നെയ്മർക്കില്ലാത്ത ബാലൺഡി’ഓർ വിനി നേടാൻ പോകുന്നു, നടന്നു കയറുന്നത് ഇതിഹാസങ്ങളുടെ നിരയിലേക്ക്!
ഫുട്ബോൾ ലോകത്തെ ഏറ്റവും മികച്ച താരത്തിന് സമ്മാനിക്കുന്ന ബാലൺഡി’ഓർ പുരസ്കാര ജേതാവിനെ ഇന്നാണ് ഫ്രാൻസ് ഫുട്ബോൾ മാഗസിൻ പ്രഖ്യാപിക്കുക. ഇന്ന് രാത്രി ഇന്ത്യൻ സമയം 12:30ന് പാരിസിൽ വെച്ചു കൊണ്ടാണ് ഈ ചടങ്ങ് നടക്കുക. റയൽ മാഡ്രിഡിന്റെ ബ്രസീലിയൻ സൂപ്പർ താരമായ വിനീഷ്യസ് ജൂനിയർക്കാണ് ഇത്തവണ ഏറ്റവും കൂടുതൽ സാധ്യതകൾ കൽപ്പിക്കപ്പെടുന്നത്.അതേസമയം അദ്ദേഹത്തിന് ഏറ്റവും കൂടുതൽ വെല്ലുവിളി ഉയർത്തുന്നത് സ്പാനിഷ് സൂപ്പർ താരമായ റോഡ്രിയാണ്.
പക്ഷേ പല മാധ്യമങ്ങളുടെയും റിപ്പോർട്ടുകൾ പ്രകാരം വിനി തന്നെയാണ് ഇത്തവണത്തെ ബാലൺഡി’ഓർ നേടുക. കരിയറിലെ ആദ്യ ബാലൺഡി’ഓർ പുരസ്കാരമാണ് വിനിയെ കാത്തിരിക്കുന്നത്. കഴിഞ്ഞ സീസണിൽ ഗംഭീര പ്രകടനമാണ് അദ്ദേഹം റയൽ മാഡ്രിഡിന് വേണ്ടി നടത്തിയിട്ടുള്ളത്. അവരോടൊപ്പം ചാമ്പ്യൻസ് ലീഗ് കിരീടവും ലാലിഗയും സ്വന്തമാക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്.
വലിയ മത്സരങ്ങളിൽ തിളങ്ങി എന്നതാണ് വിനിയെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തനാക്കുന്ന കാര്യം. ചാമ്പ്യൻസ് ലീഗിലെ നോക്കോട്ട് സ്റ്റേജിലൊക്കെ ഗംഭീര പ്രകടനമാണ് അദ്ദേഹം നടത്തിയിട്ടുള്ളത്.വിനി ഇന്ന് ബാലൺഡി’ഓർ നേടുകയാണെങ്കിൽ അത് ബ്രസീൽ ആരാധകർക്കും ഏറെ സന്തോഷം നൽകുന്ന ഒരു കാര്യമായിരിക്കും. കാരണം ഒരു വലിയ ഇടവേളക്ക് ശേഷമാണ് ബ്രസീലിലേക്ക് ഇപ്പോൾ ബാലൺഡി’ഓർ പുരസ്കാരം എത്താൻ പോകുന്നത്.
ഏറ്റവുമൊടുവിൽ 2007 ലാണ് ഒരു ബ്രസീലിയൻ താരം ബാലൺഡി’ഓർ നേടിയത്.അന്ന് മെസ്സി,ക്രിസ്റ്റ്യാനോ എന്നിവരെ പിറകിലാക്കിക്കൊണ്ട് കക്കയാണ് ബാലൺഡി’ഓർ പുരസ്കാരം സ്വന്തമാക്കിയിട്ടുള്ളത്. ഇതുവരെ 5 ബാലൺഡി’ഓർ പുരസ്കാരങ്ങളാണ് ബ്രസീൽ സ്വന്തമാക്കിയിട്ടുള്ളത്.റൊണാൾഡോ നസാരിയോ,റിവാൾഡോ,റൊണാൾഡീഞ്ഞോ,കക്ക എന്നീ ഇതിഹാസങ്ങളാണ് ബ്രസീലിലേക്ക് ബാലൺഡി’ഓർ പുരസ്കാരം കൊണ്ടുവന്നിട്ടുള്ളത്.
ഇതിൽ റൊണാൾഡോ നസാരിയോ രണ്ടുതവണ ബാലൺഡി’ഓർ പുരസ്കാരം നേടിയിട്ടുണ്ട്. ബ്രസീലിയൻ സൂപ്പർതാരമായ നെയ്മർ ജൂനിയർക്ക് ഇതുവരെ ബാലൺഡി’ഓർ നേടാൻ കഴിഞ്ഞിട്ടില്ല എന്നത് ആരാധകർക്ക് വളരെയധികം നിരാശ നൽകുന്ന ഒരു കാര്യമാണ്. കരിയറിൽ ഒരു തവണയെങ്കിലും ബാലൺഡി’ഓർ പുരസ്കാരം അർഹിക്കുന്ന താരമായി കൊണ്ടാണ് പലരും നെയ്മറെ കണക്കാക്കുന്നത്. എന്നാൽ ഇതുവരെ അദ്ദേഹത്തിന് അത് സ്വന്തമാക്കാൻ കഴിഞ്ഞിട്ടില്ല. എന്നാൽ നെയ്മറുടെ പിൻഗാമിയായി കൊണ്ട് കടന്നുവന്ന വിനീഷ്യസ് ജൂനിയർ ചുരുങ്ങിയ കാലയളവ് കൊണ്ട് തന്നെ ഈ പുരസ്കാരം നേടാൻ പോവുകയാണ്. നെയ്മറാവട്ടെ ഇപ്പോൾ യൂറോപ്പ്യൻ ഫുട്ബോൾ വിട്ട് സൗദി അറേബ്യയിലേക്ക് പോവുകയും ചെയ്തു.