യുണൈറ്റഡ് വീണു, സെവിയ്യ ഫൈനലിൽ

സെവിയ്യ യൂറോപ്പ ലീഗിൻ്റെ ഫൈനലിൽ കടന്നു. ഇന്ന് പുലർച്ചെ നടന്ന സെമി ഫൈനൽ മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെ 2-1ന് വീഴ്‌ത്തിയാണ് അവർ ഫൈനലിന് യോഗ്യത നേടിയത്. സെവിയ്യക്ക് വേണ്ടി സൂസോ, ലൂക്ക് ഡി യോംഗ് എന്നിവരാണ് ഗോളുകൾ നേടിയത്. യുണൈറ്റഡിൻ്റെ ആശ്വാസ ഗോൾ ബ്രൂണോ ഫെർണാണ്ടസിൻ്റെ വകയായിരുന്നു. 5 തവണ യൂറോപ്പ ലീഗ് കിരീടം നേടിയിട്ടുള്ള സെവിയ്യ ഫൈനലിൽ ഇന്ന് നടക്കുന്ന ഇൻ്റർ മിലാൻ vs ഷാക്തർ ഡൊണെക്ട്സ് മത്സരത്തിലെ വിജയികളെ നേരിടും. ഈ പരാജയത്തോടെ യൂറോപ ലീഗിൻ്റെ നോക്കൗട്ട് സ്റ്റേജിൽ തുടർച്ചയായി 15 മത്സരങ്ങളിൽ പരാജയമറിയാതെ കുതിച്ച യുണൈറ്റഡിൻ്റെ അൺബീറ്റൺ റൺ അവസാനിച്ചു.

ജർമ്മനിയിൽ വെച്ച് നടന്ന മത്സരത്തിൽ ആദ്യം ലീഡെടുത്തത് മാഞ്ചസ്റ്റർ യുണൈറ്റഡാണ്. ഒമ്പതാം മിനുട്ടിൽ ലഭിച്ച പെനാൽറ്റി ഗോളാക്കി മാറ്റി ബ്രൂണോ ഫെർണാണ്ടസാണ് അവരെ മുന്നിലെത്തിച്ചത്. എന്നാൽ അധികം വൈകാതെ സെവിയ്യ തിരിച്ചടിച്ചു. ഇരുപത്തിയാറാം മിനുട്ടിൽ റിഗുയ്ലൊൺ നൽകിയ അസിസ്റ്റിൽ നിന്നും സൂസോയാണ് അവരെ ഒപ്പമെത്തിച്ചത്. ആദ്യ പകുതി അവസാനിക്കുമ്പോൾ മത്സരം 1-1 എന്ന നിലയിലായിരുന്നു. രണ്ടാം പകുതിയിൽ ഇരു ടീമുകളും വിജയ ഗോളിനായി ശ്രമം തുടർന്നു. ഒടുവിൽ എഴുപത്തിയെട്ടാം മിനുട്ടിൽ ജീസസ് നവാസിൻ്റെ അസിസ്റ്റിൽ നിന്നും ലുക്ക് ഡി യോംഗ് നേടിയ ഗോളിലൂടെ സെവിയ്യ ഫൈനലിലേക്കുള്ള ടിക്കറ്റ് ഉറപ്പിച്ചു. ഇതോടെ തുടർച്ചയായ മൂന്നാം സീസണിലാണ് സ്പാനിഷ് ക്ലബുകളോട് പരാജയപ്പെട്ട് മാഞ്ചസ്റ്റർ യുണൈറ്റഡ് യൂറോപ്യൻ കോംപറ്റീഷനിൽ നിന്നും പുറത്താവുന്നത്.

Leave a Reply

Your email address will not be published. Required fields are marked *