മെസ്സിക്കൊപ്പം കളിക്കാൻ മയാമിയിലേക്കോ? പ്രതികരിച്ച് കൂട്ടിഞ്ഞോ.

സൂപ്പർ താരം ലയണൽ മെസ്സിയെ സ്വന്തമാക്കിയതോടുകൂടിയാണ് അമേരിക്കൻ ക്ലബ്ബായ ഇന്റർ മയാമിയുടെ തലവര തന്നെ മാറിമറിഞ്ഞത്. കളത്തിനകത്തും പുറത്തും വലിയ വളർച്ച കൈവരിക്കാൻ ഇന്റർ മയാമിക്ക് ഇപ്പോൾ സാധിച്ചിട്ടുണ്ട്. മെസ്സിക്ക് പുറമേ ബാഴ്സലോണ താരങ്ങളായ ലൂയിസ് സുവാരസ്,സെർജിയോ ബുസ്ക്കെറ്റ്സ്,ജോർഡി ആൽബ എന്നിവരെയൊക്കെ സ്വന്തമാക്കാൻ ഇന്റർ മയാമിക്ക് കഴിഞ്ഞിരുന്നു. മാത്രമല്ല മറ്റു ചില മുൻ ബാഴ്സ താരങ്ങൾക്ക് വേണ്ടി മയാമി ശ്രമിക്കുന്നുണ്ട് എന്നുള്ള റൂമറുകളും ഉണ്ടായിരുന്നു.

അത്തരത്തിലുള്ള ഒരു താരമാണ് ബ്രസീലിയൻ താരമായ ഫിലിപെ കൂട്ടിഞ്ഞോ. നിലവിൽ അദ്ദേഹം ഖത്തർ ക്ലബ്ബായ അൽ ദുഹൈലിന് വേണ്ടിയാണ് കളിച്ചുകൊണ്ടിരിക്കുന്നത്.ആസ്റ്റൻ വില്ലയിൽ നിന്നും ലോൺ അടിസ്ഥാനത്തിലാണ് അദ്ദേഹം ഇപ്പോൾ അവിടെ കളിച്ചുകൊണ്ടിരിക്കുന്നത്.ലയണൽ മെസ്സിക്കൊപ്പം ഇന്റർമയാമിയിൽ ജോയിൻ ചെയ്യും എന്നുള്ള റൂമറുകളോട് അദ്ദേഹം പ്രതികരിച്ചിട്ടുണ്ട്. ഭാവിയിൽ എന്താണ് സംഭവിക്കുക എന്നുള്ളത് നമുക്കറിയില്ല എന്നാണ് ഇതേ കുറിച്ച് കൂട്ടിഞ്ഞോ പറഞ്ഞിട്ടുള്ളത്.

” നിലവിൽ ഞാൻ ഈ നിമിഷത്തെക്കുറിച്ച് മാത്രമാണ് ചിന്തിക്കുന്നത്.എനിക്ക് എല്ലാത്തിനും വേണ്ടി നല്ല രൂപത്തിൽ തയ്യാറെടുക്കണം,നല്ല മത്സരങ്ങൾ കളിക്കണം.ഫുട്ബോൾ പരമാവധി ആസ്വദിക്കണം. പക്ഷേ ഭാവിയിൽ എന്താണ് സംഭവിക്കുക എന്നുള്ളത് നമുക്കറിയില്ലല്ലോ. എന്റെ പേര് എല്ലാദിവസവും പത്രങ്ങളിൽ എനിക്ക് കാണാൻ സാധിക്കാറുണ്ട്. അതിൽ നല്ലതും മോശമായതും ഉണ്ടാവാറുണ്ട്.ഞാൻ അതൊക്കെ പരമാവധി ശ്രദ്ധിക്കാതിരിക്കാനാണ് ശ്രമിക്കുന്നത്. എന്റെ ജോലി മികച്ച രൂപത്തിൽ പൂർത്തിയാക്കുന്നതിന് മാത്രമാണ് ഞാൻ ഇപ്പോൾ ശ്രദ്ധ നൽകുന്നത് ” ഇതാണ് കൂട്ടിഞ്ഞോ പറഞ്ഞിട്ടുള്ളത്.

2018ലായിരുന്നു ഇദ്ദേഹം ബാഴ്സലോണയിലേക്ക് എത്തിയത്. ലിവർപൂളിൽ മികച്ച പ്രകടനം നടത്തിയ കൂട്ടിഞ്ഞോക്ക് പിന്നീട് ആ പ്രകടനം മറ്റെവിടെയും നടത്താൻ കഴിഞ്ഞിട്ടില്ല.അതുകൊണ്ടുതന്നെ ബ്രസീലിയൻ ദേശീയ ടീമിൽ നിന്നും അദ്ദേഹം പുറത്താവുകയും ചെയ്തിരുന്നു. മാത്രമല്ല തുടർച്ചയായ പരിക്കുകൾ വലിയ പ്രതിസന്ധി ഈ ബ്രസീലിയൻ താരത്തിന് ഏൽപ്പിക്കുകയും ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *