അത്‌ വെറും മാർക്കറ്റിംഗ് തന്ത്രം, നെയ്മറെ ബാഴ്സയിലെത്തിക്കുമെന്ന വാഗ്ദാനത്തോട് റിവാൾഡോ പ്രതികരിക്കുന്നു !

കഴിഞ്ഞ ദിവസമായിരുന്നു ബാഴ്സ പ്രസിഡന്റ്‌ സ്ഥാനാർത്ഥിയായ എമിലി റൗസാദ് നെയ്മറെ തിരികെ ബാഴ്സയിലെത്തിക്കുമെന്ന് വാഗ്ദാനം ചെയ്തത്. താൻ വിജയിക്കുകയാണെങ്കിൽ നെയ്മറെ തിരികെ ബാഴ്സയിൽ എത്തിക്കുമെന്നാണ് ഇദ്ദേഹം അറിയിച്ചത്. കൂടാതെ ബാഴ്സയുടെ ഹോം മൈതാനമായ ന്യൂ ക്യാമ്പിന് മെസ്സിയുടെ പേര് നൽകാൻ ശ്രമിക്കുമെന്നും അദ്ദേഹം വാഗ്ദാനം ചെയ്തിരുന്നു. ഇപ്പോഴിതാ ഇതിനോട് തന്റെ പ്രതികരണമറിയിച്ചിരിക്കുകയാണ് മുൻ ബ്രസീലിയൻ-ബാഴ്സ ഇതിഹാസതാരം റിവാൾഡോ. അദ്ദേഹത്തിന്റേത് വെറും ജനശ്രദ്ധ പിടിച്ചു പറ്റാനുള്ള മാർക്കറ്റിംഗ് തന്ത്രം മാത്രമാണ് എന്നാണ് റിവാൾഡോ ഇതിനെ കുറിച്ച് പറഞ്ഞത്. ഇത്തരമൊരു സാമ്പത്തികപ്രതിസന്ധി നേരിടുമ്പോൾ നെയ്മറെ സൈൻ ചെയ്യൽ ബുദ്ധിമുട്ടേറിയ ഒന്നാണെന്നും റിവാൾഡോ കൂട്ടിച്ചേർത്തു. നെയ്മറെ തിരികെ ക്ലബ്ബിലേക്ക് എത്തിക്കാൻ ബാഴ്സ മുമ്പും ശ്രമിച്ചിരുന്നുവെങ്കിലും അതെല്ലാം വിഫലമാവുകയായിരുന്നു.

” ബാഴ്സലോണ പ്രസിഡന്റ്‌ സ്ഥാനാർത്ഥികളിൽ പെട്ട ഒരാൾ അദ്ദേഹം വിജയിച്ചാൽ നെയ്മറെ സൈൻ ചെയ്യുമെന്ന് വാഗ്ദാനം ചെയ്തിട്ടുണ്ട്. പക്ഷെ അദ്ദേഹം ലക്ഷ്യം വെച്ചിട്ടുള്ളത് ഈ ഇലക്ഷൻ പ്രക്രിയകൾക്കിടെ മാധ്യമങ്ങൾക്കിടയിൽ അദ്ദേഹത്തിന്റെ പ്രസിദ്ധി വർധിപ്പിക്കുക എന്നത് മാത്രമാണ്. താൻ പാരീസിൽ സന്തോഷവാനാണ് എന്ന് നെയ്മർ തന്നെ മുമ്പ് പറഞ്ഞതാണ്. മാത്രമല്ല ബാഴ്സലോണ സാമ്പത്തികപ്രതിസന്ധിയിലൂടെയാണ് കടന്നു പോവുന്നത്. മാത്രമല്ല നെയ്മർ പിഎസ്ജി വിടുമെന്നുള്ള കാര്യം നെയ്മറുടെ ഏജന്റോ പിഎസ്ജി ഡയറക്ടറോ ഒന്നും തന്നെ സ്ഥിരീകരിച്ചിട്ടില്ല. എനിക്ക് തോന്നുന്നത് ഇത് കേവലമൊരു മാർക്കറ്റിംഗ് തന്ത്രം മാത്രമാണ് ” റിവാൾഡോ ബെറ്റ്ഫയറിനോട് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *