മെസ്സി-നെയ്മർ-എംബാപ്പെ ത്രയം, പിഎസ്ജിയുടെ സാധ്യതകളെ വിശദീകരിച്ച് റിവാൾഡോ !

സൂപ്പർ താരം നെയ്മർ ജൂനിയറുടെ പ്രസ്താവന മെസ്സിയുടെ ട്രാൻസ്ഫർ അഭ്യൂഹങ്ങളെ വീണ്ടും സജീവമാക്കിയിരിക്കുകയാണ്. മെസ്സി പിഎസ്ജിയിലേക്ക് ചേക്കേറിയെക്കുമെന്നുള്ള വാർത്തകൾ ഫുട്ബോൾ ലോകത്തെ മുഖ്യധാരാമാധ്യമങ്ങളൊക്കെ തന്നെയും റിപ്പോർട്ട്‌ ചെയ്യുന്നുണ്ട്. പ്രധാനമായും ഫ്രഞ്ച് മാധ്യമങ്ങളാണ് ഇക്കാര്യത്തിൽ കൂടുതൽ ഉത്സാഹം കാണിക്കുന്നത്. ഏതായാലും മെസ്സി പിഎസ്ജിയിൽ എത്തിയാൽ ഏറ്റവും മികച്ച ഒരു ത്രയം തന്നെ അവിടെ രൂപപ്പെടാൻ സാധ്യതയുണ്ട്.എംബാപ്പെ പിഎസ്ജി വിട്ടില്ലെങ്കിൽ മെസ്സി-നെയ്മർ-എംബാപ്പെ എന്ന ത്രയത്തെ പിഎസ്ജിയിൽ കാണാൻ സാധിച്ചേക്കും. ഏതായാലും ഈയൊരു സ്വപ്നത്രയത്തെ കുറിച്ചുള്ള തന്റെ പ്രതീക്ഷകൾ പങ്കുവെച്ചിരിക്കുകയാണ് മുൻ ബാഴ്സ-ബ്രസീൽ ഇതിഹാസതാരം റിവാൾഡോ. മൂവ്വരും ഒരുമിക്കുകയാണെങ്കിൽ ചാമ്പ്യൻസ് ലീഗിലെ ഫേവറേറ്റുകളാവാൻ പിഎസ്ജിക്ക്‌ സാധിക്കുമെന്നാണ് ഇദ്ദേഹം അഭിപ്രായപ്പെട്ടിരിക്കുന്നത്. നിലവിലെ സാഹചര്യങ്ങൾ പരിഗണിക്കുമ്പോൾ മെസ്സി, നെയ്മർ, എംബാപ്പെ എന്നീ മൂന്ന് പേരെയും ടീമിൽ ഒരുമിച്ച് കൊണ്ടുപോവാൻ പിഎസ്ജിക്ക്‌ സാധിക്കുമെന്നും ഇദ്ദേഹം അറിയിച്ചു. കഴിഞ്ഞ ദിവസം ബെറ്റ്ഫയറിനോട് സംസാരിക്കുകയായിരുന്നു റിവാൾഡോ.

” മെസ്സിക്ക് വേണ്ടി ശ്രമിക്കാനുള്ള പിഎസ്ജിയുടെ ശരിയായ സമയമിതാണ്. അവർക്ക് ബാഴ്സയോട് വിലപേശുകയോ തർക്കിക്കുകയോ ചെയ്യേണ്ട ഒരു ആവിശ്യവുമില്ല. മെസ്സിയെ ടീമിൽ എത്തിക്കണമെങ്കിൽ അവർക്ക് നെയ്മറെ ഉപയോഗിക്കാം. അവർ രണ്ട് പേരും ഒരുമിച്ചാൽ ചാമ്പ്യൻസ് ലീഗിന് വേണ്ടി അവർക്ക് പോരാടാം. നമ്മൾ ഏതായാലും കാത്തിരിക്കേണ്ടിയിരിക്കുന്നു. എനിക്ക് തോന്നുന്നത് മെസ്സിയുടെ പിഎസ്ജി ട്രാൻസ്ഫർ സാധ്യമാവും എന്നാണ്. എംബാപ്പെ റയലിലേക്ക് ചേക്കേറുമെന്ന വാർത്ത ഒരുപാട് വരുന്നുണ്ട്. പക്ഷെ മെസ്സിയോടൊപ്പം കളിക്കാനുള്ള ഒരു അവസരം കൈവന്നാൽ, ഒരുപക്ഷെ അദ്ദേഹം കുറച്ചു കാലത്തേക്ക് പിഎസ്ജിയിൽ തന്നെ തുടരാൻ സാധ്യതയുണ്ട്. മെസ്സിയെയും നെയ്‌മറെയും എംബാപ്പെയെയും ഒരു ടീമിൽ അണിനിരത്താൻ പിഎസ്ജിക്ക്‌ സാധിച്ചാൽ എല്ലാ കോമ്പിറ്റീഷനുകളിലും ഫേവറേറ്റുകൾ പിഎസ്ജിയായിരിക്കും. പ്രത്യേകിച്ച് ചാമ്പ്യൻസ് ലീഗിൽ. നിലവിലെ പിഎസ്ജിയുടെ സാമ്പത്തികമായ ശക്തി പരിഗണിക്കുമ്പോൾ, അവർ മൂവരെയും പിഎസ്ജിയിൽ ഒരുമിപ്പിക്കാൻ അവർക്ക് സാധിക്കുമെന്നാണ് ഞാൻ വിശ്വസിക്കുന്നത് ” റിവാൾഡോ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *