ഇരുപത് ഗോളുകൾ,ചാമ്പ്യൻസ് ലീഗിൽ ആ നേട്ടം സ്വന്തമാക്കുന്ന ചരിത്രത്തിലെ ആദ്യതാരമായി നെയ്മർ !

ഇന്നലെ ചാമ്പ്യൻസ് ലീഗിൽ നടന്ന ഹാട്രിക് നേടിക്കൊണ്ടാണ് നെയ്മർ തന്റെ കരുത്ത് കാണിച്ചത്. താരത്തിന്റെ ഹാട്രിക് മികവിൽ ഒന്നിനെതിരെ അഞ്ച് ഗോളുകൾക്കാണ് പിഎസ്ജി ഇസ്താംബൂളിനെ തകർത്തെറിഞ്ഞത്.ഇതോടെ ചാമ്പ്യൻസ് ലീഗിൽ മൂന്ന് ഹാട്രിക്കുകൾ പൂർത്തിയാക്കാൻ നെയ്മർ ജൂനിയർക്ക്‌ കഴിഞ്ഞു. 2013-ൽ സെൽറ്റിക്കിനെതിരെയും 2018-ൽ ക്രവണക്കെതിരെയുമായിരുന്നു നെയ്മർ ഇതിന് മുമ്പ് ഹാട്രിക് നേടിയത്.

ഇതോടെ ചാമ്പ്യൻസ് ലീഗിൽ മെസ്സിക്കും ക്രിസ്റ്റ്യാനോക്കും ശേഷം ഏറ്റവും കൂടുതൽ ഹാട്രിക് നേടിയ താരമെന്ന റെക്കോർഡ് നെയ്മർക്ക്‌ തന്റെ പേരിലാക്കാനായി. നിലവിൽ ചാമ്പ്യൻസ് ലീഗിൽ ഏറ്റവും കൂടുതൽ ഹാട്രിക്കുകൾ മെസ്സിയുടെയും ക്രിസ്റ്റ്യാനോയുടെയും പേരിലാണ്. ഇരുവരും എട്ട് വീതം ഹാട്രിക്കുകളാണ് ചാമ്പ്യൻസ് ലീഗിൽ നേടിയിട്ടുള്ളത്. എന്നാൽ ഇരുവർക്കും ഇതുവരെ നേടാൻ കഴിയാത്ത ഒരു അപൂർവറെക്കോർഡ് സ്വന്തമാക്കിയിരിക്കുകയാണ് നെയ്മർ. ഇന്നലെ പിഎസ്ജിക്ക്‌ വേണ്ടി ചാമ്പ്യൻസ് ലീഗിൽ ഇരുപത് ഗോളുകൾ നേടിയതോടെയാണ് ഈ റെക്കോർഡ് താരത്തിന്റെ പേരിലായത്.

രണ്ട് വ്യത്യസ്ഥ ക്ലബുകൾക്ക്‌ വേണ്ടി ചാമ്പ്യൻസ് ലീഗിൽ ഇരുപത് ഗോളുകൾ പൂർത്തിയാക്കുന്ന ചരിത്രത്തിലെ ആദ്യ താരമാണ് നെയ്മർ. ബാഴ്സ, പിഎസ്ജി എന്നിവർക്ക്‌ വേണ്ടിയാണ് നെയ്മർ ഇരുപത് ഗോളുകൾ ചാമ്പ്യൻസ് ലീഗിൽ നേടിയത്. 40 മത്സരങ്ങളിൽ നിന്ന് 21 ഗോളുകളാണ് നെയ്മർ ബാഴ്സക്ക്‌ വേണ്ടി നേടിയിട്ടുള്ളത്. പിഎസ്ജിക്ക്‌ വേണ്ടി ഇരുപത് ഗോളുകൾ ഇപ്പോൾ പൂർത്തിയാക്കി. സൂപ്പർ താരങ്ങളായ മെസ്സി, റൊണാൾഡോ, ലെവന്റോസ്ക്കി എന്നിവർ ഈ നേട്ടം എത്തിപ്പിടിച്ചിട്ടില്ല. മെസ്സി നേടിയ 121 ഗോളുകളും ബാഴ്സക്ക്‌ വേണ്ടിയാണ്. ക്രിസ്റ്റ്യാനോയാവട്ടെ 15 എണ്ണം യുണൈറ്റഡിന് വേണ്ടിയും 105 എണ്ണം റയലിന് വേണ്ടിയും 14 എണ്ണം യുവന്റസിന് വേണ്ടിയും നേടിയിട്ടുണ്ട്. ലെവന്റോസ്ക്കിയാവട്ടെ 17 എണ്ണം ഡോർട്മുണ്ടിന് വേണ്ടി നേടിയപ്പോൾ 54 എണ്ണം ബയേണിന് വേണ്ടി നേടി.

Leave a Reply

Your email address will not be published. Required fields are marked *