പിഎസ്ജി vs ബയേൺ : ഓരോ പൊസിഷനിലും മികച്ചതാര്? ഒരു താരതമ്യം !

മുൻകാലചരിത്രങ്ങളും കടലാസിലെ കണക്കുകളും കൂട്ടിക്കിഴിച്ചു നേരം തള്ളി നീക്കുകയാണ് ഒട്ടുമിക്ക ഫുട്ബോൾ ആരാധകരും. യുവേഫ ചാമ്പ്യൻസ് ലീഗിന്റെ കലാശകൊട്ട് ഇന്ന് നടക്കുമ്പോൾ സൂപ്പർ താരം നെയ്മർ ജൂനിയർ കിരീടത്തിൽ മുത്തമിടുമോ അതോ ലെവന്റോസ്ക്കി കിരീടമുയർത്തുമോ എന്നതാണ് ആരാധകരെ വല്ലാതെ കുഴക്കുന്നത്. ഏതായാലും മികച്ചൊരു ഫൈനൽ കാണാമെന്ന ആശ്വാസത്തിൽ ഇരിക്കുന്ന ഫുട്ബോൾ പ്രേമികൾ വേറെയുമുണ്ട്. എന്നിരുന്നാലും ഇന്നത്തെ പിഎസ്ജി vs ബയേൺ മത്സരത്തിലെ ഓരോ പൊസിഷനുകൾ തമ്മിൽ ഒരു ചെറിയ താരതമ്യം നടത്താം. കടലാസ്സിലെ കണക്കുകൾ ചെറിയ ആത്മവിശ്വാസം പകരുമെങ്കിലും ഇതൊന്നും ഒട്ടുംആശാവഹമല്ല എന്നത് ഇതിന്റെ മറുവശമാണ്.

ഗോൾകീപ്പിംഗ് : ലോകത്തിലെ ഏറ്റവും മികച്ച രണ്ട് കീപ്പർമാരാണ് ഇന്ന് നേർക്കുനേർ വരിക എന്ന് പറയേണ്ടി വരും. പരിക്ക് മാറി തിരിച്ചെത്തിയാൽ പിഎസ്ജിയുടെ വല നവാസ് കാക്കുമ്പോൾ മറുഭാഗത്ത് ന്യൂയർ ആണ്. മൂന്ന് തവണ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ ഗോൾകീപ്പറാവുകയും മൂന്നിലും കിരീടം ചൂടുകയും ചെയ്ത താരമാണ് നവാസ്.കൂടാതെ മുമ്പ് ബയേണിനെതിരെ മികച്ച പ്രകടനവും പുറത്തെടുത്തിരുന്നു. എന്നാൽ മറുഭാഗത്ത് മാനുവൽ ന്യൂയറാണ്. വേൾഡ് കപ്പ്, ചാമ്പ്യൻസ് ലീഗ് എന്നിവക്ക് പുറമെ നാലു തവണ മികച്ച ഗോൾകീപ്പർക്കുള്ള പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്. ഏതായാലും ഗോൾകീപ്പിങ് മേഖലയിൽ ഇരുക്ലബുകളും ഒപ്പത്തിനൊപ്പമാണ്.

ഡിഫൻസ് : ഡേവിഡ് അലാബ, ജെറോം ബോട്ടങ് എന്നിവരാണ് ബയേണിന്റെ സെന്റർ ഡിഫൻഡർമാർ. ഇരുവരും 2013 -ൽ ബയേണിനൊപ്പം ചാമ്പ്യൻസ് ലീഗ് കിരീടം ചൂടിയവർ. ഫുൾബാക്കുമാരായി അൽഫോൺസോ ഡേവിസ്, ജോഷുവ കിമ്മിച്ച് എന്നിവർ ഉണ്ടാവും. രണ്ട് പേരും നല്ല രീതിയിൽ അറ്റാക്കിങ്ങിലേക്ക് പങ്കാളിത്തം അറിയിക്കുന്നവരുമാണ്. എട്ട് ഗോളുകൾ ആണ് ഈ ചാമ്പ്യൻസ് ലീഗിൽ വഴങ്ങിയത്. മറുഭാഗത്ത് തിയാഗോ സിൽവ, പ്രിസണൽ കിപ്പമ്പേ എന്നിവരാണ് സെന്റർ ഡിഫൻഡർമാർ. ഇരുവരും മികച്ച ഫോമിലാണ്. തിലോ കെഹ്‌റർ, യുവാൻ ബെർണാട്ട് എന്നിവർ ഫുൾ ബാക്കുമാരായി ഉണ്ടാവും. അഞ്ച് ഗോളുകൾ മാത്രമേ ഈ സീസണിൽ വഴങ്ങിയിട്ടൊള്ളു എന്നത് ബയേണിന്റെ ഡിഫൻസിനേക്കാൾ ഒരുപടി മികച്ചതാണ് എന്ന് തെളിയിക്കുന്നു.

മധ്യനിര : തിയാഗോ അൽകാന്ററ, ലിയോൺ ഗോറെട്സ്ക്ക എന്നീ മിന്നും താരങ്ങൾ ഉള്ള താരങ്ങൾ ആണ് ബയേണിന്റെ ശക്തി. 4-2-3-1 ഫോർമേഷനിൽ കളിക്കുന്ന ബയേണിന്റെ മധ്യനിരയുടെ ചുമതല ഇരുവർക്കുമാണ്. പിഎസ്ജിയെക്കാൾ ഒരുപിടി മുന്നിലാണ് ബയേൺ മിഡ്ഫീൽഡ്. കിടിലൻ ബോക്സ്‌ ടു ബോക്സ്‌ പ്ലയെർ ആയ ഗോറെട്സ്ക്കയെ പിഎസ്ജി സൂക്ഷിക്കേണ്ടി വരും. മറുഭാഗത്ത് മാർക്കിഞ്ഞോസ്, വെറാറ്റി, പരേഡസ്, ഗുയെ, ഹെരേര എന്നിവരിൽ മൂന്ന് പേരായിരിക്കും അണിനിരക്കുക. കഴിഞ്ഞ രണ്ട് മത്സരങ്ങളിലും മാർക്കിഞ്ഞോസ് ഗോൾ നേടിയിട്ടുണ്ട്. വെറാറ്റി മടങ്ങിയെത്തിയാൽ അത്‌ പിഎസ്ജിയുടെ മധ്യനിരക്ക് വലിയ ഊർജ്ജമേകും.

ആക്രമണനിര : അപകടകാരികളായ ആക്രമണനിരയാണ് ഇരുടീമുകൾക്കും ഉള്ളത്. 42 ഗോളുകൾ ആണ് ബയേൺ ഇത് വരെ ചാമ്പ്യൻസ് ലീഗിൽ നേടിയത്. 15 എണ്ണം ലെവയും 9 എണ്ണം ഗ്നാബ്രിയും. തോമസ് മുള്ളറും അപാരഫോമിൽ. ഒരല്പം പിറകിൽ പെരിസിച്ച് മാത്രമാണ്. എന്നാൽ മറുഭാഗത്തും സ്ഥിതിഗതികൾ വിത്യസ്തമല്ല. ഏറ്റവും അപകടം വിതക്കാൻ കെൽപ്പുള്ള നെയ്മർ-എംബപ്പേ കൂട്ടുകെട്ട്. കൂടാതെ ഡിമരിയ മികച്ച ഫോമിലും. ഈ സീസണിൽ അടിച്ചത് 25 ഗോളുകൾ. എംബാപ്പെയുടെ വേഗതും നെയ്മറുടെ ഡ്രിബ്ലിങ്ങും വെല്ലുവിളിയാവും. ഏതായാലും ഒരുപാട് ഗോളുകൾ പിറക്കുമെന്നാണ് കണക്കുകൂട്ടലുകൾ.

Leave a Reply

Your email address will not be published. Required fields are marked *