നെയ്മറെ വംശീയമായി അധിക്ഷേപിക്കുന്നതിൻ്റെ ദൃശ്യങ്ങൾ പുറത്ത് വിട്ട് ബീൻ സ്പോർട്സ്

PSG vs ഒളിമ്പിക് മാഴ്സെ മത്സരത്തിൽ നെയ്മറെ മാഴ്സെ താരം ആൽവരോ ഗോൺസാലസ് വംശീയമായി അധിക്ഷേപിക്കുന്നതിൻ്റെ ദൃശ്യങ്ങൾ എന്ന് അവകാശപ്പെടുന്ന വീഡിയോ ബീൻ സ്പോർട്സ് പുറത്ത് വിട്ടു. മത്സരത്തിൻ്റെ മുപ്പത്തി ഏഴാം മിനുട്ടിൽ നെയ്മറും ഗോൺസാലസും തമ്മിൽ നടക്കുന്ന വാക്ക് തർക്കവും തുടർന്ന് നെയ്മർ സൈഡ് ലൈനിലെത്തി മാച്ച് ഒഫീഷ്യലിനോട് പരാതി പറയുന്ന ദൃശ്യങ്ങളുമാണ് വീഡിയോയിലുള്ളത്. കൂടുതൽ ദൃശ്യങ്ങൾ ഉടൻ പുറത്ത് വിടുമെന്നും ചാനൽ പറയുന്നുണ്ട്. കഴിഞ്ഞ ഞായറാഴ്ച നടന്ന മത്സരത്തിനൊടുവിൽ നെയ്മറടക്കം അഞ്ച് പേർക്ക് റഫറി ചുവപ്പ് കാർഡ് നൽകിയിരുന്നു. ഇതിനെക്കുറിച്ച് ചർച്ച ചെയ്യാൻ നാളെ ലീഗ് വൺ അധികൃതർ യോഗം ചേരാനിരിക്കെയാണ് ഈ വീഡിയോ പുറത്ത് വിട്ടിരിക്കുന്നത്. ഇതോടുകൂടി വംശീയാധിക്ഷേപം തെളിഞ്ഞിരിക്കുന്നു എന്ന വിശ്വാസത്തിലാണ് PSG അധികൃതർ. ക്ലബ്ബ് നേരത്തെ തന്നെ ഈ വിഷയത്തിൽ നെയ്മർക്ക് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചിരുന്നു.

നേരത്തെ മത്സരം ടെലികാസ്റ്റ് ചെയ്ത ടെൽഫൂട്ട് നെറ്റ്വർക്ക് വംശീയ അധിക്ഷേപത്തിൻ്റെ ദൃശ്യങ്ങൾ തങ്ങളുടെ ക്യാമറകളിൽ പതിഞ്ഞിട്ടില്ല എന്നറിയിച്ചതായി RMC സ്പോർട്ട് റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ മത്സരത്തിൻ്റെ 96 മിനുട്ടുകൾ സംപ്രേഷണം ചെയ്തതിൽ ചില സമയത്ത് എല്ലാ താരങ്ങളുടെയും ദൃശ്യങ്ങൾ തങ്ങൾക്ക് ചിത്രീകരിക്കാൻ കഴിഞ്ഞെന്ന് വരില്ല എന്നുമവർ പറഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് മത്സരം ചിത്രീകരിച്ച മറ്റൊരു ചാനലായ ദോഹ ആസ്ഥാനമായുള്ള ബീൻസ്പോർട്സ് ഈ ദൃശ്യങ്ങൾ പുറത്ത് വിട്ടിരിക്കുന്നത്. എങ്കിലും ഇതിൽ താരങ്ങൾ തമ്മിൽ എന്താണ് സംസാരിച്ചത് എന്ന് തിരിച്ചറിയാൻ വിദഗ്ധരുടെ സഹായം വേണ്ടിവരും. നേരത്തെ 2011ൽ ലൂയി സുവാരസ് പാട്രിക് എവ്റയെ അധിക്ഷേപിച്ച സംഭവത്തിൽ ലിപ് റീഡിംഗ് വിദഗ്ധരുടെ സഹായം പ്രീമിയർ ലീഗ് അധികൃതർ തേടിയിരുന്നു. തുടർന്ന് സുവാരസിന് 8 മത്സരങ്ങളിലെ വിലക്കും 40000 പൗണ്ട് പിഴയും വിധിക്കുകയുണ്ടായി. നെയ്മർ സംഭവത്തിൽ LFP എന്ത് തീരുമാനം കൈ കൊള്ളുമെന്ന് നാളെ അറിയാം.

Leave a Reply

Your email address will not be published. Required fields are marked *