സൗദി അറേബ്യയിൽ നിലവാരം കുറഞ്ഞ ഫുട്ബോൾ, അങ്ങോട്ടില്ലെന്ന് തീരുമാനിച്ച് ലയണൽ മെസ്സി!

സൂപ്പർതാരം ലയണൽ മെസ്സിയുടെ ഭാവി അറിയാൻ ഫുട്ബോൾ ആരാധകർക്ക് അധികം കാത്തിരിക്കേണ്ടി വരില്ല. എത്രയും പെട്ടെന്ന് ഒരു അന്തിമ തീരുമാനമെടുക്കാൻ ലയണൽ മെസ്സി തീരുമാനിച്ചു കഴിഞ്ഞു. പക്ഷേ മെസ്സി ഏത് ക്ലബ്ബിലേക്ക് ചേക്കേറും എന്നുള്ളത് ഇപ്പോഴും പിടി തരാത്ത ഒരു കാര്യമാണ്.നിരവധി റൂമറുകൾ ഇതേക്കുറിച്ച് പ്രചരിക്കുന്നുണ്ട്.

സൗദി അറേബ്യൻ ക്ലബ്ബായ അൽ ഹിലാലിന് ലയണൽ മെസ്സിയെ സ്വന്തമാക്കാൻ താല്പര്യമുണ്ട് എന്നത് മാത്രമല്ല അവർ ഓഫർ നൽകിയിട്ടുമുണ്ട്. പക്ഷേ ഓഫറിന്റെ കാര്യത്തിൽ വ്യത്യസ്ത കണക്കുകളാണ് പ്രചരിക്കുന്നത്. ഓഫർ 1.2 ബില്യൺ യുറോ വരെ വർദ്ധിപ്പിച്ചതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഏതായാലും ഈ വിഷയത്തിലെ ഏറ്റവും പുതിയ അപ്ഡേറ്റ് അർജന്റീനയിലെ പ്രധാനപ്പെട്ട മാധ്യമമായ ഡയാരിയോ ഒലെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.അതായത് ലയണൽ മെസ്സിക്ക് സൗദി അറേബ്യയിലേക്ക് പോകാൻ താല്പര്യമില്ല.

സൗദി അറേബ്യൻ ഫുട്ബോളിനോടും അൽ ഹിലാലിനോടുമുള്ള താല്പര്യം മെസ്സിക്ക് പൂർണ്ണമായും നഷ്ടമായിട്ടുണ്ട് എന്നാണ് ഇവർ വ്യക്തമാക്കുന്നത്. സൗദിയിലെ ഫുട്ബോൾ നിലവാരം കുറഞ്ഞ ഫുട്ബോളായി കൊണ്ടാണ് ലയണൽ മെസ്സി കണക്കാക്കുന്നത്. മാത്രമല്ല സൗദി അറേബ്യ മെസ്സിക്ക് കംഫർട്ടബിളായ ഒരു സ്ഥലമായിരിക്കില്ല. ഇതുകൊണ്ടൊക്കെയാണ് ലയണൽ മെസ്സി സൗദി അറേബ്യ എന്ന ഓപ്ഷൻ തള്ളിക്കളയുന്നത് എന്നാണ് ഇവർ കണ്ടെത്തിയിരിക്കുന്നത്.

കൂടുതൽ കോമ്പറ്റീറ്റീവ് ആയ ഫുട്ബോൾ കളിക്കാനാണ് മെസ്സി ഇഷ്ടപ്പെടുന്നത്.സൗദി അറേബ്യ എന്ന ഓപ്ഷൻ മെസ്സി പരിഗണിക്കാതെ വന്നതോടെ ഈ അവസരം മുതലെടുക്കാൻ അമേരിക്കൻ ക്ലബ്ബായ ഇന്റർ മിയാമി മുന്നോട്ട് വന്നിട്ടുണ്ട്.പക്ഷേ നിലവിൽ മെസ്സി യൂറോപ്പ് വിടുമോ എന്നുള്ളത് സംശയമാണ്. യൂറോപ്പിൽ നിന്നും അനുയോജ്യമായ ഓഫറുകൾ വന്നിട്ടില്ലെങ്കിൽ മെസ്സിക്ക് ഇന്റർ മിയാമിയെ പരിഗണിക്കേണ്ടി വന്നേക്കും.നിലവിൽ മെസ്സി സൗദിയിലേക്ക് എത്താൻ സാധ്യത കുറവാണ് എന്ന് തന്നെയാണ് പറയാൻ സാധിക്കുക.

Leave a Reply

Your email address will not be published. Required fields are marked *