ബെസ്റ്റ് ഡ്രിബ്ലർ: റൊണാൾഡീഞ്ഞോയെ മറികടന്ന് മെസ്സി ജേതാവ്
ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും മികച്ച ഡ്രിബ്ലറാര്? കഴിഞ്ഞ ദിവസം പ്രമുഖ ഫ്രഞ്ച് മാധ്യമമായ ആർഎംസി സ്പോർട്സ് നടത്തിയ വോട്ടെടുപ്പിലെ ചോദ്യമിതായിരുന്നു. ഒടുക്കം ഫൈനലിൽ ഏറ്റുമുട്ടിയത് ഫുട്ബോൾ ചരിത്രത്തിലെ രണ്ട് ഇതിഹാസങ്ങളായിരുന്നു. ബാഴ്സലോണക്കാരുടെ പ്രിയപ്പെട്ട താരങ്ങളായ മെസ്സിയും റൊണാൾഡിഞ്ഞോയും. ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിൽ അന്തിമ വിജയം ലയണൽ മെസ്സിക്ക്. റൊണാൾഡിഞ്ഞോ പരാജയപ്പെട്ടതോ ചെറിയൊരു വിത്യാസത്തിനും. ഫൈനലിൽ 50.7 ശതമാനം വോട്ടുകൾ നേടിയപ്പോൾ 49.3 ശതമാനം വോട്ടുകളാണ് റൊണാൾഡീഞ്ഞോക്ക് ലഭിച്ചത്.
ആദ്യറൗണ്ടിൽ മെസ്സി ബെർക്യാമ്പിനെയാണ് പരാജയപ്പെടുത്തിയത്. രണ്ടാം റൗണ്ടിൽ ബ്രസീലിന്റെ കക്കയെയാണ് മെസ്സി പരാജയപ്പെടുത്തിയത്. പിന്നീട് സിദാനെയും മെസ്സി കീഴടക്കി. പെലെയെ കീഴടക്കി വന്ന റൊണാൾഡോയെയാണ് സെമിയിൽ മെസ്സി കീഴടക്കിയത്. മറുഭാഗത്ത് സീയെച്ചിനേയും റോബനെയുമാണ് ആദ്യം റൊണാൾഡീഞ്ഞോ തറപറ്റിച്ചത്. പിന്നീട് ക്രിസ്റ്റ്യാനോയെ കീഴടക്കി വന്ന ക്രൈഫിനെയും റൊണാൾഡീഞ്ഞോ തറപറ്റിച്ചു. ഒടുക്കം സ്വന്തം നാട്ടുകാരനായ നെയ്മറിനെ കീഴടക്കിയാണ് റൊണാൾഡിഞ്ഞോ ഫൈനലിലേക്ക് ടിക്കറ്റെടുത്തത്. ആരാധകർക്കിടയിലാണ് വോട്ടെടുപ്പ് നടത്തിയത്.