ജനുവരിയിൽ വിനീഷ്യസ് ജൂനിയറെ റാഞ്ചാൻ പ്രീമിയർ ലീഗ് വമ്പൻമാർ !

റയൽ മാഡ്രിഡിന്റെ ബ്രസീലിയൻ സൂപ്പർ താരം വിനീഷ്യസ് ജൂനിയറെ ലോണിൽ വിടണമെന്നുള്ളത് ആരാധകർക്കിടയിൽ നിന്നും ഫുട്ബോൾ പണ്ഡിതൻമാർക്കിടയിൽ നിന്നും ഉയർന്നു കേൾക്കുന്ന ഒരു ആവശ്യമാണ്. താരം ഭേദപ്പെട്ട പ്രകടനം കാഴ്ച്ചവെക്കുന്നുണ്ടെങ്കിലും താരത്തിന്റെ വിഷനില്ലായ്മ റയലിന് പ്രശ്നമാണ്. അതിനാൽ തന്നെ താരത്തെ റയൽ ഈ ജനുവരിയിൽ ലോണിൽ അയച്ചേക്കുമെന്ന വാർത്തകൾ സജീവമാണ്. ഏതായാലും ഇപ്പോഴിതാ വിനീഷ്യസ് ജൂനിയറെ ടീമിൽ എത്തിക്കാനുള്ള ഒരുക്കങ്ങളിലാണ് പ്രീമിയർ ലീഗ് വമ്പൻമാരായ ആഴ്സണൽ. പ്രമുഖഫുട്ബോൾ മാധ്യമമായ ഗോൾ ഡോട്ട് കോം അടക്കമുള്ളവർ ഇക്കാര്യം റിപ്പോർട്ട്‌ ചെയ്തിട്ടുണ്ട്. നിലവിൽ വളരെ മോശം പ്രകടനമാണ് ഗണ്ണേഴ്‌സിന്റെ ഭാഗത്തു നിന്നുണ്ടാവുന്നത്. കേവലം പതിനാലു പോയിന്റ് മാത്രമുള്ള ആഴ്സണൽ പതിനഞ്ചാം സ്ഥാനത്താണ്. അതിനാൽ തന്നെ മുന്നേറ്റനിരയിലേക്ക് കുറച്ചു താരങ്ങളെ എത്തിക്കാനുള്ള ശ്രമത്തിലാണ് പരിശീലകൻ ആർട്ടെറ്റ.

കേവലം പന്ത്രണ്ട് ഗോളുകൾ മാത്രമാണ് ഈ പ്രീമിയർ ലീഗിൽ ആഴ്സണൽ നേടിയിട്ടുള്ളത്. റെലഗേഷൻ സോണിന്റെ തൊട്ടടുത്താണ് ആഴ്സണലിന്റെ സ്ഥാനം. അതിനാൽ തന്നെ ഈ ജനുവരിയിൽ ടീമിൽ എത്തിക്കേണ്ട താരങ്ങളെ കുറിച്ച് ആർട്ടെറ്റ ബോർഡിനോട് സംസാരിച്ചിട്ടുണ്ട്. അതിലൊരു താരം വിനീഷ്യസ് ആണെന്നാണ് ഡെയിലി സ്റ്റാറിന്റെ വാദം. താരത്തെ റയൽ വിട്ടു തരുമോ എന്നുള്ളതാണ് പ്രശ്നം. അതേസമയം താരത്തിന്റെ ഏജന്റ് ആയ ഫെഡറികോ പെനയുമായി ഗണ്ണേഴ്‌സ്‌ സംസാരിച്ചു കഴിഞ്ഞിട്ടുണ്ട്. മുന്നേറ്റനിരയിൽ എവിടെയും കളിക്കാൻ കഴിയുന്ന താരമാണ് വിനീഷ്യസ്. ഈ സീസണിൽ രണ്ട് ഗോളും രണ്ട് അസിസ്റ്റും താരം റയലിനായി നേടി. 2018-ൽ നാല്പത് മില്യൺ പൗണ്ടിന് ഫ്ലെമെങ്കോയിൽ നിന്നാണ് വിനീഷ്യസ് റയലിൽ എത്തിയത്. മുമ്പ് റയൽ മധ്യനിര താരം ഇസ്‌ക്കോയെ ആഴ്സണലുമായി ബന്ധപ്പെടുത്തി കൊണ്ടു വാർത്തകൾ ഉണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *