മെസ്സിയല്ല GOAT,എംബപ്പേയും ക്രിസ്റ്റ്യാനോയുമുണ്ട്: ദിദിയർ ദെഷാപ്സ്.

തന്റെ എട്ടാമത്തെ ബാലൺഡി’ഓർ പുരസ്കാരം സ്വന്തമാക്കാൻ കഴിഞ്ഞ ദിവസം സൂപ്പർ താരം ലയണൽ മെസ്സിക്ക് സാധിച്ചിരുന്നു.ഏർലിംഗ് ഹാലന്റ്,എംബപ്പേ എന്നിവരെ പരാജയപ്പെടുത്തി കൊണ്ടാണ് മെസ്സി ഒരിക്കൽ കൂടി ബാലൺഡി’ഓർ സ്വന്തമാക്കിയിട്ടുള്ളത്.കഴിഞ്ഞ വേൾഡ് കപ്പ് കിരീടം നേട്ടമാണ് മെസ്സിക്ക് മുൻതൂക്കം നൽകിയത്. അന്ന് ഫൈനലിൽ ഫ്രാൻസിനെയായിരുന്നു അവർ പരാജയപ്പെടുത്തിയിരുന്നത്.

വേൾഡ് കപ്പ് നേടിയതോടുകൂടി തന്നെ ലയണൽ മെസ്സിയെ പലരും ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും മികച്ച താരമായി കൊണ്ട് പരിഗണിച്ചു തുടങ്ങിയിരുന്നു.എട്ടാമത്തെ ബാലൺഡി’ഓർ കൂടി നേടിയതോടെ മെസ്സി തന്നെയാണ് GOAT എന്നാണ് പലരും അഭിപ്രായപ്പെടുന്നത്.എന്നാൽ ഫ്രഞ്ച് ദേശീയ ടീമിന്റെ പരിശീലകനായ ദിദിയർ ദെഷാപ്സിന് ഇക്കാര്യത്തോട് ഒരിക്കലും യോജിക്കാൻ ആവുന്നില്ല.ഫുട്ബോൾ ചരിത്രത്തിലെ മികച്ച താരങ്ങളിൽ ഒരാൾ മാത്രമാണ് മെസ്സി എന്നാണ് ഫ്രാൻസ് കോച്ച് പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” അർജന്റീനക്കാർ പറയുന്നത് ലയണൽ മെസ്സിയാണ് ഫുട്ബോൾ ചരിത്രത്തിലെ എക്കാലത്തെയും മികച്ച താരം എന്നാണ്.എന്നാൽ അങ്ങനെ പറയാൻ കഴിയില്ല.മെസ്സി ചരിത്രത്തിലെ മികച്ച താരങ്ങളിൽ ഒരാൾ മാത്രമാണ്.ക്രിസ്റ്റ്യാനോ റൊണാൾഡോ,കിലിയൻ എംബപ്പേ എന്നിവരെക്കാൾ മികച്ച താരമാണ് മെസ്സി എന്ന് പറയൽ വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. പ്രത്യേകിച്ച് എംബപ്പേക്ക് പ്രായവും കുറവാണ് ” ഇതാണ് ഫ്രഞ്ച് പരിശീലകൻ പറഞ്ഞിട്ടുള്ളത്.

അതായത് മെസ്സിക്ക് തുല്യമാണ് റൊണാൾഡോയും എംബപ്പേയും എന്നാണ് ഇദ്ദേഹം അവകാശപ്പെടുന്നത്. എന്നാൽ ലയണൽ മെസ്സിയുടെ നേട്ടങ്ങൾ ഒരിക്കലും ഇതിനോട് പൊരുത്തപ്പെടുന്ന ഒന്നല്ല.എംബപ്പേയുടെ മുന്നിൽ ഇനിയും നീളമേറിയ കരിയർ ഉണ്ടെങ്കിലും മെസ്സി ആ പ്രായത്തിൽ സ്വന്തമാക്കിയത് ഒന്നും തന്നെ നേടാൻ എംബപ്പേക്ക് കഴിഞ്ഞിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *