നെയ്മറാണ് താരം

യുവേഫ ചാമ്പ്യൻസ് ലീഗിൻ്റെ ക്വോർട്ടർ ഫൈനലിൽ PSG അറ്റലാൻ്റയെ 2-1ന് പരാജയപ്പെടുത്തിയ മത്സരത്തിൽ മാൻ ഓഫ് ദി മാച്ചായി യുവേഫ തെരഞ്ഞെടുത്തത് നെയ്മറിനെയാണ്. മത്സരത്തിലെ ഏറ്റവും അപകടകാരിയായ താരം നെയ്മറായിരുന്നു എന്നാണ് യുവേഫയുടെ ടെക്നിക്കൽ ഒബ്സെർവറും മുൻ റൊമേനിയൻ ഇൻ്റർനാഷ്ണലുമായ കോസ്മിൻ കോൻട്ര നീരീക്ഷിച്ചത്. PSGയെ 25 വർഷത്തിന് ശേഷം യുവേഫ ചാമ്പ്യൻസ് ലീഗിൻ്റെ സെമി ഫൈനലിൽ എത്തിക്കുന്നതിൽ നിർണ്ണായക പങ്കാണ് നെയ്മർ വഹിച്ചത്.

ഡി മരിയ സസ്പെൻഷനിലാവുകയും എംബപ്പേ ബെഞ്ചിലിരിക്കുകയും ചെയ്ത മത്സരത്തിൻ്റെ തുടക്കം മുതലേ നെയ്മറിലായി PSGയുടെ പ്രതീക്ഷകൾ. ആദ്യ പകുതിയിൽ താരം രണ്ട് ബിഗ് ചാൻസുകൾ നഷ്ടമാക്കിയപ്പോൾ ആരാധകർ അത്ഭുതപ്പെട്ടു പോയി! കാരണം ഇതിന് മുമ്പ് കളിച്ച 11 ചാമ്പ്യൻസ് ലീഗ് മത്സരങ്ങളിൽ രണ്ട് തവണ മാത്രമേ നെയ്മർ ബിഗ് ചാൻസുകൾ നഷ്ടപ്പെടുത്തിയിരുന്നുള്ളൂ. ഏതായാലും മത്സരം PSGക്ക് അനുകൂലമാക്കുന്നതിന് തുടക്കമിട്ട മാർക്കീത്തോസിൻ്റെ ഗോളിന് അസിസ്റ്റ് നൽകിയത് നെയ്മറാണ്. വിജയ ഗോളിന് വഴിവെച്ച നീക്കവും നെയ്മറിലൂടെയാണ് പുരോഗമിച്ചത്. മത്സരത്തിലുടനീളം മികച്ച പ്രകടനം നടത്തിയ താരം 16 ഡ്രിബ്ലിംഗുകളാണ് പൂർത്തിയാക്കിയത്. ഓപ്പോസിഷൻ ഹാഫിൽ 35 പാസുകൾ പൂർത്തിയാക്കിയ താരം 5 ചാൻസുകൾ ക്രിയേറ്റ് ചെയ്തു. പ്രമുഖ വെബ്സൈറ്റായ ‘ഹുസ്കോർഡ് ഡോട്ട് കോം’ നെയ്മറുടെ പ്രകടനത്തിന് നൽകിയ റേറ്റിംഗ് 9.5 ആണ്. ഏതായാലും PSGയുടെ അമ്പതാം വാർഷികാഘോഷം നെയ്മറുടെ ചിറകിലേറി കൂടുതൽ മികവുറ്റതാക്കാനായ സന്തോഷത്തിലാണ് ആരാധകർ.

Leave a Reply

Your email address will not be published. Required fields are marked *