ലെവന്റോസ്ക്കിയെ വേണം, ട്രാൻസ്ഫർ മാർക്കറ്റിലും ഒരു ‘ചാമ്പ്യൻസ് ലീഗ് ഫൈനൽ’!

നിലവിൽ ഫുട്ബോൾ ലോകത്തെ ഏറ്റവും മികച്ച സ്ട്രൈക്കർമാരിലൊരാളാണ് ബയേണിന്റെ പോളിഷ് സൂപ്പർ താരം റോബർട്ട്‌ ലെവന്റോസ്ക്കി എന്ന കാര്യത്തിൽ ആർക്കും സംശയം കാണില്ല. ഈ സീസണിലും യൂറോപ്പിലെ ടോപ് ഫൈവ് ലീഗുകളിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരം ലെവന്റോസ്ക്കി തന്നെയാണ്.26 ലീഗ് മത്സരങ്ങളിൽ നിന്ന് 36 ഗോളുകളാണ് ഈ താരം നേടിയിട്ടുള്ളത്. ബുണ്ടസ്ലിഗയിൽ ബയേണിനും ബൊറൂസിയക്കുമായി ആകെ 272 ഗോളുകൾ നേടാനും ലെവന്റോസ്ക്കിക്ക് കഴിഞ്ഞിട്ടുണ്ട്. എന്നാൽ താരം ബയേൺ വിട്ടു കൊണ്ട് മറ്റേതെങ്കിലും ക്ലബ്ബിലേക്ക് ചേക്കേറിയെക്കുമെന്നുള്ള വാർത്തകൾ ചില മാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയ്യുന്നുണ്ട്. നിലവിൽ 2023 വരെയാണ് ലെവന്റോസ്ക്കിക്ക് ബയേണുമായി കരാറുള്ളത്. താരം താല്പര്യം പ്രകടിപ്പിക്കുകയാണെങ്കിൽ താരത്തെ കൈവിടാൻ ബയേൺ സജ്ജമാണ് എന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയ്യുന്നത്.

ഇപ്പോഴിതാ പ്രീമിയർ ലീഗിലെ പ്രധാനികളായ രണ്ട് ക്ലബുകൾ താരത്തിന് വേണ്ടി രംഗത്ത് വന്നിരിക്കുകയാണ്. മറ്റാരുമല്ല, ഇത്തവണത്തെ ചാമ്പ്യൻസ് ലീഗ് ഫൈനൽ കളിക്കുന്ന മാഞ്ചസ്റ്റർ സിറ്റിയും ചെൽസിയുമാണ് താരത്തിന് വേണ്ടി ട്രാൻസ്ഫർ മാർകറ്റിലുള്ളത്. ഇഎസ്പിഎന്നിനെ ഉദ്ധരിച്ചു കൊണ്ട് ഡെയിലി മെയിൽ ഇക്കാര്യം റിപ്പോർട്ട്‌ ചെയ്തിട്ടുണ്ട്. ഇരുക്ലബുകൾക്കും സ്ട്രൈക്കറെ ആവിശ്യമുണ്ടെന്നും ലെവന്റോസ്ക്കിയെ ഇരുവരും നോട്ടമിട്ടിട്ടുണ്ട് എന്നാണ് ഇവരുടെ വാദം.ഹാലണ്ടിന് വേണ്ടി ഇരുക്ലബുകളും രംഗത്തുണ്ടെങ്കിലും 150 മില്യൺ യൂറോ എന്ന ഭീമൻ തുകയാണ് ഇരുക്ലബുകളെയും ലെവന്റോസ്ക്കിയിലേക്ക് വഴി തിരിച്ചു വിട്ടത്. താരത്തിന് വേണ്ടി 60 മില്യൺ യൂറോയായിരിക്കും പ്രതീക്ഷിക്കപ്പെടുന്നത്. സെർജിയോ അഗ്വേറൊ ടീം വിടുന്ന ഒഴിവിലേക്കാണ് പെപ് ഗ്വാർഡിയോള ലെവന്റോസ്ക്കിയെ പരിഗണിക്കുന്നത്. മുമ്പ് ലെവന്റോസ്ക്കി പെപിന് കീഴിൽ കളിച്ചിട്ടുണ്ട്. അതേസമയം ടിമോ വെർണർ ഫോമിലേക്ക് ഉയരാത്തതാണ് തോമസ് ടുഷേലിനെ ലെവന്റോസ്ക്കിയെ കുറിച്ച് ചിന്തിക്കാൻ പ്രേരിപ്പിച്ചത്. ഏതായാലും ഈ വിഷയത്തിൽ ലെവന്റോസ്ക്കിയുടെ പ്രതികരണത്തിന് വേണ്ടി കാതോർക്കുകയാണ് ഫുട്ബോൾ ലോകം.

Leave a Reply

Your email address will not be published. Required fields are marked *