ടൈഗറിഞ്ഞോ എന്ന് ജോയിൻ ചെയ്യും? പുതിയ വിവരങ്ങളുമായി സാവി

എഫ്സി ബാഴ്സലോണ കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ തന്നെ ബ്രസീലിയൻ യുവ പ്രതിഭയായ വിറ്റോർ റോക്കിനെ സ്വന്തമാക്കിയിരുന്നു. അടുത്ത സമ്മറിൽ അദ്ദേഹത്തെ ടീമിലേക്ക് കൊണ്ടുവരാനായിരുന്നു പദ്ധതികൾ. എന്നാൽ പ്ലാനുകൾ മാറ്റേണ്ടി വരികയായിരുന്നു. ജനുവരിയിൽ തന്നെ അദ്ദേഹത്തെ കൊണ്ടുവരാൻ അവർ തീരുമാനിച്ചു.വിറ്റോർ റോക്ക് അധികം വൈകാതെ തന്നെ ബാഴ്സക്കൊപ്പം ചേരും.

താരത്തെ കുറിച്ചുള്ള പുതിയ അപ്ഡേറ്റുകൾ ബാഴ്സയുടെ പരിശീലകനായ സാവി നൽകിയിട്ടുണ്ട്. അതായത് ക്രിസ്മസ് അവധിക്ക് ശേഷം ഈ ബ്രസീലിയൻ താരം ടീമിനോടൊപ്പം ട്രെയിനിങ് ക്യാമ്പിൽ ജോയിൻ ചെയ്യും എന്നാണ് സാവി പറഞ്ഞിട്ടുള്ളത്. മാത്രമല്ല റോക്കിനെ പോലെയുള്ള യുവതാരങ്ങളിൽ ഒരിക്കലും സമ്മർദം ചെലുത്തരുതെന്നും സാവി അഭ്യർത്ഥിച്ചിട്ടുണ്ട്. ബാഴ്സ പരിശീലകന്റെ വാക്കുകൾ ഇങ്ങനെയാണ്.

“എല്ലാം നല്ല പടി നടക്കുകയാണെങ്കിൽ,ഈ അവധിക്ക് ശേഷം അദ്ദേഹം ടീമിനോടൊപ്പം ജോയിൻ ചെയ്യും.ഞങ്ങൾ അദ്ദേഹവുമായി കോൺടാക്ട് ചെയ്യുന്നുണ്ട്. മികച്ച കണ്ടീഷനിൽ തന്നെയാണ് അദ്ദേഹം എത്തുന്നത്.വിറ്റോർ റോക്കിനെ പോലെയുള്ള യുവതാരങ്ങളിൽ നമ്മൾ സമ്മർദ്ദം ചെലുത്താൻ പാടില്ല. അവർ ഓരോ പടിപടിയായി കൊണ്ടാണ് മുന്നോട്ടു പോകേണ്ടത്. ഞങ്ങൾക്ക് പല മേഖലയിലും കാര്യക്ഷമതയുടെ കുറവുണ്ട്.അത് പല മത്സരങ്ങളിലും ഞങ്ങൾക്ക് തിരിച്ചടി ആവുകയും ചെയ്തിട്ടുണ്ട്.ലാലിഗയിൽ ഞങ്ങൾക്ക് മുന്നോട്ടു പോകണമെങ്കിൽ ഞങ്ങൾ ഇനി നിർബന്ധമായും ഇമ്പ്രൂവ് ആവേണ്ടതുണ്ട് “ഇതാണ് ബാഴ്സയുടെ പരിശീലകൻ പറഞ്ഞിട്ടുള്ളത്.

സൂപ്പർ താരം റോബർട്ട് ലെവന്റോസ്ക്കി ഉള്ളതിനാൽ റോക്കിന് സ്റ്റാർട്ടിങ് ഇലവനിൽ സ്ഥാനം ലഭിക്കാനുള്ള സാധ്യത കുറവാണ്. പക്ഷേ ലെവന്റോസ്ക്കി വളരെ മോശം ഫോമിലൂടെയാണ് ഇപ്പോൾ കടന്നുപോയിക്കൊണ്ടിരിക്കുന്നത്. അതുകൊണ്ടുതന്നെ റോക്കിനെ കൂടുതൽ ഉപയോഗപ്പെടുത്തണമെന്ന് അഭിപ്രായം ഉയരുന്നുണ്ട്. 18 വയസ്സ് മാത്രമുള്ള ടൈഗറിഞ്ഞോ എന്നറിയപ്പെടുന്ന ഈ താരത്തിൽ വലിയ പ്രതീക്ഷകളാണ് ഇപ്പോൾ ചുമത്തപ്പെട്ടിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *