പോർച്ചുഗീസ് സൂപ്പർ താരത്തെ വേണം, 100 മില്യൺ വരെ എറിയാൻ തയ്യാറായി അൽ ഹിലാൽ!

സമീപകാലത്ത് മിന്നുന്ന പ്രകടനം നടത്തുന്ന പോർച്ചുഗീസ് സൂപ്പർ താരമാണ് റഫയേൽ ലിയാവോ.ഈ സീസണിലും അദ്ദേഹം മോശമല്ലാത്ത രൂപത്തിൽ കളിച്ചിട്ടുണ്ട്. 33 ഇറ്റാലിയൻ ലീഗ് മത്സരങ്ങളിൽ നിന്ന് എട്ടു ഗോളുകളും 9 അസിസ്റ്റുകളും അദ്ദേഹം സ്വന്തമാക്കിയിരുന്നു. എന്നാൽ കഴിഞ്ഞ സീസണിലായിരുന്നു അദ്ദേഹത്തിന്റെ ഏറ്റവും മികച്ച പ്രകടനം പുറത്തേക്ക് വന്നിരുന്നത്.

താരത്തെ സ്വന്തമാക്കാൻ നിരവധി ക്ലബ്ബുകൾ ഇപ്പോൾ രംഗത്തുണ്ട്. അതിൽ എടുത്തു പറയേണ്ട ക്ലബ്ബ് ഫ്രഞ്ച് വമ്പൻമാരായ പിഎസ്ജി തന്നെയാണ്. ക്ലബ്ബ് വിട്ട സൂപ്പർ താരം കിലിയൻ എംബപ്പേയുടെ സ്ഥാനത്തേക്ക് പിഎസ്ജി ഏറ്റവും കൂടുതൽ പരിഗണിക്കുന്നത് ഈ പോർച്ചുഗീസ് താരത്തെയാണ്.പിഎസ്ജിയെ കൂടാതെ ചെൽസിക്കും ഈ താരത്തിൽ താല്പര്യമുണ്ട്. സമീപകാലത്തെ ട്രാൻസ്ഫർ ജാലകങ്ങളിൽ ഏറ്റവും കൂടുതൽ പണം വാരിയെറിഞ്ഞിട്ടുള്ള ടീമാണ് ചെൽസി.

എന്നാൽ ഈ രണ്ട് ക്ലബ്ബുകൾക്കും വെല്ലുവിളി ഉയർത്തിക്കൊണ്ട് സൗദി അറേബ്യൻ വമ്പൻമാരായ അൽ ഹിലാൽ രംഗത്ത് വന്നിട്ടുണ്ട്.ഈ സമ്മറിൽ ലിയാവോക്ക് വേണ്ടി ഓഫർ നൽകാൻ തന്നെയാണ് ഇവരുടെ തീരുമാനം. 100 മില്യൺ യൂറോയുടെ ഓഫർ നൽകാൻ നെയ്മറുടെ ക്ലബ്ബ് തയ്യാറായിക്കഴിഞ്ഞു എന്നാണ് റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നത്. അവരുടെ പോർച്ചുഗീസ് പരിശീലകനായ ജോർഹെ ജീസസിന്റെ നിർദ്ദേശപ്രകാരമാണ് അൽ ഹിലാൽ ലിയാവോക്ക് വേണ്ടി ശ്രമങ്ങൾ നടത്തുന്നത്.

എന്നാൽ താരം സൗദി അറേബ്യൻ ലീഗിലേക്ക് വരാൻ തയ്യാറാകുമോ എന്നുള്ളത് മറ്റൊരു ചോദ്യമാണ്.175 മില്യൺ യൂറോയാണ് അദ്ദേഹത്തിന്റെ റിലീസ് ക്ലോസ്. വലിയൊരു തുക ലഭിക്കാതെ അദ്ദേഹത്തെ കൈവിടാൻ AC മിലാൻ തയ്യാറല്ല. അതുകൊണ്ടുതന്നെ ഈ ക്ലബ്ബുകൾ നല്ലൊരു തുക താരത്തിനു വേണ്ടി ചിലവഴിക്കേണ്ടി വന്നേക്കും.അൽ ഹിലാൽ ലിയാവോയുടെ പ്രതിനിധികളുമായി ഇപ്പോൾ ചർച്ചകൾ ആരംഭിച്ചിട്ടുണ്ട്. എന്നാൽ അദ്ദേഹം പിഎസ്ജിയിലേക്ക് പോവാനുള്ള ഒരു സാധ്യതകളാണ് ഇവിടെ തെളിഞ്ഞു കാണുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!