മെസ്സിയോ ക്രിസ്റ്റ്യാനോയോ? ഉത്തരവുമായി മാഴ്‌സെലോ
മെസ്സിയോ ക്രിസ്റ്റ്യാനോയോ? ആരാണ് മികച്ചത്? കഴിഞ്ഞ ഒരു ദശാബ്ദകാലത്തോളമായി ഫുട്ബോൾ ആരാധകരെ അലട്ടുന്ന ഒരു ചോദ്യമാണിത്. പലർക്കും അവരുടെ വ്യക്തിപരമായ അഭിപ്രായങ്ങളുണ്ടാവും. ഏതായാലും സമകാലീകഫുട്ബോൾ ലോകത്ത് ഇരുവരെയും വെല്ലുന്ന ഫുട്ബോൾ താരം ഇല്ല എന്നുള്ളത് ഒരു സത്യമാണ്. കഴിഞ്ഞ ദിവസം ഇതേ ചോദ്യം മാഴ്‌സെലോയോട് ചോദിക്കപ്പെട്ടു. ഇൻസ്റ്റാഗ്രാം ലൈവ് ബ്രോഡ്‌കാസ്റ്റിൽ ഫാബിയോ കന്നവാരോയാണ് മാഴ്‌സെലോയോട് ഈ ചോദ്യം ചോദിച്ചത്. എന്നാൽ ഈ ചോദ്യത്തിൽ നിന്ന് മാഴ്‌സെലോ പിന്മാറുകയാണ് ചെയ്തത്. ഫുട്ബോൾ കളിക്കുന്നവരെ വിഷമിപ്പിക്കുന്ന ഒരു ചോദ്യമാണ് ഇതെന്നായിരുന്നു മാഴ്‌സെലോയുടെ മറുപടി.
” ഫുട്ബോൾ കളിക്കുന്നവർക്ക് ഉത്തരം പറയാൻ ബുദ്ദിമുട്ടുണ്ടാക്കുന്ന ഒരു ചോദ്യമാണിത്. രണ്ട് പേർക്ക് അവരുടേതായ ഐഡിയകളുണ്ട്. ഞാൻ പത്ത് വർഷത്തോളം ക്രിസ്റ്റ്യാനോ റൊണാൾഡോക്കൊപ്പം കളിക്കുകയും പരിശീലനത്തിലേർപ്പെടുകയും ചെയ്തിട്ടുണ്ട്. കളത്തിൽ അദ്ദേഹം നൽകുന്ന പ്രചോദനം, കളത്തിൽ അദ്ദേഹം നടപ്പിലാക്കുന്ന കാര്യങ്ങൾ, അദ്ദേഹം സംസാരിക്കുന്ന രീതികൾ, സഹതാരം എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ സാമീപ്യം എന്നിവ മികച്ച അനുഭവങ്ങളാണ് ” മാഴ്‌സെലോ പറഞ്ഞു.