മൂല്യം കൂടിയ താരങ്ങൾ: എംബപ്പേ ഒന്നാമത്, മെസ്സിയെ മറികടന്ന് സാഞ്ചോ
ട്രാൻസ്ഫർ മാർക്കറ്റിന്റെ പുതുക്കിയ താരങ്ങളുടെ മൂല്യം പുറത്തുവിട്ടു. ഫുട്‍ബോളിനെ ബാധിച്ച കൊറോണ താരങ്ങളുടെ മൂല്യത്തെയും ബാധിച്ചിട്ടുണ്ട്. എല്ലാ താരങ്ങളുടെയും മൂല്യം കുറയാൻ കൊറോണ ഇടയാക്കി. സൂപ്പർ താരം കെയ്‌ലിൻ എംബപ്പേയാണ് മൂല്യം കൂടിയ താരങ്ങളിൽ ഒന്നാമത്. പിഎസ്ജിയുടെ തന്നെ നെയ്മർ ജൂനിയറാണ് രണ്ടാമതുള്ളത്.
180 മില്യനാണ് എംബപ്പേയുടെ മൂല്യം. പത്ത് ശതമാനം കുറഞ്ഞിരിക്കുകയാണ് താരത്തിന്റേത്. രണ്ടാമതുള്ള നെയ്മറിന്റെ മൂല്യം 128 മില്യൺ ആണ്. മൂന്നാമതുള്ള സ്റ്റെർലിങ്ങിന്റെ മൂല്യവും 128 മില്യൺ തന്നെയാണ്. സലാഹ്, മാനേ, ഡിബ്രൂയിൻ, കെയ്ൻ എന്നിവരാണ് നാല് മുതൽ ഏഴ് വരെ സ്ഥാനങ്ങളിൽ ഉള്ളത്. അതേ സമയം സൂപ്പർ താരം ലയണൽ മെസ്സിയെ മറികടന്ന് ജേഡൻ സാഞ്ചോ എട്ടാമത് എത്തി.
117 മില്യൺ ആണ് സാഞ്ചോയുടെ മൂല്യം. മെസ്സിയുടേത് ആവട്ടെ 112 മില്യൺ ആണ്. ഇരുപത് ശതമാനമാണ് മുൻപത്തെ മൂല്യത്തിൽ നിന്നും മെസ്സിയുടേത് കുറഞ്ഞത്. പതിനൊന്നാം സ്ഥാനം ഗ്രീസ്‌മാനും ഇരുപതാം സ്ഥാനം ഹസാർഡും നേടി. ഒൻപത് താരങ്ങൾക്ക് മാത്രമാണ് നൂറു മില്യണിൽ മുകളിൽ മൂല്യം നേടാനായത്. സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് ആദ്യമുപ്പതിൽ പോലും ഇടം നേടാനായില്ല. റൊണാൾഡോയുടെ മൂല്യം അറുപത് മില്യൺ ആയി കുറയുകയായിരുന്നു.