സൂപ്പർ താരം ക്ലബ് വിട്ടു,ഇനി നെയ്മറെ എത്തിക്കാൻ ചെൽസി!
ചെൽസിയുടെ ബെൽജിയൻ സൂപ്പർ താരമായ റൊമേലു ലുക്കാക്കു തന്റെ മുൻ ക്ലബ്ബായ ഇന്റർ മിലാനിലേക്ക് തന്നെ മടങ്ങിയിരുന്നു. ലോൺ അടിസ്ഥാനത്തിലാണ് ചെൽസി ലുക്കാക്കുവിനെ കൈവിട്ടത്. കഴിഞ്ഞ സീസണിൽ ഭീമമായ തുകക്കായിരുന്നു ലുക്കാക്കുവിനെ ചെൽസി സ്വന്തമാക്കിയിരിക്കുന്നത്. എന്നാൽ ക്ലബ്ബിൽ തിളങ്ങാൻ കഴിയാതെ വന്നതോടെ അദ്ദേഹത്തെ ചെൽസി കൈവിടുകയായിരുന്നു.
ഏതായാലും ലുക്കാക്കുവിനെ നഷ്ടമായ സ്ഥിതിക്ക് മുന്നേറ്റ നിരയിലേക്ക് ഒരു സൂപ്പർ താരത്തെ ചെൽസിക്ക് ആവശ്യമുണ്ട്.ആ സ്ഥാനത്തേക്ക് പിഎസ്ജിയുടെ ബ്രസീലിയൻ സൂപ്പർതാരമായ നെയ്മർ ജൂനിയറെയാണ് ചെൽസി ഇപ്പോൾ പരിഗണിക്കുന്നത്.ഡൈലി സ്റ്റാറിനെ ഉദ്ധരിച്ചുകൊണ്ട് പ്രമുഖ മാധ്യമമായ മുണ്ടോ ഡിപ്പോർട്ടിവോയാണ് ഈയൊരു ട്രാൻസ്ഫർ റൂമർ പുറത്തുവിട്ടിട്ടുള്ളത്.
❗ El Chelsea, que busca un sustituto a Lukaku, se ha posicionado muy bien para fichar a Neymar, que no estaría tan a gusto en el PSGhttps://t.co/2SgS045EzY
— Mundo Deportivo (@mundodeportivo) June 24, 2022
ചെൽസിയുടെ പരിശീലകനായ തോമസ് ടുഷെൽ നേരത്തെ നെയ്മറെ പിഎസ്ജിയിൽ പരിശീലിപ്പിച്ചിട്ടുണ്ട്.ടുഷെലിന് വളരെയധികം താല്പര്യമുള്ള ഒരു താരം കൂടിയാണ് നെയ്മർ ജൂനിയർ. പക്ഷേ നെയ്മറുടെ വലിയ സാലറി ചെൽസിക്ക് തടസ്സമാവാൻ സാധ്യതയുണ്ട്. പുതിയ ഉടമസ്ഥന് കീഴിൽ വലിയ മാറ്റങ്ങൾ ആണ് നിലവിൽ ചെൽസി ലക്ഷ്യം വെക്കുന്നത്.
നെയ്മറെ പിഎസ്ജി കൈവിട്ടേക്കുമെന്നുള്ള റൂമറുകൾ ഈയിടെ വ്യാപകമാണ്.പിഎസ്ജിയുടെ പ്രസിഡന്റായ നാസർ അൽ ഖലീഫി അത്തരത്തിലുള്ള ഒരു സൂചന നൽകുകയും ചെയ്തിരുന്നു.എന്നാൽ ക്ലബ് വിടാൻ യാതൊരുവിധ താല്പര്യം ഇതുവരെ നെയ്മർ കാണിച്ചിട്ടില്ല.പിഎസ്ജിക്കൊപ്പം ചാമ്പ്യൻസ് ലീഗ് നേടാതെ നെയ്മർ ക്ലബ് വിടില്ല എന്നായിരുന്നു അദ്ദേഹത്തിന്റെ മുൻ ഏജന്റ് ഇതേക്കുറിച്ച് അറിയിച്ചത്.