ നടന്നേക്കും. മാത്രമല്ല പഴയ ഫോർമാറ്റിൽ നിന്നും മാറ്റങ്ങൾ വരുത്താനും തീരുമാനമായിട്ടുണ്ട്. ക്വാർട്ടർ ഫൈനലിൽ മുതൽ ഒരു മിനി ടൂർണമെന്റ് പോലെ നടത്താനാണ് യുവേഫ അധികൃതരുടെ തീരുമാനം. അതായത് ക്വാർട്ടർ ഫൈനൽ മത്സരങ്ങൾക്ക് രണ്ടാം പാദമുണ്ടായിരിക്കില്ല. സിംഗിൾ ലെഗ് മത്സരങ്ങളിൽ കൂടെ വിജയികളെ തീരുമാനിക്കും. മാത്രമല്ല ക്വാർട്ടർ മുതൽ ഫൈനൽ വരെയുള്ള എല്ലാ മത്സരങ്ങളും പോർച്ചുഗല്ലിലെ ലിസ്ബണിൽ വെച്ചായിരിക്കും നടക്കുക.

നിലവിൽ ചാമ്പ്യൻസ് ലീഗിൽ ബാക്കിയുള്ള രണ്ടാം പാദ പ്രീക്വാർട്ടർ മത്സരങ്ങൾ പഴയത് പോലെ നടക്കും.ഓഗസ്റ്റ് ഏഴ്, എട്ട് തിയ്യതികളിലാണ് ബാക്കിയുള്ള പ്രീക്വാർട്ടർ രണ്ടാംപാദ മത്സരങ്ങൾ നടക്കുക. എന്നാൽ ഇത് ഏത് സ്റ്റേഡിയത്തിൽ വെച്ച് നടത്തണമെന്നത് തീരുമാനമായിട്ടില്ല. പഴയത് പോലെ ടീമുകളുടെ ഹോം ഗ്രൗണ്ടിൽ വെച്ച് നടത്തണോ അതോ ലിസ്ബണിൽ വെച്ച് നടത്തണോ എന്നുള്ളത് വരും ദിവസങ്ങളിൽ തീരുമാനിക്കും. പിന്നെ ഓഗസ്റ്റ് പന്ത്രണ്ടു മുതൽ പതിനഞ്ച് വരെയുള്ള തിയ്യതികളിൽ ക്വാർട്ടർ ഫൈനലുകൾ നടക്കും. എല്ലാ മത്സരങ്ങളും ലിസ്ബണിൽ വെച്ചാവും നടക്കുക.ഇവകൾക്ക് രണ്ടാംപാദം ഉണ്ടായിരിക്കില്ല. മത്സരവിജയികൾക്ക് സെമി ഫൈനലിൽ പ്രവേശിക്കാം. പിന്നീട് ഓഗസ്റ്റ് പതിനെട്ടു, പത്തൊൻപത് തിയ്യതികളിൽ സെമി ഫൈനൽ നടക്കും. ഓഗസ്റ്റ് ഇരുപത്തിമൂന്നിന് ഫൈനലും നടക്കും. എല്ലാം ലിസ്ബണിൽ വെച്ച് നടത്താനാണ് യുവേഫയുടെ തീരുമാനം. കൂടാതെ ഓരോ ടീമുകൾക്കും കടുത്ത മാർഗനിർദേശങ്ങളാണ് യുവേഫ നൽകിയിട്ടുള്ളത്. അടച്ചിട്ട സ്റ്റേഡിയത്തിലാണ് മത്സരം നടക്കുകയെന്നും യുവേഫ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *