മെസ്സി നേടിയ ബാലൺഡി’ഓർ റോബറി, പക്ഷേ ഞാൻ ഹാപ്പിയാണ്: സ്നൈഡർ
2010ൽ ഗംഭീര പ്രകടനമായിരുന്നു ഡച്ച് സൂപ്പർ താരമായിരുന്ന വെസ്‌ലി സ്നൈഡർ നടത്തിയിരുന്നത്. ക്ലബ്ബിന് വേണ്ടിയും രാജ്യത്തിനുവേണ്ടിയും തിളങ്ങാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. ഇന്റർ മിലാനോടൊപ്പം ചാമ്പ്യൻസ് ലീഗ് കിരീടം ഉൾപ്പെടെ മൂന്ന് കിരീടങ്ങൾ അദ്ദേഹം സ്വന്തമാക്കിയിരുന്നു. എന്നാൽ ആ വർഷത്തെ ബാലൺഡി’ഓർ പുരസ്കാരം ലയണൽ മെസ്സിയാണ് സ്വന്തമാക്കിയത്. അക്കാര്യത്തിൽ വലിയ വിവാദങ്ങൾ നിലനിന്നിരുന്നു.
സ്നൈഡറാണ് ആ പുരസ്കാരം അർഹിച്ചത് എന്ന വാദം ഫുട്ബോൾ ലോകത്ത് വളരെയധികം ശക്തമായിരുന്നു.ഇപ്പോഴും അതേക്കുറിച്ച് സംസാരങ്ങൾ നടക്കുന്നുണ്ട്.അന്നത്തെ ബാലൺഡി’ഓർ റോബറി ആയിരുന്നുവെന്നും ഇപ്പോഴും ആളുകൾ അതേക്കുറിച്ച് സംസാരിക്കുന്നതിൽ താൻ ഹാപ്പിയാണ് എന്നുമാണ് വെസ്‌ലി സ്നൈഡർ ഇതേ കുറിച്ച് പറഞ്ഞിട്ടുള്ളത്. അദ്ദേഹത്തിന്റെ വാക്കുകളെ ESPN റിപ്പോർട്ട് ചെയ്തിരിക്കുന്നത് ഇങ്ങനെയാണ്.
“2010ലെ ബാലൺഡി’ഓർ റോബറിയായിരുന്നു.പക്ഷേ സത്യം പറഞ്ഞാൽ ഞാൻ ഹാപ്പിയാണ്. കാരണം ഈ 2024ലും ആളുകൾ അതേക്കുറിച്ച് സംസാരിക്കുന്നു.2010ൽ നിങ്ങൾ റോബ് ചെയ്യപ്പെട്ടു എന്ന് പലരും എന്നോട് ഇപ്പോഴും പറയുന്നുണ്ട്. ഞാൻ അന്ന് അത് നേടിയിരുന്നുവെങ്കിൽ,ഞാൻ കൊള്ളയടിച്ചതാണ് എന്ന് ഇപ്പോഴും ആളുകൾ പറഞ്ഞു നടക്കുമായിരുന്നു.വ്യക്തിഗത പുരസ്കാരങ്ങൾ കൊള്ളാം. പക്ഷേ ടീമിനോടൊപ്പം ഉള്ള നേട്ടങ്ങളാണ് ഏറ്റവും വലുത്.ബാലൺഡി’ഓർ നേടുന്നതിനേക്കാൾ ഞാൻ വിലമതിക്കുന്നത് ചാമ്പ്യൻസ് ലീഗ് കിരീടത്തിന് തന്നെയാണ് ” ഇതാണ് സ്നൈഡർ പറഞ്ഞിട്ടുള്ളത്.
ഇത്തവണത്തെ ബാലൺഡി’ഓർ പുരസ്കാരം വിനീഷ്യസിനെ പരാജയപ്പെടുത്തിക്കൊണ്ട് റോഡ്രി സ്വന്തമാക്കിയിരുന്നു. ഈ വിഷയത്തിൽ വലിയ വിവാദങ്ങൾ അരങ്ങേറിയിരുന്നു. അതേ തുടർന്നാണ് ബാലൺഡി’ഓർ റോബറി വീണ്ടും വലിയ ചർച്ചാവിഷയമായത്.ആ കൂട്ടത്തിലാണ് സ്‌നയ്ഡറുടെ കാര്യം കൂടി ഇപ്പോൾ ചർച്ച ചെയ്യപ്പെടുന്നത്.