അതു വെറുംവാക്കാവില്ല, നെയ്മറുടെ പ്രസ്താവന മെസ്സിയെ കുറിച്ച് എല്ലാം അറിഞ്ഞു കൊണ്ട് തന്നെ, റിവാൾഡോ പറയുന്നു !

ചാമ്പ്യൻസ് ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരെയുള്ള മത്സരത്തിന് ശേഷം നെയ്മർ ജൂനിയർ നടത്തിയ പ്രസ്താവന തന്നെയാണ് ഇപ്പോഴും ഫുട്ബോൾ ലോകത്തെ ചർച്ചാവിഷയം. നെയ്മറും മെസ്സിയും പിഎസ്ജിയിൽ ഒരുമിച്ചേക്കുമെന്നുള്ള വാർത്തകളാണ് പ്രചരിച്ചു കൊണ്ടിരിക്കുന്നത്. ഈ വാർത്തകളോട് പ്രതികരിച്ചിരിക്കുകയാണ് മുൻ ബാഴ്‌സ-ബ്രസീൽ ഇതിഹാസതാരം റിവാൾഡോ. മെസ്സിയുടെ ഭാവിയെ കുറിച്ച് അറിഞ്ഞു കൊണ്ടാണ് നെയ്മർ ആ പ്രസ്താവന നടത്തിയത് എന്നാണ് റിവാൾഡോയുടെ അഭിപ്രായം. കഴിഞ്ഞ ദിവസം ബെറ്റ്ഫയറിനോട് സംസാരിക്കുകയായിരുന്നു താരം. മെസ്സിയെ പിഎസ്ജി സൈൻ ചെയ്യാനുള്ള സാധ്യതകളെ കുറിച്ച് അറിവുള്ളതുകൊണ്ടാണ് നെയ്‌മർ അങ്ങനെ പറഞ്ഞത് എന്നാണ് റിവാൾഡോയുടെ പക്ഷം. ഇരുവരും പിഎസ്ജിയിൽ ഒരുമിക്കുകയാണെങ്കിൽ അത്‌ മികച്ച ഒരു കാര്യമാവുമെന്നും റിവാൾഡോ കൂട്ടിച്ചേർത്തു.

” മെസ്സിക്കൊപ്പം വീണ്ടും ഒരുമിച്ച് കളിക്കണമെന്ന് നെയ്മർ പറഞ്ഞിട്ടുണ്ടെങ്കിൽ, തീർച്ചയായും അദ്ദേഹത്തിന് മെസ്സിയെ പിഎസ്ജി സൈൻ ചെയ്യാനുള്ള സാധ്യതകളെ പറ്റി അറിവുണ്ടായിരിക്കണം. സത്യസന്ധമായി പറഞ്ഞാൽ ഇരുവരെയും ഒരിക്കൽ കൂടി ഒരുമിച്ച് കാണുക എന്നുള്ളത് വളരെ മികച്ച ഒരു കാര്യമായിരിക്കും. അത്‌ പിഎസ്ജിയിലാണെങ്കിൽ പോലും. വെറുതെ നെയ്മർ എന്തെങ്കിലും പറയുമെന്ന് എനിക്ക് തോന്നുന്നില്ല. ഒരുപക്ഷെ അദ്ദേഹം മെസ്സിയുമായി ചർച്ചകളോ സംഭാഷണങ്ങളോ നടത്തിയ ശേഷമായിരിക്കും ഇത്തരമൊരു പ്രസ്താവന പുറപ്പെടുവിച്ചിട്ടുള്ളത്.മെസ്സിയും നെയ്മറും സുഹൃത്തുക്കളാണ്. അവർ ഒരുപാട് സംസാരിക്കാറുണ്ട്. അത്കൊണ്ട് തന്നെ മെസ്സിയുടെ കരാർ അവസാനിക്കാനിരിക്കുകയാണ് എന്നുള്ള കാര്യം നെയ്മർക്ക്‌ നന്നായി അറിയാം. എനിക്ക് തോന്നുന്നത് അടുത്ത സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ മെസ്സിയെ സൈൻ ചെയ്യാൻ നെയ്മർ പിഎസ്ജിയിൽ സമ്മർദ്ദം ചെലുത്തുമെന്നാണ് ” റിവാൾഡോ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *