ചാമ്പ്യൻസ് ലീഗിൽ മെസ്സിക്കെതിരെ ഒരൊറ്റ ഗോൾ പോലുമില്ല, ഇത്തവണ ആ ദുഷ്പ്പേര് മാറ്റാൻ ക്രിസ്റ്റ്യാനോക്കാവുമോ?

ഫുട്ബോൾ ലോകം കാത്തുകാത്തിരുന്ന ആ പോരാട്ടത്തിന് ഇനി ഒരു ദിവസം മാത്രമേയൊള്ളൂ. നാളെ, അതായത് ചൊവ്വാഴ്ച രാത്രി ഇന്ത്യൻ സമയം 1:30-നാണ് ഫുട്ബോൾ ലോകത്തെ രണ്ട് ഇതിഹാസങ്ങൾ തമ്മിൽ മാറ്റുരക്കുന്നത്. രണ്ടു വർഷത്തെ ഇടവേളക്ക്‌ ശേഷം സൂപ്പർ താരങ്ങളായ ലയണൽ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും പരസ്പരം മുഖാമുഖം വരികയാണ്. ആദ്യ മത്സരത്തിൽ യുവന്റസ് ബാഴ്സയോട് രണ്ടു ഗോളിന് പരാജയപ്പെട്ടിരുന്നുവെങ്കിലും കോവിഡ് കാരണം ക്രിസ്റ്റ്യാനോക്ക്‌ കളിക്കാൻ സാധിച്ചിരുന്നില്ല. എന്നാൽ ക്യാമ്പ് നൗവിൽ നടക്കുന്ന ഈ മത്സരത്തിൽ ഇരുവരും കളിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

എന്നാൽ മത്സരത്തിൽ ഒരു ദുഷ്പ്പേര് മാറ്റാനുള്ള ഒരുക്കത്തിലാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ. മറ്റൊന്നുമല്ല, ഇതുവരെ ലയണൽ മെസ്സിയുൾപ്പെട്ട ടീമിനെതിരെ ചാമ്പ്യൻസ് ലീഗിൽ ഗോൾ നേടാൻ ക്രിസ്റ്റ്യാനോക്ക്‌ സാധിച്ചിട്ടില്ല.അഞ്ച് തവണയാണ് ഇരുവരും തമ്മിൽ ചാമ്പ്യൻസ് ലീഗിൽ ഏറ്റുമുട്ടിയിട്ടുള്ളത്. എന്നാൽ ഈ മത്സരങ്ങളിൽ നിന്നായി ലയണൽ മെസ്സി മൂന്ന് ഗോളുകൾ സ്വന്തം പേരിൽ കുറിച്ചിട്ടുണ്ട്.

ക്രിസ്റ്റ്യാനോ മാഞ്ചസ്റ്റർ യുണൈറ്റഡിൽ കളിക്കുന്ന കാലത്താണ് ഇരുവരും പരസ്പരം ചാമ്പ്യൻസ് ലീഗിൽ കൊമ്പുകോർത്തിട്ടുള്ളത്. എന്നാൽ ഈ മത്സരങ്ങളിൽ ഗോൾ നേടാൻ റൊണാൾഡോക്ക്‌ കഴിയാതെ പോവുകയായിരുന്നു. മെസ്സിയാവട്ടെ മൂന്ന് തവണ വലകുലുക്കുകയും ചെയ്തു. ഇത്തവണ ആ ദുഷ്പ്പേര് മാറ്റാനുള്ള ഒരുക്കത്തിലാണ് റൊണാൾഡോ.

ഇതുവരെ 33 തവണയാണ് മെസ്സിയും റൊണാൾഡോയും പരസ്പരം ഏറ്റുമുട്ടിയിട്ടുള്ളത്. ഇതിൽ 15 എണ്ണത്തിൽ മെസ്സിയുടെ ടീമാണ് വിജയം കൊയ്തത്. മെസ്സി 21 ഗോളുകൾ ഈ മത്സരങ്ങളിൽ നിന്നായി കണ്ടെത്തുകയും ചെയ്തു. ക്രിസ്റ്റ്യാനോയുടെ ടീം ഇതിൽ 9 തവണയാണ് വിജയം സ്വന്തമാക്കിയിട്ടുള്ളത്. 18 ഗോളുകൾ ക്രിസ്റ്റ്യാനോ ഈ മത്സരങ്ങളിൽ നിന്നായി സ്വന്തം പേരിലാക്കുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *