എന്ത്കൊണ്ട് ക്രിസ്റ്റ്യാനോ മികച്ചവനാകുന്നു, രഹസ്യം വെളിപ്പെടുത്തി സഹതാരം
പരിശീലനവേളകൾ പോലും ക്രിസ്റ്റ്യാനോ റൊണാൾഡോയെ അലോസരപ്പെടുത്തുന്നുവെന്നും ട്രൈനിങ്ങിൽ പോലും ഗോളടിക്കാൻ ക്രിസ്റ്റ്യാനോ റൊണാൾഡോ മത്സരിക്കാറുണ്ടെന്നും വെളിപ്പെടുത്തി പോർച്ചുഗൽ സഹതാരം ബെർണാഡോ സിൽവ. എപ്പോഴും വിജയിക്കാൻ മാത്രം ആഗ്രഹിക്കുന്ന വ്യക്തിയാണ് റൊണാൾഡോയെന്നും അദ്ദേഹത്തിന്റെ ആ മെന്റാലിറ്റിയാണ് ലോകത്തിലെ ഏറ്റവും മികച്ച താരമായി അദ്ദേഹത്തെ നിലനിർത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. ഗോളുകൾക്ക് അത്രയേറെ പ്രാധാന്യം നൽകുന്ന താരമാണ് ക്രിസ്റ്റ്യാനോ റൊണാൾഡോയെന്നും ബെർണാഡോ സിൽവ പറഞ്ഞു.
” അദ്ദേഹത്തിന്റെ മെന്റാലിറ്റിയാണ് അദ്ദേഹത്തെ മികച്ചതാക്കുന്നത്. നിലവിൽ മുപ്പത്തിയഞ്ച്കാരനായ താരം കഴിഞ്ഞ പതിനഞ്ച് വർഷമായി ഫുട്ബോളിൽ മുൻനിരയിൽ ഉണ്ട്. ഇത് വരെയും അദ്ദേഹം തളർന്നിട്ടില്ല. അദ്ദേഹത്തിന് ഇനിയും കൂടുതൽ വേണം. അദ്ദേഹത്തിന് കൂടുതൽ ചാമ്പ്യൻസ് ലീഗ് വേണം, പോർച്ചുഗലിനൊപ്പം കൂടുതൽ കിരീടങ്ങൾ അദ്ദേഹത്തിന് വേണം. കൂടുതൽ വ്യക്തിഗത നേട്ടങ്ങൾ അദ്ദേഹത്തിന് വേണം, കൂടുതൽ ഗോളുകൾ അദ്ദേഹത്തിന് വേണം. പരിശീലനവേളകൾ പോലും അദ്ദേഹത്തെ അലോസരപ്പെടുത്താറുണ്ട്. പരിശീലനത്തിൽ സ്കോർ 1-1 ആണ് എന്ന് കരുതുക. ഒരു ഗോൾ നേടുന്നവർക്ക് വിജയിക്കാമെന്ന് പരിശീലകൻ പറയുകയാണേൽ ആ ഗോൾ നേടുന്നത് ക്രിസ്റ്റ്യാനോ ആയിരിക്കും. മത്സരത്തിൽ മാത്രമല്ല, പരിശീലനത്തിൽ പോലും ഒന്നാമതാവാൻ ക്രിസ്റ്റ്യാനോ ആഗ്രഹിക്കുന്നു. അതാണ് അദ്ദേഹത്തെ മികച്ചതാക്കുന്നതും ” ബെർണാഡോ സിൽവ പറഞ്ഞു.