കിരീടം തന്നെ ലക്ഷ്യം, മാർക്കിഞ്ഞോസ് പറയുന്നു !

ചാമ്പ്യൻസ് ലീഗ് കിരീടം തന്നെയാണ് തങ്ങളുടെ ലക്ഷ്യമെന്നും എന്നാൽ അത് നേടൽ അത്ര എളുപ്പമല്ല എന്ന ബോധ്യവുമുണ്ടെന്ന് പിഎസ്ജി സൂപ്പർ താരം മാർക്കിഞ്ഞോസ്. കഴിഞ്ഞ ദിവസം യുവേഫ ചാമ്പ്യൻസ് ലീഗിന്റെ ഒഫീഷ്യൽ വെബ്സൈറ്റിന് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യങ്ങളെ കുറിച്ച് സംസാരിച്ചത്. ക്ലബ്ബിനകത്ത് ഒരുപാട് മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ടെന്നും അതിന്റെ ഫലമാണ് ഈ സീസണിൽ നടത്തുന്ന ഈ മികച്ച പ്രകടനമെന്നും താരം കൂട്ടിച്ചേർത്തു. ആർബി ലീപ്സിഗ് കരുത്തരായ യുവനിരയാണെന്നും ഭയമില്ലാതെ പോരാടുന്നവർ ആണെന്നും പക്ഷെ ഞങ്ങൾക്ക് ചെയ്യാൻ കഴിയുന്നതിന്റെ പരമാവധി ഞങ്ങൾ ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു. കൂടാതെ അറ്റലാന്റക്കെതിരെയുള്ള സമനില ഗോൾ നേടിയതിന്റെ സന്തോഷം പങ്കുവെക്കാനും താരം മറന്നില്ല. ആ ഗോൾ എങ്ങനെ ആഘോഷിക്കണമെന്ന് എനിക്ക് അറിയില്ലായിരുന്നുവെന്നും അത്രയേറെ ആവേശഭരിതനായിരുന്നു താനെന്നും ഈ ബ്രസീലിയൻ താരം കൂട്ടിച്ചേർത്തു. താരം നൽകിയ അഭിമുഖത്തിന്റെ രത്നചുരുക്കം ഇങ്ങനെയാണ്.

” ഞങ്ങൾ ഒരുപാട് മാറിയിട്ടുണ്ട്. ഞാൻ പിഎസ്ജിയിൽ ഏഴ് വർഷമായി തുടരുന്നുണ്ട്. ഈ അടുത്ത കാലത്ത് ഒരുപാട് നല്ല താരങ്ങൾ വരികയും ടീം ശക്തിപ്പെടുകയും ചെയ്തിട്ടുണ്ട്. ഞങ്ങൾക്ക് പരിക്കിന്റെ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. പക്ഷെ അതേ ക്വാളിറ്റിയുള്ള മറ്റു താരങ്ങൾ ഉണ്ട് എന്നുള്ളതാണ് ഈ സീസണിൽ ഞങ്ങൾക്ക് ഏറ്റവും കൂടുതൽ ശക്തി പകർന്ന കാര്യം. പിഴവുകളും ബുദ്ധിമുട്ടുകളുമെല്ലാം തരണം ചെയ്താണ് ഞങ്ങൾ ഈ നിലയിൽ എത്തിയത്. അറ്റലാന്റക്കെതിരെയുള്ള ആ ഗോൾ ഞാൻ എന്റെ ജീവിതത്തിൽ അനുഭവിച്ച ഏറ്റവും മഹത്തായ അനുഭവങ്ങളിൽ ഒന്നായിരുന്നു. എങ്ങനെ ആഘോഷിക്കണം എന്ന് എനിക്കൊരു നിശ്ചയവുമില്ലായിരുന്നു. ഞാൻ ബെഞ്ചിലുള്ള എന്റെ സഹതാരങ്ങളെ നോക്കി. അവർ ആവേശത്തോടെ എന്തൊക്കെയോ ചെയ്യുന്നുണ്ട്. അതൊരു നല്ല നിമിഷമായിരുന്നു. ലീപ്സിഗ് യുവപ്രതിഭകൾ നിറഞ്ഞ ഭയമൊന്നും കൂടാതെ കളിക്കുന്ന ടീമാണ്. അത്ലറ്റിക്കോ മാഡ്രിഡിനെതിരെ അവർ ആധിപത്യം സ്ഥാപിച്ചത് നാം കണ്ടതാണ്. പക്ഷെ ഞങ്ങൾ ഞങ്ങളുടെ കഴിവിന്റെ പരമാവധി ചെയ്യും. ഞങ്ങളുടെ സ്വപ്നവും ലക്ഷ്യവും കിരീടമാണ്. പക്ഷെ അത് എളുപ്പമല്ല എന്നറിയാം. അത്കൊണ്ട് തന്നെ ഞങ്ങൾ ബോധവാൻമാരാണ് ” മാർക്കിഞ്ഞോസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *