ത്രില്ലർ സിനിമയെ വെല്ലുന്ന ട്വിസ്റ്റ്‌, മത്സരം കണ്ടവർ ഒന്നടങ്കം പറയുന്നു, എജ്ജാതി കളി !!

തൊണ്ണൂറാം മിനുട്ട് വരെ തോൽവി മുന്നിൽ കണ്ടു, ചാമ്പ്യൻസ് ലീഗിന്റെ സെമി ഫൈനൽ കാണാതെ പുറത്താവുമെന്ന സ്ഥിതിയിലായിരുന്നു പിഎസ്ജി, മറുഭാഗത്തെ അറ്റലാന്റയാവട്ടെ സെമി ഫൈനലിന്റെ തൊട്ടരികിലെത്തി ചരിത്രം സൃഷ്ടിക്കാൻ ഒരുങ്ങുന്നു. ആരാധകരൊക്കെ തന്നെയും പ്രതീക്ഷകൾ കൈവിടാൻ തുടങ്ങിയ നിമിഷമായിരുന്നു അത്. പക്ഷെ സംഭവിച്ചതോ സ്വപ്നത്തിൽ പോലും സംഭവിക്കാത്ത ട്വിസ്റ്റ്‌. ഫുട്ബോൾ എന്ത് കൊണ്ടാണ് അപ്രവചനാതീതമാകുന്നതും ഇത്രമേൽ ആവേശഭരിതമാകുന്നതെന്നും കാണിച്ചു തന്നത് കേവലം 149 സെക്കന്റുകൾ മാത്രമായിരുന്നു.

അതേ… ! 149 സെക്കന്റുകൾ പിന്നിട്ട് കഴിഞ്ഞപ്പോൾ പിഎസ്ജി ഒരു ഗോളിന്റെ ലീഡ് നേടികൊണ്ട് സെമിയിലേക്ക്.. അറ്റലാന്റയാവട്ടെ ഹൃദയം തകർന്നു കൊണ്ട് പുറത്തേക്കും. ഒരു ദുസ്വപ്നം പോലെയേ അറ്റലാന്റ ആരാധകർക്ക് ഈ മത്സരത്തെ കാണാനാവുകയോളളൂ. ഒരു നിമിഷത്തെ അശ്രദ്ധക്കും പിഴവിനും ഫുട്ബോളിൽ എത്രത്തോളം വലിയ വില നൽകേണ്ടി വരുമെന്നതിനുള്ള ഉത്തമഉദാഹരണമായിരുന്നു ഇന്നലത്തെ മത്സരം. ഒടുക്കം കണ്ണീരോടെ അറ്റലാന്റ താരങ്ങൾ ചാമ്പ്യൻസ് ലീഗിന് പുറത്തേക്ക്.

ആരാണ് ഇന്നലത്തെ മത്സരത്തിന്റെ ഗതി തിരിച്ചു വിട്ടത്? എംബാപ്പെയോ? ചോപോ മോട്ടിങ്ങോ? നെയ്മറോ? കൃത്യമായ ഒരുത്തരം നൽകാൻ സാധിക്കില്ല. പക്ഷെ ഒന്നുറപ്പാണ്. പിഎസ്ജിയുടെ പോരാട്ടവീര്യവും ചങ്കുറപ്പും ആത്മവിശ്വാസവും തളരാൻ ഒരുക്കമല്ലാത്ത മനസ്സുമാണ് അവരെ വിജയത്തിലേക്ക് എത്തിച്ചത്. അതിനു നെയ്മറും എംബാപ്പെയും മോട്ടിങ്ങും മാർക്കിഞ്ഞോസും കാരണക്കാരായി എന്ന് മാത്രം. മത്സരത്തിന്റെ ഓരോ നിമിഷവും വിജയതൃഷ്‌ണതയോടെയാണ് പിഎസ്ജി പോരാടിയത് എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. അവർക്കതിനുള്ള ഫലവും ലഭിച്ചു. ദീർഘകാലത്തിന് ശേഷം ചാമ്പ്യൻസ് ലീഗിന്റെ സെമി ഫൈനലിലേക്ക്.

തുടക്കത്തിൽ നെയ്‌മർ സുവർണാവസരം നഷ്ടപ്പെടുത്തുന്നു, പിന്നീട് നവാസിന്റെ കണ്ണഞ്ചിപ്പിക്കുന്ന സേവുകൾ, ഒടുക്കം പസലിച്ചിന്റെ ഗോൾ വരുന്നു, തിരിച്ചടിക്കാൻ ശ്രമിച്ചിട്ടും സാധിക്കാതെ പിഎസ്ജി, മിന്നും പ്രകടനം പുറത്തെടുത്തിട്ടും ഗോൾ നേടാനാവാതെ വലയുന്ന നെയ്മർ. രണ്ടാം പകുതിയിൽ എംബാപ്പെ വരുന്നു. ഇടയ്ക്കിടെ എംബാപ്പെയുടെ മുന്നേറ്റങ്ങൾ. മോട്ടിങ് വരുന്നു, ഒടുവിൽ കൂട്ടായ മുന്നേറ്റത്തിനൊടുവിൽ നെയ്മറുടെ പാസിൽ നിന്ന് മാർക്കിഞ്ഞോസിന്റെ ഗോൾ. ആ ഗോളിന്റെ ആഘോഷം തീരുന്നതിന് മുൻപ് എംബാപ്പെയുടെ പാസിൽ നിന്ന് മോട്ടിങ്ങിന്റെ ഗോൾ. ഒരു ത്രില്ലെർ സിനിമയിൽ ഉണ്ടാവുന്ന നാടകീയതകൾ സമ്മാനിച്ച മത്സരമായിരുന്നു ഇന്നലെ. മത്സരം കണ്ടവർ ഒന്നടങ്കം പറഞ്ഞത് ഇങ്ങനെയാണ്… എജ്ജാതി കളി !!

Leave a Reply

Your email address will not be published. Required fields are marked *