യമാൽ ഇന്ന് കളിക്കുമോ? അപ്ഡേറ്റുകൾ നൽകി പരിശീലകൻ!
ഇന്ന് യുവേഫ ചാമ്പ്യൻസ് ലീഗിൽ നടക്കുന്ന മത്സരത്തിൽ സ്പാനിഷ് കരുത്തരായ എഫ്സി ബാഴ്സലോണ കളിക്കളത്തിലേക്ക് ഇറങ്ങുന്നുണ്ട്. എതിരാളികൾ ഫ്രഞ്ച് ക്ലബ്ബായ ബ്രസ്റ്റാണ്. ഇന്ന് രാത്രി ഇന്ത്യൻ സമയം 1:30ന് ബാഴ്സയുടെ മൈതാനത്ത് വെച്ചുകൊണ്ടാണ് ഈ മത്സരം നടക്കുക. സീസണിന്റെ തുടക്കത്തിൽ മികച്ച പ്രകടനം നടത്തിയവരാണ് ബാഴ്സ. എന്നാൽ കഴിഞ്ഞ കുറച്ചു മത്സരങ്ങൾ ആശങ്കാജനകമാണ്.
അവസാനത്തെ രണ്ട് മത്സരങ്ങളിലും അവർക്ക് വിജയിക്കാൻ കഴിഞ്ഞിട്ടില്ല. യുവ സൂപ്പർ താരം ലാമിൻ യമാൽ പരിക്കിന്റെ പിടിയിലാണ്. അദ്ദേഹത്തിന്റെ അഭാവം ബാഴ്സയെ വല്ലാതെ അലട്ടുന്നുണ്ട്. എന്തെന്നാൽ യമാൽ ലാലിഗയിൽ സ്റ്റാർട്ട് ചെയ്യാത്ത മൂന്നു മത്സരങ്ങളിൽ ഒന്നിൽ പോലും വിജയിക്കാൻ അവർക്ക് കഴിഞ്ഞിട്ടില്ല. ഇന്നത്തെ മത്സരത്തിലും യമാൽ ഉണ്ടാവില്ല എന്ന കാര്യം ഉറപ്പായിട്ടുണ്ട്. ബാഴ്സയുടെ പരിശീലകനായ ഹാൻസി ഫ്ലിക്ക് ഇതുമായി ബന്ധപ്പെട്ട ചില അപ്ഡേറ്റുകൾ നൽകിയിട്ടുണ്ട്.അദ്ദേഹം പറഞ്ഞത് ഇപ്രകാരമാണ്.
” അദ്ദേഹത്തിന്റെ ക്വാളിറ്റി നമുക്ക് എല്ലാവർക്കും അറിയാവുന്നതാണ്.അദ്ദേഹം ഒരുപാട് സ്പേസുകൾ നൽകുന്നു.അദ്ദേഹത്തിന് നഷ്ടമാകുന്ന അവസാനത്തെ മത്സരം ഇതായിരിക്കും എന്ന് ഞാൻ പ്രതീക്ഷിക്കുന്നു.അടുത്ത മത്സരത്തിൽ അദ്ദേഹത്തെ ബെഞ്ചിൽ ലഭ്യമായിരിക്കും എന്നാണ് ഞാൻ കരുതുന്നത് “ഇതാണ് ബാഴ്സലോണയുടെ പരിശീലകൻ പറഞ്ഞിട്ടുള്ളത്.
ഇന്നത്തെ മത്സരത്തിൽ അദ്ദേഹം കളിക്കില്ല എന്നത് ഉറപ്പായി കഴിഞ്ഞിട്ടുണ്ട്. നിലവിൽ ചാമ്പ്യൻസ് ലീഗിൽ മികച്ച പ്രകടനം നടത്താൻ ബാഴ്സക്കും ബ്രെസ്റ്റിനും കഴിയുന്നുണ്ട്.രണ്ട് ടീമുകളും നാല് മത്സരങ്ങൾ കളിക്കുകയും മൂന്ന് വിജയങ്ങൾ സ്വന്തമാക്കുകയും ചെയ്തിട്ടുണ്ട്.അതുകൊണ്ടുതന്നെ ഒരു മികച്ച പോരാട്ടമാണ് പ്രതീക്ഷിക്കപ്പെടുന്നത്. അതേസമയം ലാലിഗയിൽ നടക്കുന്ന അടുത്ത മത്സരത്തിൽ ബാഴ്സ ലാസ് പാൽമസിനെയാണ് നേരിടുക.