രാജകീയം ബയേൺ

യുവേഫ ചാമ്പ്യൻസ് ലീഗിൽ ബയേൺ മ്യൂണിക്ക് ചാമ്പ്യന്മാരായി. ലിസ്ബണിൽ നടന്ന ഫൈനൽ മത്സരത്തിൽ ഏകപക്ഷീയമായ ഒരു ഗോളിനാണവർ ഫ്രഞ്ച് ക്ലബ്ബ് പാരിസ് സെൻ്റ് ജെർമനെ പരാജയപ്പെടുത്തിയത്. ബയേണിൻ്റെ വിജയഗോൾ കിംഗ്സ്ലി കോമാൻ്റെ വകയായിരുന്നു. ബയേൺ മ്യൂണിക്കിൻ്റെ ആറാം UCL കിരീടമാണിത്. ചരിത്രത്തിലാദ്യമായാണ് ഒരു ടീം ചാമ്പ്യൻസ് ലീഗ് സീസണിൽ തോൽവി അറിയാതെ കിരീടം ചൂടുന്നത്. ഫൈനൽ അടക്കം കളിച്ച 11 മത്സരങ്ങളിലും വിജയിച്ചാണ് ബയേൺ ചരിത്രം കുറിച്ചത്.

ഫൈനൽ മത്സരത്തിൻ്റെ ആദ്യ പകുതിയിൽ ഇരു ടീമുകൾക്കും സുവർണ്ണാവസരങ്ങൾ ലഭിച്ചെങ്കിലും ഗോൾ കണ്ടെത്താനായില്ല. ആദ്യ പകുതി ഗോൾ രഹിതമായി അവസാനിച്ചതോടെ വർധിത വീര്യവുമായാണ് രണ്ടാം പകുതിയിൽ ബയേൺ കളത്തിലിറങ്ങിയത്. തുടരെ നടത്തിയ ആക്രമണങ്ങൾക്കൊടുവിൽ അമ്പത്തിയൊമ്പതാം മിനുട്ടിൽ ഹെഡ്ഡറിലൂടെ കിംഗ്സ്ലി കോമാൻ അവരുടെ വിജയഗോൾ നേടി. ശേഷിക്കുന്ന അരമണിക്കൂർ സമയം PSG ഗോൾ മടക്കാൻ ശ്രമം നടത്തിയെങ്കിലും വൃഥാവിലായി. ചരിത്രത്തിലാദ്യമായി ചാമ്പ്യൻസ് ലീഗിൻ്റെ ഫൈനലിൽ എത്തിയ PSGക്ക് ആദ്യ കിരീടം നേടാൻ ഇനിയും കാത്തിരിരിക്കണം. അതേ സമയം തങ്ങളുടെ ക്ലബ്ബിൻ്റെ ചരിത്രത്തിലെ രണ്ടാമത്തെ ട്രിപ്പിൾ കിരീടമാണ് ബയേൺ സ്വന്തമാക്കിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *