ബാഴ്സയുടെ ഡിഫൻഡറെ ജനുവരിയിൽ റാഞ്ചാനുള്ള ഒരുക്കത്തിൽ ഇന്റർമിലാൻ !

ഈ ജനുവരിയിൽ എഫ്സി ബാഴ്സലോണയുടെ ഡിഫൻഡറെ റാഞ്ചാനുള്ള ഒരുക്കത്തിലാണ് ഇറ്റാലിയൻ വമ്പൻമാരായ ഇന്റർമിലാൻ. ബാഴ്‌സയുടെ ലെഫ്റ്റ് ബാക്കായ ജൂനിയർ ഫിർപ്പോയെയാണ് ഇന്റർമിലാൻ നോട്ടമിട്ടിരിക്കുന്നത്. ഈ ജനുവരിയിൽ ലോണിലെങ്കിലും എത്തിക്കാനാണ് ഇന്റർ ആഗ്രഹിക്കുന്നത്. സ്പാനിഷ് മാധ്യമമായ ഡയാറിയോ സ്പോർട്ടിനെ ഉദ്ധരിച്ചു കൊണ്ട് ഡെയിലി മെയിൽ ആണ് ഇക്കാര്യം റിപ്പോർട്ട്‌ ചെയ്തിരിക്കുന്നത്. ഇരുപത്തിനാലു വയസ്സുകാരനായ താരത്തെ ബാഴ്സ വിടും എന്നാണ് ഇന്റർ പ്രതീക്ഷിക്കുന്നത്. സാമ്പത്തികപ്രതിസന്ധി മൂലം ഉഴലുന്ന ബാഴ്സ വേജ് ബില്ല് കുറക്കുന്നതിന്റെ ഭാഗമായി താരത്തെ വിൽക്കുമെന്നാണ് ഇന്റർ പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ സമ്മർ ട്രാൻസ്ഫറിൽ ലൗറ്ററോ മാർട്ടിനെസിനെ ബാഴ്‌സ റാഞ്ചുകയാണെങ്കിൽ ആ ഡീലിൽ ഫിർപ്പോയെ ഉൾപ്പെടുത്താൻ ഇന്റർ ശ്രമിച്ചിരുന്നു. എന്നാൽ അത്‌ പിന്നീട് നടക്കാതെ പോവുകയായിരുന്നു.

വാങ്ങാനുള്ള ഓപ്ഷൻ ചേർത്തു കൊണ്ട് ജനുവരിയിൽ ലോണിൽ എത്തിക്കാനാണ് ഇന്റർ പദ്ധതിയിട്ടിരിക്കുന്നത്. ഇന്റർമിലാനെ കൂടാതെ സിരി എ വമ്പൻമാരായ നാപോളി, അറ്റലാന്റ എന്നിവർക്കും താരത്തിൽ താല്പര്യമുണ്ടെന്ന് റിപ്പോർട്ടുകൾ ഉണ്ട്. ഈ സീസണിൽ താരത്തിന് വേണ്ടവിധത്തിലുള്ള അവസരങ്ങൾ ലഭിച്ചിരുന്നില്ല. ഒരു മത്സരത്തിൽ മാത്രമാണ് സ്റ്റാർട്ടിങ് ഇലവനിൽ ഇടം ലഭിച്ചത്. ആകെ അഞ്ച് മത്സരത്തിലാണ് താരം കളിച്ചത്. മുമ്പ് റയൽ ബെറ്റിസിൽ നിന്നാണ് താരം ബാഴ്‌സയിൽ എത്തിയത്. എന്നാൽ അവസരങ്ങൾ നന്നേ കുറവായിരുന്നു താരത്തിന്.താരത്തെ കൂടാതെ മറ്റു ചില താരങ്ങളെയും ബാഴ്സ വിറ്റേക്കുമെന്ന് റിപ്പോർട്ടുകൾ ഉണ്ട്.

Leave a Reply

Your email address will not be published. Required fields are marked *