മിന്നും ഫോമിൽ ലൗറ്ററോ,പ്രീമിയർ ലീഗ് വമ്പന്മാർക്ക് വേണം!

കഴിഞ്ഞ ഖത്തർ വേൾഡ് കപ്പിൽ ചാമ്പ്യന്മാരായ അർജന്റീനക്ക് വേണ്ടി പ്രതീക്ഷിച്ച രൂപത്തിലുള്ള ഒരു പ്രകടനം പുറത്തെടുക്കാൻ അവരുടെ സൂപ്പർ സ്ട്രൈക്കർ ആയ ലൗറ്ററോ മാർട്ടിനസിന് സാധിച്ചിരുന്നില്ല. മാത്രമല്ല താരത്തിന്റെ പകരമായി വന്ന ഹൂലിയൻ ആൽവരസ് മികച്ച പ്രകടനം നടത്തുകയും ചെയ്തിരുന്നു. എന്നാൽ വേൾഡ് കപ്പിന് ശേഷം തന്റെ ക്ലബ്ബായ ഇന്റർ മിലാനിൽ തന്റെ മികവ് തിരിച്ചുപിടിക്കാൻ ഈ അർജന്റൈൻ സ്ട്രൈക്കർക്ക് സാധിച്ചിട്ടുണ്ട്.

തകർപ്പൻ ഫോമിലാണ് ഇപ്പോൾ അദ്ദേഹം കളിച്ചുകൊണ്ടിരിക്കുന്നത്.ഈ സീസണിൽ ആകെ 23 ഗോളുകൾ താരം നേടിയിട്ടുണ്ട്. ഇറ്റാലിയൻ ലീഗിൽ 19 ഗോളുകളും നാല് അസിസ്റ്റുകളും ആണ് ഈ അർജന്റൈൻ സൂപ്പർ താരം സ്വന്തമാക്കിയിട്ടുള്ളത്. നേരത്തെ തന്നെ ഒരുപാട് പ്രമുഖ ക്ലബ്ബുകൾ ലൗറ്ററോയിൽ തങ്ങളുടെ താല്പര്യം അറിയിച്ചിരുന്നു.

ഇപ്പോഴിതാ ഇംഗ്ലീഷ് പ്രീമിയർ ലീഗ് വമ്പൻമാരായ ചെൽസിയും താരത്തിന് വേണ്ടി രംഗത്ത് വന്നിട്ടുണ്ട്.ഗോൾ ഡോട്ട് കോമാണ് ഈ ട്രാൻസ്ഫർ റൂമർ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. അതായത് അടുത്ത സീസണിൽ ചെൽസിയെ പരിശീലിപ്പിക്കുക മൗറിസിയോ പോച്ചെട്ടിനോയായിരിക്കും. അദ്ദേഹത്തിനാണ് ഇപ്പോൾ ലൗറ്ററോയിൽ താല്പര്യമുള്ളത്.വരുന്ന സമ്മറിൽ ഈ അർജന്റീന താരത്തിന് വേണ്ടി ചെൽസി ശ്രമങ്ങൾ നടത്തും.

ഇന്റർമിലാന്റെ സാമ്പത്തിക പ്രതിസന്ധി ഇപ്പോഴും അവസാനിച്ചിട്ടില്ല. അതുകൊണ്ടുതന്നെ മികച്ച വില ലഭിച്ചു കഴിഞ്ഞാൽ ലൗറ്ററോയെ ഇന്റർ മിലാൻ കൈവിടാൻ സാധ്യതയുണ്ട്.70 മില്യൺ യൂറോക്ക് മുകളിലുള്ള ഒരു വിലയാണ് ഇന്റർമിലാൻ പ്രതീക്ഷിക്കുന്നത്. പണം ഒഴുക്കുന്ന കാര്യത്തിൽ ചെൽസി മടി കാണിക്കില്ല എന്നുള്ളത് കഴിഞ്ഞ ട്രാൻസ്ഫർ വിൻഡോയിൽ തന്നെ തെളിഞ്ഞതാണ്. എന്നാൽ മറ്റു പല ക്ലബ്ബുകളും ചെൽസിക്ക് വെല്ലുവിളി ഉയർത്തിക്കൊണ്ട് രംഗത്ത് വന്നേക്കാം.

Leave a Reply

Your email address will not be published. Required fields are marked *