ഇനി മുതൽ മെസ്സിക്ക് മറ്റുള്ള ക്ലബുകളുമായി ചർച്ചകൾ നടത്താം, കരാറിലേർപ്പെടാം !

ഇനി കേവലം ആറു മാസം മാത്രമാണ് മെസ്സിക്ക് എഫ്സി ബാഴ്സലോണയുമായി കരാർ അവശേഷിക്കുന്നത്. ഈ വരുന്ന ജൂൺ മുപ്പതാം തിയ്യതി ബാഴ്സയുമായുള്ള മെസ്സിയുടെ കരാർ അവസാനിക്കും. എന്നാൽ ജനുവരി ഒന്ന് ആയതോടെ മറ്റുള്ള ക്ലബുകളുമായി മെസ്സിക്ക് ചർച്ചകൾ നടത്താം. മാത്രമല്ല ക്ലബുകളുമായി പ്രീ കോൺട്രാക്ടിൽ എത്താനും മെസ്സിക്ക് സാധിക്കും. തുടർന്ന് അടുത്ത സീസണിൽ മെസ്സിക്ക് ആ ക്ലബ്ബിൽ കളിക്കാം. ചുരുക്കത്തിൽ ബാഴ്‌സ ആരാധകർക്ക്‌ നെഞ്ചിടിപ്പേറ്റുന്ന വാർത്തയാണിത്. മെസ്സി ബാഴ്സ വിടാൻ തീരുമാനിച്ചിട്ടുണ്ടെങ്കിൽ അത്‌ നടപ്പിലാക്കാനുള്ള അധികാരമാണ് താരത്തിന് ഇപ്പോൾ ലഭിച്ചിരിക്കുന്നത്.താരത്തിന് വേണ്ടി പ്രമുഖ ക്ലബുകളായ മാഞ്ചസ്റ്റർ സിറ്റി, ഇന്റർമിലാൻ, പിഎസ്ജി എന്നിവരാണ് പ്രത്യക്ഷമായി രംഗത്തുള്ളത്.

എന്നാൽ മെസ്സി ചർച്ചകൾ ഉടൻ തന്നെ ആരംഭിച്ചേക്കില്ല എന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. ജനുവരി ട്രാൻസ്ഫറിൽ ക്ലബ് വിടാൻ ഉദ്ദേശിക്കുന്നില്ലെന്നും ഈ സീസൺ അവസാനിച്ചതിന് ശേഷം മാത്രമേ ഭാവിയെ കുറിച്ച് തീരുമാനിക്കുകയുമൊള്ളൂ എന്ന കാര്യം മെസ്സി ഈയിടെ നൽകിയ ഒരു അഭിമുഖത്തിൽ തുറന്നു പറഞ്ഞിരുന്നു. അതിനാൽ തന്നെ ജൂൺ മുപ്പതിന് ശേഷം മാത്രമേ താരം മറ്റു ക്ലബുകളുമായി ചർച്ചകൾ ആരംഭിക്കുകയൊള്ളൂ എന്നാണ് ആരാധകരുടെ പ്രതീക്ഷ. ജനുവരി 24-ന് നടക്കുന്ന പ്രസിഡന്റ്‌ തിരഞ്ഞെടുപ്പിന് ശേഷമായിരിക്കും മെസ്സി ഭാവി തീരുമാനിക്കുക. എന്നാൽ ഇതുവരെ കരാർ പുതുക്കുന്നതുമായി ബന്ധപ്പെട്ട് മെസ്സി ചർച്ചകൾ നടത്തിയിട്ടില്ല. ബാഴ്‌സയുടെ തിരഞ്ഞെടുക്കപ്പെടുന്ന പ്രസിഡന്റ് നേരിടേണ്ടി വരുന്ന ഏറ്റവും വലിയ പ്രശ്നം മെസ്സിയെ കൺവിൻസ്‌ ചെയ്യുക എന്നുള്ളതായിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *