മെസ്സി ബാലൺഡി’ഓർ നേടിയാൽ അത് അപവാദമായിരിക്കും: വിമർശനവുമായി പ്രീമിയർ ലീഗ് താരങ്ങൾ!

ഈ വർഷത്തെ ഏറ്റവും മികച്ച താരത്തിന് സമ്മാനിക്കുന്ന ബാലൺഡി’ഓർ പുരസ്കാരം ആരാണ് നേടുക എന്നറിയാൻ ഇനി അധികം കാത്തിരിക്കേണ്ടതില്ല.വരുന്ന ഒക്ടോബർ മുപ്പതാം തീയതിയാണ് പുരസ്കാര ജേതാവിനെ പ്രഖ്യാപിക്കുക. ലയണൽ മെസ്സിയും ഏർലിംഗ് ഹാലന്റുമാണ് ഇതിനുവേണ്ടി പ്രധാനമായും പോരാടുന്നത്. എന്നാൽ മെസ്സിക്ക് തന്നെയാണ് ഇത്തവണത്തെ പുരസ്കാരം എന്നുള്ളതിന്റെ സൂചനകൾ ലഭിച്ചു കഴിഞ്ഞു.

ഇതിനെതിരെ രംഗത്ത് വന്നിരിക്കുകയാണ് പ്രീമിയർ ലീഗ് താരങ്ങളായ മിഷേൽ അന്റോണിയോയും കാള്ളം വിൽസണും.ഹാലന്റിനെ മറികടന്നുകൊണ്ട് മെസ്സി ഇത്തവണ ഈ അവാർഡ് നേടുകയാണെങ്കിൽ അത് തീർച്ചയായും അപവാദമായിരിക്കും എന്നാണ് അന്റോണിയോ പറഞ്ഞിട്ടുള്ളത്.ഈ വെസ്റ്റ് ഹാം സ്ട്രൈക്കറുടെ വാക്കുകൾ ഇങ്ങനെയാണ്.

“ലയണൽ മെസ്സി വേൾഡ് കപ്പ് നേടിയത് വലിയൊരു നേട്ടമാണ് എന്നത് ഞാൻ മനസ്സിലാക്കുന്നു. പക്ഷേ നിങ്ങൾക്ക് ഹാലന്റിനെ അവഗണിക്കാനാവില്ല. മൂന്ന് കിരീടങ്ങളാണ് അദ്ദേഹം മാഞ്ചസ്റ്റർ സിറ്റിക്ക് നേടിക്കൊടുത്തത്.നിരവധി റെക്കോർഡുകൾ അദ്ദേഹം തകർത്തു. അദ്ദേഹം ഇത്തവണത്തെ ബാലൺഡി’ഓർ നേടിയിട്ടില്ലെങ്കിൽ അത് തീർച്ചയായും ഒരു അപവാദം തന്നെയായിരിക്കും ” ഇതാണ് അന്റോണിയോ പറഞ്ഞിട്ടുള്ളത്.

ന്യൂകാസിൽ യുണൈറ്റഡിന്റെ മുന്നേറ്റ നിര താരമായ വിൽസൺ ഇത് ശരിവെക്കുകയും ചെയ്തു.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” കഴിഞ്ഞ സീസണിൽ ഹാലന്റ് ചെയ്തത് നിങ്ങൾക്ക് ഒരിക്കലും അവഗണിക്കാനാവില്ല.നിങ്ങൾ കണക്കുകൾ വെച്ച് താരതമ്യം ചെയ്യുകയാണെങ്കിൽ നിർബന്ധമായും വിജയിക്കേണ്ടത് ഹാലന്റ് തന്നെയാണ്.മെസ്സി ഇപ്പോൾ അമേരിക്കയിലാണ് കളിക്കുന്നത്.ഹാലന്റ് പ്രീമിയർ ലീഗിലും ” ഇതാണ് വിൽസൺ പറഞ്ഞിട്ടുള്ളത്.

ഏതായാലും ലയണൽ മെസ്സിക്ക് തന്നെയാണ് ഇത്തവണ ഏറ്റവും കൂടുതൽ സാധ്യതകൾ കൽപ്പിക്കപ്പെടുന്നത്. ഏഴുതവണ ഈ അവാർഡ് നേടിയിട്ടുള്ള മെസ്സി തന്നെയാണ് ഫുട്ബോൾ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ബാലൺഡി’ഓർ പുരസ്കാരം നേടിയിട്ടുള്ള താരം.

Leave a Reply

Your email address will not be published. Required fields are marked *