ക്രിസ്റ്റ്യാനോയുടെ അഭാവത്തിൽ ടീമിനെ ചുമലിലേറ്റി മൊറാറ്റ, ചാമ്പ്യൻസ് ലീഗിലെ ആദ്യ ജയം നേടി പിർലോ !
യുവേഫ ചാമ്പ്യൻസ് ലീഗിൽ ഗ്രൂപ്പ് ജിയിൽ നടന്ന മത്സരത്തിൽ കരുത്തരായ യുവന്റസിന് വിജയം. എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് ഡൈനാമോ കീവിനെ തകർത്തു കൊണ്ടാണ് പിർലോ ചാമ്പ്യൻസ് ലീഗിലെ ആദ്യ വിജയം കരസ്ഥമാക്കിയത്. ഇരട്ടഗോളുകൾ നേടിയ അൽവാരോ മൊറാറ്റയാണ് യുവന്റസിന്റെ വിജയശില്പി. സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അഭാവത്തിൽ താരം ടീമിനെ ചുമലിലേറ്റുകയായിരുന്നു. മത്സരത്തിന്റെ 46, 84 മിനുട്ടുകളിലാണ് താരം ഗോൾ നേടിയത്. ഡൈനാമോ കീവിന്റെ മൈതാനത്ത് നടന്ന മത്സരത്തിൽ എതിരാളികൾ യുവന്റസിന് വെല്ലുവിളി ഉയർത്തുക തന്നെ ചെയ്തിരുന്നു. ജയത്തോടെ നിർണായകമായ മൂന്ന് പോയിന്റുകൾ പോക്കറ്റിലാക്കാൻ യുവന്റസിന് സാധിച്ചു. തന്റെ മുൻ പരിശീലകൻ ലൂചെസ്ക്കുവിനെതിരെ വിജയം നേടാൻ പിർലോക്ക് കഴിഞ്ഞു.
FT | Il nostro viaggio in @ChampionsLeague ricomincia con una vittoria ⚪⚫
— JuventusFC (@juventusfc) October 20, 2020
Torniamo a casa con i tre punti confezionati dalla doppietta di @AlvaroMorata 😎😎#DynamoJuve [0-2] #JuveUCL pic.twitter.com/ey05Mfe54y
അൽവാരോ മൊറാറ്റ, കുലുസെവ്സ്ക്കി എന്നിവരെ മുന്നേറ്റത്തിൽ അണിനിരത്തിയാണ് പിർലോ ആദ്യ ഇലവൻ പുറത്ത് വിട്ടത്. സൂപ്പർ താരം പൌലോ ദിബാലക്ക് അദ്ദേഹം ഇടം നൽകിയില്ല. ആദ്യ പകുതിയിൽ ഗോളുകൾ ഒന്നും തന്നെ നേടാൻ യുവന്റസിന് കഴിയാതെ പോവുകയായിരുന്നു. എന്നാൽ രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ യുവന്റസ് വലകുലുക്കി. കുലുസെവ്സ്ക്കിയുടെ ഷോട്ട് ഡൈനാമോ കീവ് ഗോൾകീപ്പർ തടുത്തിട്ടുവെങ്കിലും തക്കം പാർത്തു നിന്ന മൊറാറ്റ വല ചലിപ്പിക്കുകയായിരുന്നു. തുടർന്ന് 84-ആം മിനിട്ടിലാണ് മൊറാറ്റ യുവന്റസിന് ലീഡുയർത്തി കൊടുക്കുന്നത്. ക്വഡ്രാഡോയുടെ ക്രോസിൽ നിന്ന് ഒരു ഹെഡറിലൂടെയാണ് മൊറാറ്റ ഇരട്ടഗോൾ പൂർത്തിയാക്കിയത്. ഇനി കരുത്തരായ ബാഴ്‌സയെയാണ് യുവന്റസിന് നേരിടാനുള്ളത്.
Emoji per @AlvaroMorata!
— JuventusFC (@juventusfc) October 20, 2020
🕶#DynamoJuve pic.twitter.com/DjjM3oxvwD