ഉടനെ കാണാം സഹോദരാ : മാക്ക് ആല്ലിസ്റ്റർ സഹോദരന്മാരുടെ പോരാട്ടം വരുന്നു!
ഇംഗ്ലീഷ് പ്രീമിയർ ലീഗ് വമ്പൻമാരായ ലിവർപൂളിന് ഇത്തവണത്തെ യുവേഫ ചാമ്പ്യൻസ് ലീഗിന് യോഗ്യത നേടാൻ സാധിച്ചിരുന്നില്ല.കഴിഞ്ഞ പ്രീമിയർ ലീഗ് സീസണിൽ അവർ അഞ്ചാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. ആദ്യ നാലിൽ ഇടം ലഭിക്കാത്തതിനാലാണ് ചാമ്പ്യൻസ് ലീഗിന് യോഗ്യത ലഭിക്കാനാവാതെ പോയത്. ഈ സീസണിൽ ഇനി യൂറോപ്പ ലീഗിലാണ് ലിവർപൂൾ കളിക്കുക.
യൂറോപ്പ ലീഗിന്റെ ഗ്രൂപ്പ് നിർണയം അവസാനിച്ചിരുന്നു. ഗ്രൂപ്പ് E യിലാണ് ലിവർപൂൾ ഇടം നേടിയിട്ടുള്ളത്.LASK,ടുളുസെ, യൂണിയൻ SG എന്നീ ക്ലബ്ബുകൾക്കെതിരെയാണ് ലിവർപൂളിന് കളിക്കേണ്ടത്. ഇവിടത്തെ രസകരമായ ഒരു കാര്യം എന്തെന്നാൽ അർജന്റൈൻ സൂപ്പർ താരമായ അലക്സിസ് മാക്ക് ആല്ലിസ്റ്ററും അദ്ദേഹത്തിന്റെ സഹോദരനും മുഖാമുഖം വരുന്നു എന്നുള്ളതാണ്. ബെൽജിയൻ ക്ലബ്ബായ യൂണിയൻ SGക്ക് വേണ്ടിയാണ് അലക്സിസ് മാക്ക് ആല്ലിസ്റ്ററുടെ സഹോദരനായ കെവിൻ മാക്ക് ആല്ലിസ്റ്റർ കളിക്കുന്നത്.
— Royale Union Saint-Gilloise (@UnionStGilloise) September 1, 2023
ഈ സമ്മർ ട്രാൻസ്ഫർ ജാലകത്തിലായിരുന്നു രണ്ടു താരങ്ങളും കൂടു മാറിയത്.അലക്സിസ് ബ്രൈറ്റണിൽ എന്നാണ് ലിവർപൂളിൽ എത്തിയത്. അതേസമയം സഹോദരനായ കെവിൻ അർജന്റീനോസ് ജൂനിയേഴ്സിൽ നിന്നാണ് യൂണിയൻ എസ്ജിയിൽ എത്തിയത്.അർജന്റൈൻ ക്ലബ്ബിന് വേണ്ടി ദീർഘകാലം കളിക്കാൻ കെവിന് സാധിച്ചിട്ടുണ്ട്. ഏതായാലും ഈ ഗ്രൂപ്പ് പുറത്തുവന്നതോടുകൂടി യൂണിയൻ SG ഒരു വീഡിയോ പുറത്ത് വിട്ടിട്ടുണ്ട്. ലിവർപൂളിനെ എതിരാളികളായി ലഭിച്ചതിലുള്ള സന്തോഷം ഈ ബെൽജിയൻ ക്ലബ്ബ് താരങ്ങൾ പ്രകടിപ്പിക്കുന്നുണ്ട്.
മാത്രമല്ല കെവിൻ തന്റെ സഹോദരനായ അലക്സിസിന് ഒരു സന്ദേശം ആ വീഡിയോയിൽ നൽകുന്നുമുണ്ട്. ഉടനെ തന്നെ കാണാം സഹോദരാ എന്നാണ് കെവിൻ ആ വീഡിയോയിൽ പറയുന്നത്. ലിവർപൂളിന് വേണ്ടി മാക്ക് ആലിസ്റ്റർ പ്രീമിയർ ലീഗിലെ 3 മത്സരങ്ങളും കളിച്ചിട്ടുണ്ട്. നേരത്തെ ബ്രൈറ്റണ് വേണ്ടി തകർപ്പൻ പ്രകടനം പുറത്തെടുത്തിട്ടുള്ള താരമാണ് മാക്ക് ആല്ലിസ്റ്റർ.