ബാലൺഡി’ഓർ റോഡ്രിക്ക് കിട്ടിയാൽ ഹാപ്പി :പെപ്
ഇത്തവണത്തെ ബാലൺഡി’ഓർ പുരസ്കാരം ആര് സ്വന്തമാക്കും എന്നതാണ് ഫുട്ബോൾ ആരാധകർ ഇപ്പോൾ ഉറ്റു നോക്കുന്ന ഒരു കാര്യം. വരുന്ന ഒക്ടോബർ 28 ആം തീയതി പാരീസിൽ വച്ചുകൊണ്ട് നടക്കുന്ന ചടങ്ങിലാണ് പുരസ്കാര ജേതാവിനെ പ്രഖ്യാപിക്കുക.നിലവിൽ മൂന്ന് താരങ്ങളാണ് മുൻപന്തിയിൽ ഉള്ളത്. റയൽ മാഡ്രിഡ് സൂപ്പർ താരങ്ങളായ വിനീഷ്യസ് ജൂനിയർ,ജൂഡ് ബെല്ലിങ്ങ്ഹാം, മാഞ്ചസ്റ്റർ സിറ്റി സൂപ്പർ താരമായ റോഡ്രി എന്നിവരാണ് പോരാട്ടത്തിൽ മുന്നിൽ നിൽക്കുന്നത്.
യുവേഫ യൂറോ കപ്പിലെ ഏറ്റവും മികച്ച താരത്തിനുള്ള പുരസ്കാരം സ്വന്തമാക്കിയത് റോഡ്രിയാണ്.കൂടാതെ യൂറോ കപ്പും അദ്ദേഹം നേടി. ഇതോടുകൂടിയാണ് അദ്ദേഹത്തിന്റെ സാധ്യതകൾ വളരെയധികം വർദ്ധിച്ചത്. ഇപ്പോഴിതാ തന്റെ താരത്തിന് പിന്തുണയുമായി സിറ്റി പരിശീലകൻ പെപ് ഗാർഡിയോള രംഗത്ത് വന്നിട്ടുണ്ട്.ബാലൺഡി’ഓർ റോഡ്രിക്ക് ലഭിച്ചാൽ താൻ വളരെയധികം സന്തോഷവാനായിരിക്കും എന്നാണ് പെപ് പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
“ബാലൺഡി’ഓർ പുരസ്കാരം റോഡ്രിക്ക് ലഭിച്ചാൽ ഞാൻ വളരെയധികം സന്തോഷവാനായിരിക്കും.അതെനിക്ക് ഒരു കാരണവശാലും നിഷേധിക്കാനാവില്ല. അദ്ദേഹത്തിന്റെ സ്ഥിരത മാരകമാണ്.എപ്പോഴും മികച്ച പ്രകടനം നടത്താൻ അദ്ദേഹത്തിന് കഴിയുന്നു.ബാലൺഡി’ഓർ പോരാട്ടത്തിൽ മുൻപന്തിയിൽ നിൽക്കുക,അതിൽ നോമിനേറ്റ് ചെയ്യപ്പെടുക,ബാലൺഡി’ഓർ പുരസ്കാരം നേടുക എന്നുള്ളതൊക്കെ ഫന്റാസ്റ്റിക് ആയിട്ടുള്ള ഒരു കാര്യമാണ് ” ഇതാണ് മാഞ്ചസ്റ്റർ സിറ്റി പരിശീലകൻ പറഞ്ഞിട്ടുള്ളത്.
ഏതായാലും വിനീഷ്യസ്,ബെല്ലിങ്ങ്ഹാം,റോഡ്രി എന്നിവർക്കിടയിൽ ഒരു കടുത്ത പോരാട്ടം നടക്കും എന്ന കാര്യത്തിൽ സംശയങ്ങൾ ഒന്നുമില്ല. കൂടാതെ ഡാനി കാർവഹൽ,ലൗറ്ററോ മാർട്ടിനസ് എന്നിവരുടെ പേരുകളും ഇപ്പോൾ ഉയർന്ന് കേൾക്കുന്നുണ്ട്. ഒരു ഘട്ടത്തിൽ വിനീഷ്യസ് ജൂനിയർക്കായിരുന്നു ഏറ്റവും കൂടുതൽ സാധ്യതകൾ കൽപ്പിക്കപ്പെട്ടിരുന്നത്. എന്നാൽ കോപ്പ അമേരിക്കയിൽ ബ്രസീൽ മോശം പ്രകടനം നടത്തിയത് അദ്ദേഹത്തിന് തിരിച്ചടിയാവുകയായിരുന്നു.