ഓസിലിന് ഓഫറുമായി സൗദി അറേബ്യൻ ക്ലബ്, താരത്തിന്റെ തീരുമാനം ഇങ്ങനെ !

ആഴ്സണൽ സൂപ്പർ താരം മെസ്യുട്ട് ഓസിലിന് വേണ്ടി പുതിയ ഓഫറുമായി സൗദി അറേബ്യൻ ക്ലബ് അൽ നസ്ർ. കഴിഞ്ഞ ദിവസമാണ് അവർ അഞ്ച് മില്യൺ പൗണ്ടിന്റെ ഓഫറുമായി ആഴ്‌സണലിനെ സമീപിച്ചത്. ഇതിന് പുറമെ വമ്പൻ സാലറിയും താരത്തിന് വാഗ്ദാനം ചെയ്തിരുന്നു. രണ്ട് വർഷത്തെ കരാറാണ് അൽ നസ്ർ താരത്തിന്റെ മുന്നിൽ വെച്ചുനീട്ടിയത്. എന്നാൽ ഈ ഓഫർ താരം തന്നെ നിരസിക്കുകയായിരുന്നു. ഏഷ്യയിലേക്ക് മാറാൻ താല്പര്യമില്ല എന്നാണ് താരം ഇതിന് കാരണമായി കണ്ടെത്തിയത്. മുപ്പത്തിയൊന്നുവയസ്സുകാരനായ താരം ആഴ്‌സണലിൽ തന്നെ തുടരാൻ തീരുമാനിക്കുകയായിരുന്നു. അർജന്റൈൻ മാധ്യമമായ ടിവൈസി സ്പോർട്സാണ് ഇക്കാര്യം റിപ്പോർട്ട്‌ ചെയ്തത്. മുമ്പ് തന്നെ താരത്തിന് വേണ്ടി ഈ ക്ലബ് ശ്രമങ്ങൾ ആരംഭിച്ചിരുന്നു. കൂടാതെ ഒരു ഖത്തർ ക്ലബും ഓസിലിന് വേണ്ടി ശ്രമങ്ങൾ നടത്തിയിരുന്നു. എന്നാൽ ഏഷ്യയിലേക്ക് വരാൻ താല്പര്യമില്ല എന്നറിയിച്ചതോടെ ഈ ക്ലബുകളുടെ മോഹം പൊലിഞ്ഞിരിക്കുകയാണ്.

കഴിഞ്ഞ ആറു മാസമായിട്ട് ആഴ്‌സണലിന് വേണ്ടി ഒരു മത്സരം പോലും കളിക്കാൻ സാധിക്കാത്ത താരമാണ്. കഴിഞ്ഞ ദിവസം യൂറോപ്പ ലീഗിനുള്ള 25 അംഗ സ്‌ക്വാഡിൽ താരത്തിന് പരിശീലകൻ ആർട്ടെറ്റ ഇടം നൽകിയിരുന്നില്ല. ഇതോടെ താരത്തിന് ഇനി ആർട്ടെറ്റയുടെ കീഴിൽ കളിക്കുക എന്നുള്ളത് സ്വപ്നം മാത്രമായിരിക്കും. മാർച്ച്‌ ഏഴിനാണ് താരം അവസാനമായി ആഴ്‌സണലിന് വേണ്ടി കളിച്ചത്. അതിന് ശേഷം താരത്തെ പരിഗണിക്കാൻ ആർട്ടെറ്റ തയ്യാറാവാതിരിക്കുകയായിരുന്നു.2013-ലായിരുന്നു താരം ആഴ്‌സണലിൽ എത്തിയത്. 42.5 മില്യൺ പൗണ്ടിനായിരുന്നു താരത്തെ ആഴ്‌സണൽ ക്ലബ്ബിൽ എത്തിച്ചത്. ടീമിൽ ഏറ്റവും കൂടുതൽ പ്രതിഫലം പറ്റുന്ന താരങ്ങളിൽ ഒരാളാണ് ഓസിൽ.

Leave a Reply

Your email address will not be published. Required fields are marked *